കൊള്ളപ്പലിശക്കാര്‍ക്കെതിരെ നടപടി കര്‍ശനമാക്കാന്‍ ഡിവൈ എസ് പിമാര്‍ക്ക് നിര്‍ദേശം

Posted on: August 5, 2013 12:17 am | Last updated: August 5, 2013 at 12:17 am
SHARE

ഒറ്റപ്പാലം: കൊള്ളപ്പലിശക്കാര്‍ക്കെതിരെ നടപടികള്‍ കൂടുതല്‍ കര്‍ക്കശനമാക്കണമെന്ന് ഡിവൈ എസ് പിമാര്‍ക്ക് നിര്‍ദേശം.
പലിശക്കാര്‍ക്കെതിരായ നടപടികള്‍ കാര്യക്ഷമമാകുന്നില്ലെന്ന് വ്യാപക ആക്ഷേപമാകുകയും രഹസ്യാന്വേഷണ വിഭാഗം ഇത് ശരിവെക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസ് ജില്ലാമേധാവി ഉത്തരവിട്ടത്. പലിശക്കാര്‍ക്കെതിരെ, ബന്ധപ്പെട്ട ഡിവൈ എസ് പിമാര്‍ തന്നെ നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പോലീസ് മേധാവി നിര്‍ദേശം നല്‍കി.
ചില ഉദ്യോഗസ്ഥരുടെ പലിശക്കാരുമായുള്ള ബന്ധംമൂലം നടപടികള്‍ ഉണ്ടാകുന്നില്ലെന്നും ഇത്തരം ഉദ്യോഗസ്ഥരെക്കുറിച്ച് വിവരങ്ങള്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്.
കൊള്ളപ്പലിശക്കാര്‍ക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി നാനൂറിലധികം ആളുകളുടെ പട്ടിക തയാറാക്കിയെങ്കിലും എത്രപേര്‍ക്കെതിരെ നടപടിയും അന്വേഷണവും നടന്നുവെന്നതു ം വ്യക്തമല്ല. ഇതുസംബന്ധിച്ച് കൃത്യമായി ഉത്തരം പറയാന്‍ കഴിയാത്ത സ്ഥിതിയിലാണ് അധികൃതര്‍.
ജില്ലാ പോലീസ് മേധാവി രാജ്പാല്‍ മീണ ഡിവൈ എസ് പിമാരുടെയും സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് കൊള്ളപലിശക്കാരുടെ പട്ടിക തയാറാക്കുകയും ഇതു സംബന്ധിച്ച് അന്തിമ പട്ടികപ്രകാരം നാനൂറിന്പുറത്ത് കൊള്ളപലിശക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉത്തരവു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നടപടികള്‍ കാര്യക്ഷമമായി ഉണ്ടായില്ലെന്നാണ് വിമര്‍ശനം. ജില്ലയില്‍ സമീപകാലത്തായി ഒരു ഡസന്‍ കേസുകളാണ് കൊള്ളപലിശക്കാരുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാനതലത്തില്‍ തന്നെ നിര്‍ദേശമുണ്ട്. കൃത്യസമയത്ത് പലിശ നല്‍കാത്തതിന് വധഭീഷണി, വധശ്രമം, വീടുകയറി ആക്രമണം എന്നീ കുറ്റകൃത്യങ്ങളാണ് പലിശക്കാര്‍ നടത്തുന്നത്.
ആയിരം രൂപക്ക് പത്ത് ദിവസത്തിന് നൂറ്‌രൂപ വാങ്ങുന്നവരുമുണ്ട്. വിവാഹം പോലുള്ള കുടുംബചടങ്ങുകളുമായി ബന്ധപ്പെട്ട് പെട്ടെന്ന് പണത്തിന് ആവശ്യം വരുന്നവര്‍ കൂടുതല്‍ തുക കടം വാങ്ങുന്നതോടെ ബാധ്യതയും ഉയരുന്നു.—കൊള്ളപലിശക്കാര്‍ക്കെതിരെ വരുംദിവസങ്ങളില്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.

 

LEAVE A REPLY

Please enter your comment!
Please enter your name here