ടുണീഷ്യയില്‍ സര്‍ക്കാര്‍വിരുദ്ധ, അനുകൂല പ്രക്ഷോഭങ്ങള്‍ ശക്തം

Posted on: August 5, 2013 7:51 am | Last updated: August 5, 2013 at 7:51 am
SHARE

download (1)ടുണീസ്: ഈജ്പ്തിലെ പ്രക്ഷോഭത്തിന് സമാനമായി ടുണീഷ്യയിലും സര്‍ക്കാര്‍വിരുദ്ധ, അനുകൂല പ്രകടനങ്ങള്‍ ശക്തമായി. 2011ലെ ജനകീയ വിപ്ലവത്തെ തുടര്‍ന്ന് അധികാരത്തിലേറിയ അന്നഹ്ദ പാര്‍ട്ടിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തെ നേരിടാന്‍ ഭരണപക്ഷ പാര്‍ട്ടിയുടെ അനുയായികള്‍ സര്‍ക്കാര്‍ അനുകൂല പ്രകടനവുമായി രംഗത്തെത്തി.
ഈജിപ്തില്‍ നടന്നത് പോലെയുള്ള രാഷ്ട്രീയ മാറ്റം ടുണീഷ്യയിലുമുണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്നാണ് പ്രക്ഷോഭത്തെ നേരിടാന്‍ അന്നഹ്ദ പാര്‍ട്ടി തീരുമാനിച്ചത്. സര്‍ക്കാര്‍ അനുകൂല മുദ്രാവാക്യം ഉയര്‍ത്തി ലക്ഷക്കണക്കിന് പാര്‍ട്ടി അനുയായികള്‍ കസ്ബാ ചത്വരത്തില്‍ പ്രകടനം നടത്തി. സൈനിക അട്ടിമറി അനുവദിക്കില്ലെന്ന മുദ്രാവാക്യവും ഉയര്‍ത്തി പിടിച്ചായിരുന്നു പ്രകടനം. എന്നാല്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന പ്രകടനം കൂടുതല്‍ ശക്തമായതായി പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു. തലസ്ഥാനമായ ടുണീസില്‍ ഇന്നലെയും പതിനായിരങ്ങള്‍ അണിനിരന്ന പ്രകനടങ്ങള്‍ നടന്നതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ പ്രതിപക്ഷ നേതാവ് മുഹമ്മദ് ഇബ്‌റാഹീം കൊല്ലപ്പെട്ടതോടെയാണ് രാജ്യത്ത് സര്‍ക്കാറിനെതിരായ ജനവികാരം പൊട്ടിപുറപ്പെട്ടത്. പ്രതിപക്ഷത്തിന്റെ പ്രക്ഷോഭത്തിന് രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂനിയനായ യു ജി ടി ടിയുടെ പൂര്‍ണ പിന്തുണയാണ് ഉള്ളത്.
അതിനിടെ, രാജ്യത്തിന്റെ അള്‍ജീരിയന്‍ അതിര്‍ത്തി മേഖലയില്‍ സൈന്യത്തിനെതിരെ അജ്ഞാത സംഘം നടത്തുന്ന ആക്രമണം കൂടുതല്‍ രൂക്ഷമായി. അല്‍ഖാഇദയുമായി ബന്ധമുള്ള സായുധ സംഘങ്ങള്‍ നടത്തിയ ആക്രമണത്തില്‍ വെള്ളിയാഴ്ച എട്ട് സൈനികരടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.