എന്തുകൊണ്ട് പുതിയ സംസ്ഥാനങ്ങള്‍?

Posted on: August 5, 2013 6:00 am | Last updated: August 4, 2013 at 10:40 pm
SHARE

telanganaഇന്ത്യന്‍ യൂനിയന്റെ ആഭ്യന്തര ഭൂപടം മാറ്റിവരക്കേണ്ടതുണ്ടോ? തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാന്‍ കേന്ദ്ര ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ തീരുമാനിച്ചതോടെ മറ്റിടങ്ങളില്‍ പ്രക്ഷോഭം ശക്തമായത് ഇത്തരമൊരു ചോദ്യത്തെ പ്രസക്തമാക്കുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനി അധിനിവേശം ആരംഭിക്കുന്ന കാലത്ത് അഞ്ഞൂറിലേറെ നാട്ടുരാജ്യങ്ങളുണ്ടായിരുന്നു രാജ്യത്ത്. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇവയില്‍ ഭൂരിഭാഗവും ഇന്ത്യന്‍ യൂനിയനില്‍ ലയിക്കാന്‍ സന്നദ്ധമായി. അതിന് തയ്യാറാകാതിരുന്ന രാജാക്കന്‍മാരില്‍ ചിലരെ പ്രലോഭിപ്പിച്ചും ചിലരെ ബലം പ്രയോഗിച്ചും ലയിപ്പിക്കുകയും ചെയ്തു. ജനങ്ങളുടെ ഇംഗിതങ്ങള്‍ക്കൊപ്പിച്ചുള്ള ഭരണം പ്രാബല്യത്തിലാകുമെന്ന പ്രതീക്ഷ അന്ന് ജനിപ്പിക്കപ്പെട്ടു. പ്രതീക്ഷ അസ്ഥാനത്താകുമെന്ന ആശങ്കയും ഭാഷാ, സംസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുമോ എന്ന സംശയവും വേഗത്തില്‍ തന്നെ ഉയര്‍ന്നതാണ് പോറ്റി ശ്രീരാമുലുവിന്റെ പ്രായോപവേശത്തിലേക്ക് നീണ്ട സമരത്തിന് കാരണമായത്. തെലുഗു സംസാരിക്കുന്ന പ്രദേശങ്ങളെയാകെ ഏകോപിപ്പിക്കുന്ന സംസ്ഥാനം വേണമെന്ന ശ്രീരാമുലുവിന്റെയും കൂട്ടരുടെയും ആവശ്യം അദ്ദേഹത്തിന്റെ മരണത്തോടെ അംഗീകരിക്കപ്പെട്ടു. ബ്രിട്ടീഷ് ഭരണകാലത്തുണ്ടായിരുന്ന അതിര്‍ത്തികള്‍ മാറ്റിവരച്ച്, ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചത് അങ്ങനെയാണ്. 1953ല്‍ സംസ്ഥാന പുനഃസംഘടനാ കമ്മീഷന്‍ രൂപവത്കരിക്കപ്പെട്ടതും 1956ല്‍ കേരളമടക്കം ഭാഷാ സംസ്ഥാനങ്ങള്‍ നിലവില്‍ വന്നതും ചരിത്രം.
