Connect with us

Sports

സമാധാനത്തിലേക്ക് ബാഴ്‌സലോണയുടെ ടിക്കി- ടാക്ക

Published

|

Last Updated

filastine

മെസ്സിയടക്കമുള്ള ബാഴ്‌സാ താരങ്ങള്‍ ഗ്യാലറിയെ അഭിവാദ്യം ചെയ്യുന്നു

ജറുസലം: സമാധാനത്തിന്റെ ഫുട്‌ബോള്‍ കാവ്യവുമായി സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ ഫുട്‌ബോള്‍ ക്ലബ് പശ്ചിമേഷ്യയില്‍ പര്യടനം നടത്തുന്നു. ഇസ്‌റാഈല്‍- ഫലസ്തീന്‍ പ്രദേശങ്ങളിലെ അശാന്തമായ അന്തരീക്ഷത്തില്‍ അവര്‍ തങ്ങളുടെ മാന്ത്രിക ഫുട്‌ബോള്‍ കൊണ്ട് ആഘോഷം സൃഷ്ടിക്കുകയാണ്. ബ്രസീല്‍ ക്ലബ് സാന്റോസിനെ സ്വന്തം മണ്ണില്‍ മറുപടിയില്ലാത്ത എട്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് താരങ്ങള്‍ യാത്ര തിരിച്ചത്. ശനിയാഴ്ച ഉച്ച തിരിഞ്ഞ് ഇസ്‌റാഈലില്‍ എത്തിയ ബാഴ്‌സലോണ ടീം പിന്നീട് ഫലസ്തീനിലെ കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ ക്ലിനിക്കില്‍ സമയം ചെലവഴിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസ്സി, ബ്രസീലിന്റെ പുത്തന്‍ താരോദയം നെയ്മര്‍, മധ്യനിരയുടെ കരുത്തന്‍ ഇനിയെസ്റ്റ തുടങ്ങി മുന്‍ താരങ്ങളെല്ലാം പര്യടനത്തിലുണ്ട്.

തന്റെ കൂടെ മൈതാനത്തിറങ്ങിയ കുട്ടികളോടൊപ്പം ഫോട്ടാക്ക് പോസ് ചെയ്യുന്ന മെസ്സി

ബെത്‌ലേഹേമിലെ ക്രിസ്തുവിന്റെ ജന്മ സ്ഥലം സന്ദര്‍ശിച്ച താരങ്ങള്‍ ഫലസ്തീന്‍ പ്രസിഡന്റ് മെഹമ്മൂദ് അബ്ബാസിനെയും നേരില്‍ കണ്ടു. അതിന് ശേഷമാണ് ഫലസ്തീനിലെ 12,000ത്തോളം കുട്ടികള്‍ക്ക് ഫുട്‌ബോളിന്റെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയത്. ടെല്‍ അവീവിലെ ബ്ലൂംഫീല്‍ഡ് സ്റ്റേഡിയത്തില്‍ കുട്ടികള്‍ക്കൊപ്പം ചെറിയ മത്സരം കളിക്കാനും താരങ്ങള്‍ സമയം കണ്ടെത്തി. ഫലസ്തീന്‍ കായിക ചരിത്രത്തിലെ മഹത്തായ സന്ദര്‍ഭമെന്നാണ് ബാഴ്‌സലോണയുടെ വരവിനെ കായിക മന്ത്രലായം വിലയിരുത്തിയത്.

palestine-barcelona-messi
ഇസ്‌റാഈല്‍ പ്രസിഡന്റ് ഷാരോണ്‍ പെരസിനെയും മറ്റ് നേതാക്കന്‍മാരെയും സംഘം സന്ദര്‍ശിക്കും. ഇസ്‌റാഈല്‍- ഫലസ്തീന്‍ ഫുട്‌ബോള്‍ ഫെഡറേഷനുകളും പെരസ് സെന്റര്‍ ഫോര്‍ പീസും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഇസ്‌റാഈല്‍- ഫലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ ഉടനാരംഭിക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ബാഴ്‌സലോണ സംഘത്തിന്റെ വരവ്. യുദ്ധ ഭീതിയില്‍ കഴിയുന്ന ഇരു രാജ്യങ്ങളിലെയും ജനതക്ക് അത് നല്‍കുന്നത് പ്രതീക്ഷകളുടെ ഊര്‍ജമാണ്.