ആസ്‌ത്രേലിയയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Posted on: August 5, 2013 7:58 am | Last updated: August 5, 2013 at 8:01 am
SHARE

Australian-Flag-Mapകാന്‍ബറ: ആസ്‌ത്രേലിയയില്‍ സെപ്തംബര്‍ ഏഴിന് പൊതു തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി കെവിന്‍ റുഡ് പ്രഖ്യാപിച്ചു. മൂന്ന് വര്‍ഷം അധികാരത്തിലിരുന്ന ലേബര്‍പാര്‍ട്ടി നേതാവ് ജൂലിയ ഗില്ലാഡിനെ ആറ് ആഴ്ചമുമ്പാണ് കിവിന്‍ പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് തീയതി ഇ മെയില്‍ വഴിയാണ് കെവിന്‍ അനുയായികളെ അറിയിച്ചത്. മധ്യ ഇടതുപക്ഷ പാര്‍ട്ടിക്കാരനായ റുഡ് 2010ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.
പൊതുജന പിന്തുണയോടെ അദ്ദേഹം തിരിച്ചുവന്നെങ്കിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലുള്ള പ്രതിപക്ഷ നേതാവ് ടോണി അബോട്ടിന് തന്നെയാണ് വിജയ സാധ്യത. 150 അംഗ പാര്‍ലിമെന്റ് സീറ്റില്‍ ഒരു സീറ്റ് നഷ്ടത്തോടെ റുഡിന്റെ ലേബര്‍ സര്‍ക്കാര്‍ വീഴാനാണ് സാധ്യത. പാര്‍ലിമെന്റില്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് 71 സീറ്റും പ്രതിപക്ഷത്തിന് 72 സീറ്റുമാണുള്ളത്.
സ്വതന്ത്രരടക്കം ഏഴ് പേര്‍ മറ്റുള്ളവരുമാണ്. അധികാരത്തിലെത്തിയാല്‍ കല്‍ക്കരി ,ഇരുമ്പ് ഖനന നികുതി 30ശതമാനംവരെ കുറക്കുമെന്നും കാര്‍ബണ്‍ നികുതിയില്‍ ടണ്ണിന് 24.15 ആസ്‌ത്രേലിയന്‍ ഡോളറിന്റെ കുറവ് വരുത്തുമെന്നും അബോട്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്.