തെലുഗു സംസാരിക്കുന്നവന്റെ ഏകീകരണം സാധ്യമാക്കിയ പോറ്റി ശ്രീരാമുലുവിനു ശേഷം വെള്ളിത്തിരയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിവന്ന എന്‍ ടി രാമ റാവുവാണ് തെലുങ്കനെ ആത്മാഭിമാനത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയമായി ഏകോപിപ്പിച്ചത്. അതിനു മുമ്പ് തന്നെ തെലങ്കാന സംസ്ഥാനമെന്ന ആവശ്യവും പ്രക്ഷോഭവും ആരംഭിച്ചിരുന്നു. ആ പ്രക്ഷോഭങ്ങളെ ഒരു പരിധിവരെ അടക്കിനിര്‍ത്താന്‍ തെലുങ്കന്റെ ആത്മാഭിമാനമെന്ന രാമറാവുവിന്റെ മുദ്രാവാക്യത്തിനും അതിന്റെ അടിസ്ഥാനത്തില്‍ രൂപവത്കരിച്ച തെലുഗുദേശം പാര്‍ട്ടിക്കും സാധിച്ചിരുന്നു. തെലുഗു ദേശം പാര്‍ട്ടി ക്ഷീണാവസ്ഥയിലാകുകയും ഭാഷ, ആത്മാഭിമാനം എന്നിവയുടെ വൈകാരികതലങ്ങള്‍ക്കപ്പുറത്ത് ഉപജീവനം പ്രധാനമാകുകയും അതിന് വേണ്ട സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ടെന്ന തോന്നല്‍ ശക്തമാകുകയും ചെയ്തതോടെയാണ് തെലങ്കാനയിലെ ജനത സ്വന്തം സംസ്ഥാനമെന്ന ആവശ്യം വീണ്ടും ശക്തമായി ഉന്നയിക്കാന്‍ തുടങ്ങിയത്. തെലുഗു ദേശം പാര്‍ട്ടിയെ ആദേശം ചെയ്ത് വന്‍ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച വൈ എസ് രാജശേഖര റെഡ്ഢിയുടെ കാലത്ത് ഹൈദരാബാദ് കേന്ദ്രീകരിച്ച് അരങ്ങേറിയ വലിയ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും തെലങ്കാനക്ക് വേണ്ടിയുള്ള മുറവിളിക്ക് ആക്കം കൂട്ടി. തെലങ്കാന മേഖലയുടെ ഭാഗമായ ഭൂപ്രദേശത്തെ ചൂഷണം ചെയ്ത്, രാജശേഖര റെഡ്ഢിയും സഹപ്രവര്‍ത്തകരും സമ്പത്ത് സമാഹരിക്കുന്നതിലുള്ള എതിര്‍പ്പ്. ഇപ്പോള്‍ തെലങ്കാന രൂപവത്കരിക്കുമ്പോള്‍ ഹൈദരാബാദിനെ പൂര്‍ണമായും വിട്ടുകൊടുക്കാതിരിക്കുന്നതിന് പിറകിലുള്ള താത്പര്യവും റിയല്‍ എസ്റ്റേറ്റ് വ്യവസായമല്ലാതെ മറ്റൊന്നല്ല.
ഇതൊക്കെ തന്നെയാണ് പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യപ്പെടുന്ന ഇതര മേഖലകളുടെ സ്ഥിതിയും. മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയെടുക്കാം. വിദര്‍ഭയെ പ്രത്യേക സംസ്ഥാനമാക്കണമെന്ന് ആദ്യത്തെ സംസ്ഥാന പുനഃസംഘടനാ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരുന്നുവെങ്കിലും അംഗീകരിക്കപ്പെട്ടില്ല. കല്‍ക്കരി നിക്ഷേപത്താല്‍ സമ്പന്നമാണ് ഈ പ്രദേശം. മറ്റ് ധാതുക്കളാലും സമ്പന്നമാണ് വിദര്‍ഭ. പരുത്തിയും ഓറഞ്ചും സോയാബീനുമാണ് പ്രധാന കൃഷി. മഹാരാഷ്ട്രക്ക് വേണ്ട വൈദ്യുതി ഉത്പാദിപ്പിച്ച് നല്‍കുന്നതില്‍ പ്രധാന പങ്ക് വിദര്‍ഭയിലെ പ്ലാന്റുകള്‍ക്ക് ഉണ്ടുതാനും. ഭൂവിഭവങ്ങളാല്‍ സമ്പന്നവും കാര്‍ഷികവൃത്തിയാല്‍ സമൃദ്ധവുമായിരുന്ന ഈ മേഖലയില്‍ നിന്ന് ഏതാനും വര്‍ഷം മുമ്പ് ഉയര്‍ന്നുകേട്ടത് കടക്കെണിയില്‍ അകപ്പെട്ട് ആത്മഹത്യ ചെയ്തവരുടെ കണക്കുകളായിരുന്നു. ഇത് പുറത്തു വന്നതിനു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ജനങ്ങളെ സഹായിക്കാന്‍ ഭരണകൂടത്തിന്റെ ഇടപെടലുണ്ടായത്. