മുല്ലപ്പെരിയാര്‍ ജലനിരപ്പ് 133 അടിയായി

Posted on: August 5, 2013 8:43 am | Last updated: August 5, 2013 at 8:43 am
SHARE

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 133 അടിയായി. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം അണക്കെട്ടിലെ ജലനിരപ്പ് 114.10 അടിയായിരുന്നു.
ഇന്നലെ സെക്കന്‍ഡില്‍ 3066 ഘന അടിവെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോള്‍ 1718 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. ഒരടികൂടി ജലനിരപ്പുയര്‍ന്നാല്‍ മുല്ലപ്പെരിയാറിന്റെ താഴ്‌വരയിലെ ആളുകള്‍ക്ക് ജില്ലാ കലക്ടര്‍ ആദ്യ ജാഗ്രതാ നിര്‍ദേശം നല്‍കും. വരും ദിവസങ്ങളിലും മഴ ശക്തമായി തുടര്‍ന്നാല്‍ പ്രഖ്യാപിത സംഭരണ ശേഷിയായ 136 അടിയിലേക്കെത്തും. ഇതോടെ മുല്ലപ്പെരിയാറില്‍ നിന്ന് ഇടുക്കിയിലേക്ക് നീരൊഴുക്കു തുടങ്ങും. അണക്കെട്ടിലെ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കണമെന്ന് ഇന്നലെ പീരുമേട്ടില്‍ ചേര്‍ന്ന ദുരന്തനിവാരണ സമിതിയോഗത്തില്‍ ആവശ്യം ഉയര്‍ന്നു.
കാലവര്‍ഷത്തില്‍ത്തന്നെ ഇടുക്കി അണക്കെട്ട് നിറയാനുള്ള സാധ്യത മുന്‍നിര്‍ത്തി നടപടിക്രമങ്ങള്‍ സംബന്ധിച്ച് വൈദ്യുതി ബോര്‍ഡ് കൂടിയാലോചന തുടങ്ങി.
നിറയാന്‍ 17 അടിമാത്രം ശേഷിക്കെ മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ചും ആവശ്യം വന്നാല്‍ അണക്കെട്ട് തുറന്നുവിടുന്നതടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ചും വൈദ്യുതി ബോര്‍ഡ് ഗവേഷണ വിഭാഗം ചര്‍ച്ചകള്‍ ആരംഭിച്ചു.
2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. എന്നാല്‍ സുരക്ഷിതത്വം കണക്കിലെടുത്ത് ജലനിരപ്പ് 2401 അടിയിലെത്തിയാല്‍ അണക്കെട്ട് തുറക്കും. 2385.3 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇന്നലെയുള്ള ജലനിരപ്പ്. ഇത് സംഭരണശേഷിയുടെ 79.70 ശതമാനമാണ്.