സിംബാബ്‌വെ തിരഞ്ഞെടുപ്പ്: ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി

Posted on: August 5, 2013 7:54 am | Last updated: August 5, 2013 at 7:54 am
SHARE

_69100957_morganഹരാരെ: സിംബാബ്‌വെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി മോര്‍ഗന്‍ സ്വാംഗരി. തിരഞ്ഞെടുപ്പിലും വോട്ടെണ്ണലിലും വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മൂവ്‌മെന്റ് ഫോര്‍ ഡെമോക്രാറ്റിക് ചേഞ്ചിനെതിരെ മുന്‍ പ്രസിഡന്റ് മുഗാബെയുടെ പാര്‍ട്ടി 61 ശതമാനം വോട്ടുകള്‍ നേടി വിജയിച്ചതോടെയാണ് പരാജയം അംഗീകരിക്കാതെ ഭരണപക്ഷ പാര്‍ട്ടി നേതൃത്വം രംഗത്തെത്തിയത്. അതിനിടെ, സിംബാബ്‌വെയിലെ തിരഞ്ഞെടുപ്പ് ഫലം ഉത്കണ്ഠാജനകമാണെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ഫല പ്രഖ്യാപനത്തില്‍ നിന്ന് മനസ്സിലാകുന്നതെന്ന് കെറി പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തില്‍ ബ്രിട്ടനും അതൃപ്തി അറിയിച്ചിട്ടുണ്ട്. പാശ്ചാത്യ ശക്തികളുടെ പിന്തുണയുള്ള പാര്‍ട്ടിയാണ് പ്രധാനമന്ത്രിയുടേത്. ബുധനാഴ്ചയാണ് സിബാബ്‌വെയില്‍ തിരഞ്ഞെടുപ്പ് നടന്നത്. ആഫ്രിക്കന്‍ യൂനിയന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും മേല്‍നോട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് അംഗീകരിക്കാനാകില്ലെന്ന് ആഫ്രിക്കന്‍ യൂനിയന്‍ വക്താക്കള്‍ അറിയിച്ചു.