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് വിദര്‍ഭ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും അതിന്റെ നടത്തിപ്പ് അഴിമതിയിലും ക്രമക്കേടിലും മുങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വിദര്‍ഭയിലെ ജനങ്ങള്‍ക്ക് വേണ്ടത്ര പങ്കാളിത്തമില്ലാതെ, ഉദ്യോഗസ്ഥരുടെ കാര്‍മികത്വത്തില്‍ പാക്കേജ് നടപ്പാക്കപ്പെട്ടതാണ് അഴിമതിക്കും ക്രമക്കേടിനും വഴിവെച്ചത്. ഇവിടുത്തെ ജനങ്ങള്‍ക്ക് പങ്കാളിത്തമുള്ള പദ്ധതി നടപ്പാക്കലുണ്ടാകണമെങ്കില്‍, അവര്‍ക്ക് ഭരണത്തെ സ്വാധീനിക്കാന്‍ സാധിക്കണം. അത്തരമൊരു സാധ്യത, സംസ്ഥാന ഭരണം മുംബൈയില്‍ കേന്ദ്രീകരിക്കുകയും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ അവരിലൂടെ നടപ്പാക്കപ്പെടുകയും ചെയ്യുമ്പോള്‍ അടഞ്ഞതാണ്. അതുകൊണ്ടാണ് വിദര്‍ഭ പ്രത്യേക സംസ്ഥാനമാകണമെന്ന ആവശ്യമുയരുന്നത്.
രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്ന് ഉയരുന്ന പ്രത്യേക സംസ്ഥാന വാദത്തിന്റെയും വിഘടനവാദത്തിന്റെയും അടിസ്ഥാനം മറ്റൊന്നല്ല. വിഭവങ്ങളെ ഭരണകൂടം ചൂഷണം ചെയ്യുകയോ വന്‍കിട കുത്തക കമ്പനികള്‍ക്ക് ചൂഷണം ചെയ്യാന്‍ അവസരം തുറന്നുനല്‍കുകയോ ചെയ്യുമ്പോള്‍ സ്വന്തം ഭൂമിയില്‍ നിന്ന് പറിച്ചെറിയപ്പെടുന്നവരെക്കുറിച്ച് ആരും വേവലാതിപ്പെടാറില്ല. വിഭവചൂഷണത്തിന്റെ ആനുകൂല്യങ്ങളില്‍ നിന്നെല്ലാം അകറ്റി നിര്‍ത്തപ്പെടുന്ന ഇക്കൂട്ടര്‍, ആഭ്യന്തര അഭയാര്‍ഥികളുടെ അന്തസ്സോടെയാകും തുടര്‍ന്ന് ജീവിക്കുക. അതിജീവനത്തിന്റെ സാധ്യതകള്‍ വിരളമാകുകയും ചെയ്യും. ഈ പ്രക്രിയ തുടര്‍ന്ന് ഗത്യന്തരമില്ലാതെയാകുമ്പോഴാണ് സംസ്ഥാനവാദമോ വിഘടനവാദമോ ഒക്കെ അടിസ്ഥാനമായുള്ള സംഘാടനം നടക്കുക. ആ സംഘാടനത്തോടെ തീവ്രവാദികളോ രാജ്യദ്രോഹികളോ ആയി മുദ്രകുത്തപ്പെടുകയും ചെയ്യും ഇക്കൂട്ടര്‍. അല്ലെങ്കില്‍ സൃഷ്ടിക്കപ്പെടുന്ന വംശവെറിയിലൂടെയാകും ഭരണകൂടം ഇവരെ നേരിടുക. അസമില്‍ ബോഡോകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സംസ്ഥാനം രൂപവത്കരിക്കണമെന്ന ആവശ്യത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്. ഈ ആവശ്യത്തോട് പ്രതിലോമകരമായി പ്രതികരിച്ച ഭരണകൂടം, അവിടെ ബോഡോകളും ന്യൂനപക്ഷ വിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതില്‍ വിജയിച്ചതിന്റെ ബാക്കിപത്രമാണ് അടുത്തിടെ അരങ്ങേറിയ വംശഹത്യാ ശ്രമം.
