Connect with us

Sports

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം

Published

|

Last Updated

ഗ്വാംഗ്ഷു: ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കമാകും. ഇന്ന് മുതല്‍ 11 വരെയാണ് ചാമ്പ്യന്‍ഷിപ്പ്. ഏറെ പ്രതീക്ഷയോടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യ സമീപകാലത്തെ ഏറ്റവും മികച്ച സംഘത്തെയാണ് അണിനിരത്തുന്നത്. ലോക മൂന്നാം നമ്പര്‍ താരമായ സൈന നേഹ്‌വാള്‍ നയിക്കുന്ന സംഘത്തില്‍ ലോക പന്ത്രണ്ടാം നമ്പര്‍ താരം പി വി സിന്ധുവും സിംഗിള്‍സില്‍ മത്സരിക്കുന്നുണ്ട്. ഇത് ആദ്യമായാണ് സിന്ധു ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷ പി കശ്യപിലാണ്. സീഡ് ചെയ്യപ്പെടാത്ത അജയ് ജയറാമാണ് പുരുഷ സിംഗിള്‍സില്‍ മത്സരത്തിനിറങ്ങുന്ന മറ്റൊരു ഇന്ത്യന്‍ താരം. വനിതാ ഡബിള്‍സില്‍ പരിചയ സമ്പന്നനായ അശ്വനി പൊന്നപ്പക്കൊപ്പം പ്രദ്‌ന്യ ഗദ്രെയാണ് ഇറങ്ങുന്നത്. 2011ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ജ്വാല ഗുട്ടക്കൊപ്പം ഡബിള്‍സില്‍ വെങ്കലം നേടിയ താരമാണ് അശ്വിനി. എന്‍ സികി റെഡ്ഡി- അപര്‍ണ ബാലന്‍ സഖ്യവും വനിതാ ഡബിള്‍സില്‍ പങ്കെടുക്കുന്നുണ്ട്. പുരുഷ ഡബിള്‍സില്‍ തരുണ്‍ കോന- അരുണ്‍ വിഷ്ണു, അക്ഷയ് ദേവല്‍ക്കര്‍- പ്രണവ് ജെറി സഖ്യങ്ങള്‍ കളത്തിലിറങ്ങും. മിക്‌സ്ഡ് ഡബിള്‍സില്‍ അപര്‍ണ ബാലന്‍- അരുണ്‍ വിഷ്ണു സഖ്യവും അശ്വിനി പൊന്നപ്പ- തരുണ്‍ കോന സഖ്യവുമാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍. അതേസമയം മിക്‌സ്ഡ് ഡബിള്‍സില്‍ ഇന്ത്യന്‍ കരുത്തായിരുന്ന മലയാളി താരം വി ദിജുവും ജ്വാല ഗുട്ടയും ചേര്‍ന്ന സഖ്യം ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയിരുന്നു.
ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ മികച്ച രീതിയിലായിരുന്നുവെന്ന് ദേശീയ പരിശീലകന്‍ പുല്ലേല ഗോപീചന്ദ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ച് ആഴ്ച്ചകളായി മികച്ച പരിശീലനമാണ് ടീം നടത്തുന്നത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരങ്ങള്‍ കടുത്തതായിരിക്കും. നടക്കാനിരിക്കുന്ന മത്സരങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കാനാണ് ടീമംഗങ്ങളോട് ഉപദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2009, 2011 വര്‍ഷങ്ങളിലെ ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടറില്‍ പുറത്തായ സൈന ഇത്തവണ മികച്ച മുന്നേറ്റം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഒരു ടൂര്‍ണമെന്റിലും കിരീടം നേടാന്‍ ഹൈദരാബാദ് താരത്തിനായിട്ടില്ല. എങ്കിലും താന്‍ മികച്ച രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തിയതായി സൈന പറഞ്ഞു. കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും താരം വ്യക്തമാക്കി.
അട്ടിമറികള്‍ സംഭവിച്ചില്ലെങ്കില്‍ സൈന സെമി വരെ ഏറെക്കുറെ അനായാസം മുന്നേറുമെന്ന് കരുതാം. അങ്ങനെയെങ്കില്‍ സൈനയുടെ യഥാര്‍ഥ വെല്ലുവിളി തുടങ്ങുന്നത് സെമിയിലായിരിക്കും. ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേത്രിയായ ചൈനയുടെ ലി സുറേയിയായിരിക്കും അവിടെ സൈനയെ കാത്തിരിക്കുന്നത്.

Latest