ഇറാനുമേല്‍ ചുമത്തിയ ഉപരോധങ്ങള്‍ ഒഴിവാക്കണം: റൂഹാനി

Posted on: August 5, 2013 7:37 am | Last updated: August 5, 2013 at 7:37 am
SHARE

roohaniടെഹ്‌റാന്‍: ഇറാനുമേല്‍ ചുമത്തിയ ഉപരോധങ്ങള്‍ എടുത്തുകളയാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ തയ്യാറാകണമെന്ന് ഹസന്‍ റൂഹാനി. ഇറാന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പാര്‍ലിമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘നിങ്ങള്‍ (പാശ്ചാത്യ രാജ്യങ്ങള്‍) അനിയോജ്യമായ പ്രതികരണമാണ് ഞങ്ങളില്‍ നിന്ന് ആഗ്രഹിക്കുന്നതെങ്കില്‍ ഉപരോധത്തിന്റെയും ഭീഷണിയുടെയും ഭാഷ അവസാനിപ്പിച്ച് ആദരവിന്റെയും ബഹുമാനത്തിന്റെയും ഭാഷ സ്വീകരിക്കാന്‍ തയ്യാറാകണം.’ റൂഹാനി പറഞ്ഞു. പുതിയ സര്‍ക്കാര്‍ രാജ്യത്തിന്റെ അഭിവൃദ്ധിക്കും പുരോഗമനത്തിനും വേണ്ടിയുള്ളതാകുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.
ജൂണില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 72.7 ശതമാനം വോട്ടുകള്‍ നേടി വിജയിച്ച മിതവാദിയായി അറിയപ്പെടുന്ന റൂഹാനിക്ക് അന്താരാഷ്ട്ര രംഗത്ത് ഇറാന്‍ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഇറാന്റെ മുന്‍ യു എന്‍ പ്രതിനിധി മുഹമ്മദ് ജവാദ് ളരീഫിനെ വിദേശകാര്യ മന്ത്രിയായി ചുമതലപ്പെടുത്തിയ മന്ത്രിസഭയും നിലവില്‍വന്നിട്ടുണ്ട്. മിതവാദികള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതാണ് പുതിയ മന്ത്രിസഭ.
പ്രസിഡന്റായി സ്ഥാനമേല്‍ക്കാനുള്ള ഔദ്യോഗിക അംഗീകാരം ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനഈയില്‍ നിന്ന് കഴിഞ്ഞ ദിവസം റൂഹാനിക്ക് ലഭിച്ചിരുന്നു. ഇന്നലെ ടെഹ്‌റാനിലെ പാര്‍ലിമെന്റില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഖാംനഈ, റൂഹാനിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ മുന്‍ പ്രസിഡന്റ് അഹ്മദി നജാദടക്കമുള്ള രാഷ്ട്രീയ പ്രമുഖരും വിദേശ പ്രതിനിധികളും പങ്കെടുത്തു. ഉത്തര കൊറിയയടക്കം പതിനൊന്ന് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ചടങ്ങിനെത്തിയത്.
തിരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്തവരും ചെയ്യാത്തവരും തന്നെ സംബന്ധിച്ചിടത്തോളം ഇറാന്‍ പൗരന്‍മാരാണെന്നും അവര്‍ക്കുള്ള അവകാശം ലഭിക്കുമെന്നും റൂഹാനി പറഞ്ഞു.