ഇത്തരം സങ്കീര്‍ണമായ സാഹചര്യങ്ങള്‍ക്ക് അടിസ്ഥാനം ആദ്യത്തെ സംസ്ഥാന പുനഃസംഘടന തന്നെ വേണ്ടവിധത്തിലായില്ല എന്നതാണ്. പഞ്ചാബില്‍ ഒരു കാലത്ത് ശക്തമായ തീവ്രവാദത്തിന്റെ കാരണങ്ങളിലൊന്ന് പഞ്ചാബി ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളെയാകെ ആ സംസ്ഥാനത്തിന്റെ ഭാഗമാക്കണമെന്ന ആവശ്യമായിരുന്നു. തങ്ങളുടെ സംസ്ഥാനത്തിന് സ്വന്തമായി തലസ്ഥാനം വേണമെന്നതും. ഇപ്പോഴും ഈ ആവശ്യങ്ങള്‍ നിലനില്‍ക്കുകയാണ്. പഞ്ചാബി സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ ഇപ്പോഴും പൂര്‍ണമായി ഏകീകരിക്കപ്പെട്ടിട്ടില്ല. ഹരിയാനയുടെയും പഞ്ചാബിന്റെയും സംയുക്ത തലസ്ഥാനമായി ചണ്ഡീഗഢ് തുടരുകയും ചെയ്യുന്നു. രണ്ട് സംസ്ഥാനങ്ങള്‍ക്കായി ഹൈക്കോടതിയും ഒന്നേയുള്ളൂ. ഇനി ഇക്കാര്യത്തിലൊരു തീരുമാനമെടുക്കണമെങ്കില്‍ ഹരിയാനക്കാരുടെയും പഞ്ചാബുകാരുടെയും ഏകാഭിപ്രായമുണ്ടാക്കണം. അത് അസാധ്യമായ ഒന്നാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ ഇടയില്ല. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവത്കരിച്ച്, ഫെഡറല്‍ ഭരണക്രമം ആവിഷ്‌കരിച്ചതിനു ശേഷം ഹിന്ദി പഠനം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതിന്റെ തിക്തഫലം കണ്ടത് തമിഴ്‌നാട്ടിലായിരുന്നു. അഞ്ഞൂറോളം ജീവന്‍ പൊലിഞ്ഞ പ്രക്ഷോഭത്തിനാണ് തമിഴ് മണ്ണ് സാക്ഷിയായത്. ഭാഷ, സംസ്‌കാരം, വംശം എന്നിവയിലെ വൈവിധ്യമോ അത് ആവശ്യപ്പെടുന്ന അംഗീകാരമോ മനസ്സിലാക്കാതെയുള്ള നീക്കങ്ങളാണ് ഭരണവര്‍ഗം നടത്തിയിരുന്നത് എന്ന് ചുരുക്കം. അത് ഇപ്പോഴും തുടരുന്നുവെന്നതു കൊണ്ടാണ് സംസ്ഥാന പുനഃസംഘടനക്കായി മറ്റൊരു കമ്മീഷനെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ശങ്കാലേശമില്ലാതെ പറയുന്നത്. രാഷ്ട്രീയനേട്ടവും വിഭവ ചൂഷണത്തിന്റെ അനന്ത സാധ്യതകളും മുന്‍നിര്‍ത്തിയുള്ള നീക്കങ്ങള്‍ മാത്രമേ നമ്മെ ഭരിക്കുന്നവര്‍ സ്വീകരിക്കാറുള്ളൂ.
