നദീജല തര്‍ക്കങ്ങള്‍ക്ക് ഏക ട്രൈബ്യൂണല്‍ രൂപവത്കരിക്കുന്നു

Posted on: August 5, 2013 9:09 am | Last updated: August 5, 2013 at 9:09 am
SHARE

Riverന്യൂഡല്‍ഹി: നിലവിലുള്ള നദീജല തര്‍ക്ക പരിഹാര ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പോരെന്ന വിമര്‍ശങ്ങള്‍ക്കിടെ സര്‍ക്കാര്‍ ഏക, സ്ഥിരം ട്രൈബ്യൂണല്‍ രൂപവത്കരിക്കുന്നു. വിവിധ സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ട നദീജല തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി സ്ഥിരം ട്രൈബ്യൂണല്‍ രൂപവ്തകരിക്കണമെന്ന കാബിനറ്റ് നോട്ട് ജലവിഭവ മന്ത്രാലയത്തിന് അയച്ചു കഴിഞ്ഞു. ഇതിനായി 1956ലെ അന്തര്‍ സംസ്ഥാന നദീജല തര്‍ക്ക നിയമം ഭേദഗതി ചെയ്യും.
നിര്‍ദിഷ്ട സ്ഥിരം ട്രൈബ്യൂണലില്‍ അധ്യക്ഷന്‍, സഹഅധ്യക്ഷന്‍ അടക്കം എട്ട് അംഗങ്ങളാണ് ഉണ്ടാകുക. നിലവിലുള്ള ട്രൈബ്യൂണലുകളില്‍ അംഗങ്ങളായ 70 വയസ്സിന് താഴെയുള്ളവരെ പുതിയ ട്രൈബ്യൂണലില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. മൂന്ന് ബഞ്ചുകളാണ് നിര്‍ദിഷ്ട ട്രൈബ്യൂണലിന് ഉണ്ടാകുക. പരാതി ലഭിച്ചയുടന്‍ അധ്യക്ഷന്‍ അത് പരിശോധിച്ച് അനുയോജ്യമായ ബഞ്ചിന് റഫര്‍ ചെയ്യും. തര്‍ക്കങ്ങള്‍ കെട്ടിക്കിടക്കാതിരിക്കാന്‍, ഏതെങ്കിലും ബഞ്ചില്‍ അംഗങ്ങളുടെ ഒഴിവ് വന്നാല്‍ മറ്റുള്ള ബഞ്ചില്‍ നിന്ന് അംഗങ്ങളെ നിയമിക്കും. തങ്ങളുടെ മുന്നില്‍ വരുന്ന തര്‍ക്കങ്ങളില്‍ ബഞ്ച് രണ്ട് വര്‍ഷത്തിനകം തീര്‍പ്പ് കല്‍പ്പിക്കണം. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇത് മൂന്ന് വര്‍ഷമായേക്കാം. കാവേരി നദീജല തര്‍ക്കം, റാവി ബീസ് തര്‍ക്കം എന്നിവയുടെ നടപടിക്രമങ്ങള്‍ ഏറെ മുന്നോട്ട് പോയതിനാല്‍ ഇവയുടെ ബാക്കി കാര്യങ്ങള്‍ക്കായി പ്രത്യേക ബഞ്ചുകള്‍ രൂപവത്കരിക്കും.
നിരവധി ട്രൈബ്യൂണലുകള്‍ എന്ന നില മാറി ഏക ട്രൈബ്യൂണല്‍ ആകുന്നത് വഴി സമയം ലാഭിക്കാനാകുമെന്നും തീര്‍പ്പുകളില്‍ ഏക രൂപം ഉണ്ടാക്കാനാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ കരുതുന്നു. തര്‍ക്കങ്ങള്‍ ഉയര്‍ന്നു വരുമ്പോഴെല്ലാം പുതിയ ട്രൈബ്യൂണല്‍ രൂപവത്കരിക്കുന്നത് വന്‍ സാമ്പത്തിക ബാധ്യതയാണെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.
‘ഓരോ ട്രൈബ്യൂണല്‍ പ്രവര്‍ത്തിക്കാനും പ്രതിവര്‍ഷം ഒന്നര കോടി മുതല്‍ രണ്ട് കോടി വരെ രൂപ ചെലവാകുന്നുണ്ട്. പലപ്പോഴും ഈ ചെലവ് ഇരട്ടിയാകാറുണ്ട്. അതുകൊണ്ട് സ്ഥിരം സമിതിയെന്നത് സാമ്പത്തികമായി കൂടി നല്ല തീരുമാനമാണെ’ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ട്രൈബ്യൂണലിലെ അംഗങ്ങള്‍ പൊതുവേ ഡല്‍ഹിയില്‍ താമസിക്കാനാണ് ഇഷ്ടപ്പെടാറുള്ളത്. ഇത് ചെലവ് കൂട്ടുന്നു. താമസ സൗകര്യമൊരുക്കാന്‍ ജലവിഭവ മന്ത്രാലയം നന്നേ പാടുപെടാറുണ്ട്. മൂന്ന് വിരമിച്ച ജഡ്ജിമാരടക്കം 30 അംഗങ്ങളാണ് ഓരോ ട്രൈബ്യൂണലിലും ഉള്ളത്. നിര്‍ദിഷ്ട സമിതിയില്‍ അംഗങ്ങളും ജീവനക്കാരും അടക്കം 60ല്‍ താഴെ പേരേ ഉണ്ടാകൂ എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
നിലവിലുള്ള അഞ്ച് ട്രൈബ്യൂണലുകള്‍:
• കാവേരി തര്‍ക്കം: കര്‍ണാടക, തമിഴ്‌നാട്, പോണ്ടിച്ചേരി, കേരളം.
• കൃഷ്ണ തര്‍ക്കം: മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാ പ്രദേശ്.
• മഹാദായി തര്‍ക്കം: കര്‍ണാടക, ഗോവ, മഹാരാഷ്ട്ര
• റാവി- ബീസ് തര്‍ക്കം: ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ്.
• വംശധാരാ തര്‍ക്കം: ആന്ധ്രാ പ്രദേശ്, ഒഡീഷ.