ജീവനക്കാരില്ല; വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനം അവതാളത്തില്‍

Posted on: August 5, 2013 12:12 am | Last updated: August 5, 2013 at 12:12 am
SHARE

പാലക്കാട്: ജീവനക്കാരില്ലാത്തത് മൂലം വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനം അവതാളത്തില്‍. അറ്റകുറ്റപ്പണിക്കും മറ്റ് അടിയന്തര ഘട്ടങ്ങളിലും ഉപയോഗിക്കേണ്ട മസ്ദൂര്‍മാരുടെ 1403 ഒഴിവാണ് സംസ്ഥാനത്തുള്ളത്.
ജില്ലയില്‍ നൂറ്റിയമ്പതോളം പേരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. 2010ലാണ് പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചത്. മൂന്ന്‌വര്‍ഷമായിട്ടും പുതിയ ലിസ്റ്റ് വന്നിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് താല്‍ക്കാലിക മസ്ദൂര്‍മാരെ നിയമിക്കുന്നുമില്ല. സബ് എന്‍ജിനിയര്‍ തസ്തികയില്‍ 439 ഒഴിവുകളുണ്ട്. പാലക്കാട്ട് മാത്രം നാല്‍പ്പത് ഒഴിവുകളാണുള്ളത്.
മഴക്കാലമാകുമ്പോള്‍ മരംവീണും അല്ലാതെയുമൊക്കെ വൈദ്യുതിക്കമ്പികള്‍ പൊട്ടുന്നതും വൈദ്യുതിപോസ്റ്റുകള്‍ വീഴുന്നതും പതിവാണ്. അവ ശരിയാക്കാന്‍ ആവശ്യമായ മസ്ദൂര്‍മാരില്ലാത്തതിനാല്‍ ചെറുകിട കരാറുകാരെ ഏല്‍പ്പിച്ചാണ് പണി നടത്തുന്നത്. ഈ കരാറുകാര്‍ക്കും ലക്ഷക്കണക്കിന്‌രൂപ കുടിശ്ശികയാണ്. ഇത് മൂലം കരാറുകാരും വൈദ്യുതി വകുപ്പിന്റെ പണികളില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. ആവശ്യത്തിന് വാഹനമില്ലാത്തതും പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നു.
സെക്ഷന്‍ ഓഫീസുകളില്‍ വാടകക്ക് വാഹനമെടുക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ഈ വാഹനങ്ങള്‍ 1500കിലോമീറ്റര്‍മാത്രമേ ഓടാവൂ എന്നാണ് ഉത്തരവ്. അതിനാല്‍ മഴക്കാലത്തെ അടിയന്തര സാഹചര്യത്തില്‍പോലും ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. നിശ്ചിത ദൂരത്തില്‍ കൂടുതല്‍ ഓടണമെങ്കില്‍ ഉന്നത അധികാരിയില്‍നിന്ന് അനുമതി വാങ്ങണം. എന്നാല്‍ മഴ മാറുന്നത്‌വരെയെങ്കിലും ദൂരപരിധി ഒഴിവാക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെടുന്നു. വിതരണമേഖലയില്‍ സംസ്ഥാനത്ത് എവിടെയും സ്വന്തമായി വാഹനമില്ല. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന വാഹനത്തിന് ഒരു പരിധിയുമില്ല. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ വാഹനം കൊടുക്കാത്തപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്ക് സ്വകാര്യ ആവശ്യങ്ങള്‍ക്കുപോലും വാഹനം വിട്ടുകൊടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here