ഇപ്പോള്‍ തെലങ്കാന പോലും രാഷ്ട്രീയ നേട്ടം ലാക്കാക്കിയുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നീക്കം മാത്രമാണ്. വിഭജനത്തില്‍ പ്രതിഷേധിച്ച് എന്ന പേരില്‍ അരങ്ങേറുന്ന രാജി വെക്കലുകള്‍ പോലും ഈ നാടകത്തിന്റെ മറ്റൊരു അങ്കം മാത്രം. തെലങ്കാന അനുവദിക്കുന്നതോടെ തെലങ്കാന രാഷ്ട്ര സമിതി, കോണ്‍ഗ്രസില്‍ ലയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ മേഖലയിലെ ലോക്‌സഭാ സീറ്റുകളൊന്നാകെ കോണ്‍ഗ്രസിന് ലഭിക്കും. ലയനമുണ്ടായില്ലെങ്കില്‍ തെലങ്കാന രാഷ്ട്ര സമിതി, യു പി എയുടെ ഭാഗമായി നിന്നാലും മതി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാകും. ഇത് പക്ഷേ, തീര ആന്ധ്ര, റായലസീമ മേഖലകളില്‍ നഷ്ടമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നു. അത് പരമാവധി ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് രാജി നാടകങ്ങള്‍. ഐക്യ ആന്ധ്രക്ക് വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്ന് തീര ആന്ധ്രയിലെയും റായലസീമയിലെയും ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. അതുവഴി അടുത്ത തിരഞ്ഞെടുപ്പിലെ ജയസാധ്യത നിലനിര്‍ത്തുകയും. രാജി ഭീഷണി മുഴക്കുന്നവര്‍, തെലങ്കാന രൂപവത്കരണത്തെ യഥാര്‍ഥത്തില്‍ എതിര്‍ക്കുന്നുവെങ്കില്‍, അത്തരമൊരു തീരുമാനമെടുത്ത കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ പാര്‍ട്ടി തീരുമാനത്തെ വെല്ലുവിളിച്ച് രാജി ഭീഷണി മുഴക്കുന്നവരെ കോണ്‍ഗ്രസ് പുറത്താക്കണം. രണ്ടും സംഭവിക്കുന്നില്ല, സംഭവിക്കുകയുമില്ല. സ്ഥാനസംരക്ഷണം ജനപ്രതിനിധികളുടെയും അധികാര സംരക്ഷണം കോണ്‍ഗ്രസിന്റെയും ലക്ഷ്യമാകുമ്പോള്‍ ഈ കളി തന്നെയാണ് ഉചിതം.
ഇതിലപ്പുറമുള്ള താത്പര്യമില്ലാത്തതുകൊണ്ടാണ് പുനഃസംഘടനാ കമ്മീഷനെ നിയോഗിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ യൂനിയനും ഫെഡറല്‍ ഭരണക്രമമെന്ന പ്രഹസനവും ഇന്നത്തെ നിലയില്‍ തുടരേണ്ടത്, ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ നിലവിലുള്ള സര്‍ക്കാറിന്റെയും അതിനെ ഉപയോഗിച്ച് കൊള്ളലാഭമുണ്ടാക്കാന്‍ ലക്ഷ്യമിടുന്ന കോര്‍പ്പറേറ്റ് കമ്പനികളുടെയും താത്പര്യമാണ്. അതുതന്നെയാണ് അടുത്തകുറി അധികാരത്തിലെത്തുമെന്ന് മനഃപായസമുണ്ണുന്ന ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എയുടെയും അവസ്ഥ.
ഒന്നുറപ്പ്, പുതിയ സംസ്ഥാനം ആവശ്യപ്പെട്ട് ശക്തിയാര്‍ജിക്കുന്ന പ്രക്ഷോഭം, മണ്ണിനെ ചുവപ്പിക്കും. ആ ചോരക്ക് വലിയ വില ഭരണകൂടം കല്‍പ്പിക്കുകയുമില്ല.

 

[email protected]

LEAVE A REPLY

Please enter your comment!
Please enter your name here