Connect with us

Editorial

തടവറകളിലെ അവകാശലംഘനങ്ങള്‍

Published

|

Last Updated

സംസ്ഥാനത്തെ ജയിലുകളില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ അരങ്ങേറുന്നതായി അടുത്തിടെ വെളിപ്പെടുത്തിയത് ദേശീയ മനുഷ്യാവകാശ കമ്മീഷനംഗം ജസ്റ്റീസ് സിറിയക് ജോസഫാണ്. പൗരന് ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചുനല്‍കുന്ന വ്യത്യസ്തങ്ങളായ സ്വാതന്ത്രങ്ങളുടെ രഹസ്യമായ ലംഘനമാണ് ജയിലുകളില്‍ വ്യാപകമായി നടക്കുന്നത്. നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ചതിന്റെയും നിയമലംഘനം നടത്തിയതിന്റെയും പേരില്‍ പോലീസ് പിടിച്ച് അകത്തിടുന്ന തടവുപുള്ളികള്‍ക്ക് നേരെയാണ് ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥര്‍ മറ്റൊരു രീതിയിലുള്ള നിയമലംഘനം നടത്തുന്നത് എന്നത് ഏറെ ഗൗരവതരമാണ്. വേലി തന്നെ വിള തിന്നുക എന്ന പഴഞ്ചൊല്ലിനെ അനുസ്മിരിപ്പിക്കുന്നതാണ് ഈ നടപടി. നിയമം ലംഘിച്ച് അകത്തെത്തുന്നവര്‍ക്ക് നേരെ സമാനമായ നിയമലംഘനം നടത്തുകയും അവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയും ചെയ്യുന്നത് കേരളം പോലെ സംസ്‌കാരികമായി ഉന്നതി പുലര്‍ത്തുന്ന സംസ്ഥാനത്തെ അധികൃതര്‍ക്ക് ഒട്ടും യോജിച്ചതല്ല.
ജയിലുകളില്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ പലപ്പോഴും പുറംലോകം അറിയാതെ പോകുകയാണ്. നിയമത്തിന്റെ നൂലാമാലകളറിയാത്ത തടവുപുള്ളികള്‍ക്ക് ഇത്തരം ലംഘനങ്ങള്‍ നല്‍കുന്ന കൊടിയ ദുരിതങ്ങള്‍ ചെറുതല്ല. ചെയ്ത കുറ്റത്തിന് ലഭിക്കാവുന്ന ശിക്ഷയുടെ കാലാവധി കഴിഞ്ഞിട്ടും മോചനം ലഭിക്കാതെ ഒട്ടേറെ പേര്‍ ജയിലുകളിലുണ്ടെന്നതാണ് ജസ്റ്റീസ് സിറിയക് ജോസഫിന്റെ വെളിപ്പെടുത്തലിലെ പ്രധാന കണ്ടെത്തല്‍. ഇത്തരം സംഭവങ്ങള്‍ കേരളീയരെ സംബന്ധിച്ചിടത്തോളം ആദ്യത്തെയോ അപൂര്‍വമോ ആയ സംഭവമല്ലെങ്കിലും നിയമ പരിരക്ഷ ലഭിക്കേണ്ട തടവുപുള്ളികള്‍ക്ക് ഇത് ലഭിക്കാതെ പിന്നെയും പൊതുസമൂഹത്തിന്റെ മുന്നില്‍ ജയില്‍പ്പുള്ളികളായി കഴിയേണ്ടിവരുന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഇത്തരം സംഭവങ്ങളില്‍ അധികൃതരുടെ നിലാപാടാണ് കൂടുതല്‍ കുറ്റകരം. തടവുപുള്ളികളെ കോടതിയില്‍ ഹാജരാക്കാന്‍ സാധിക്കാത്തതാണ് ഇവരുടെ ജയില്‍വാസം നീണ്ടുപോകാനുള്ള കാരണമെന്ന് നിസ്സാരമായി തള്ളിക്കളയുകയാണ് ഇവര്‍. കോടതിയില്‍ കേസ് വരുന്ന ദിവസം തടവുപുള്ളികളെ ഹാജരാക്കാതിരുന്നതിന് ജയില്‍ അധികൃതര്‍ നല്‍കിയ മറുപടി അന്നേ ദിവസങ്ങളില്‍ എസ്‌കോര്‍ട്ടിന് പോലീസില്ലായിരുന്നുവെന്നാണ്. തടവുപുള്ളികളുടെ കാര്യത്തില്‍ കോടതികളില്‍ നിന്നും സര്‍ക്കാറില്‍ നിന്നും കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകണമെന്നും ജാമ്യം അനുവദിക്കുന്ന വിഷയത്തില്‍ ജഡ്ജിമാര്‍ ക്രിയാത്മക സമീപനം സ്വീകരിക്കേണ്ടതുണ്ടെന്നും ജയില്‍ സന്ദര്‍ശനം നടത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റീസ് സിറിയക് തോമസ് ചൂണ്ടിക്കാട്ടിയത് തടവുകാര്‍ അനുഭവിക്കുന്ന വിവിധ തരത്തിലുള്ള അവകാശ ലംഘനങ്ങളെ കുറിച്ചുള്ള നമ്മുടെ ജാഗ്രതക്കുറവിനെ സൂചിപ്പിക്കുന്നതാണ്.
തടവുപുള്ളികള്‍ക്കെതിരെ പോലീസ് നടത്തുന്ന മൂന്നാം മുറയെ തുടര്‍ന്ന് നിരവധി പേര്‍ കസ്റ്റഡിയില്‍ മരിച്ചതും ഇതിനോട് ചേര്‍ത്ത് വായിക്കണം. ഭരണഘടനാവിരുദ്ധമായി അധികൃതര്‍ തന്നെ തടവുപുള്ളികളോട് പെരുമാറുന്നതിലെ വൈരുദ്ധ്യം തിരിച്ചറിയണം. തിരുവനന്തപുരത്തെ ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഉദയകുമാര്‍ എന്ന വ്യക്തിയെ ഉരുട്ടിക്കൊലപ്പെടുത്തിയതും പാലക്കാട്ടെ സമ്പത്തിന്റെ കസ്റ്റഡി മരണവും കേരളത്തിലെ ജയില്‍, പോലീസ് അധികൃതര്‍ക്ക് വരുത്തിവെച്ച മാനക്കേട് ചില്ലറയായിരുന്നില്ല.
കേരളത്തിലെ പല ജയിലുകളിലും തടവില്‍ പാര്‍പ്പിക്കാവുന്ന കുറ്റവാളികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് നിലവിലെ അവസ്ഥ. മുന്‍ വര്‍ഷങ്ങളിലെ പല അന്വേഷണക്കമ്മീഷനുകളും ഇക്കാര്യം വ്യക്തമായി സര്‍ക്കാറിനെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതുമൂലം പലപ്പോഴും തടവുപുള്ളികള്‍ പരസ്പരം ശാരീരിക മര്‍ദനത്തിനും മറ്റുതരത്തിലുള്ള പീഡനങ്ങള്‍ക്കും ഇരകളാകുന്നു. ജയില്‍ നിയമം അനുശാസിക്കുന്ന പല പരിഗണനകളും ഇവര്‍ക്ക് ലഭിക്കാതെ പോകുന്നു. ജയിലുകളിലെ അവസ്ഥ, ജയില്‍ അധികൃതരുടെ സമീപനം, തടവുപുള്ളികളുടെ അവകാശങ്ങളെ കുറിച്ച് അവരെ സ്വയം ബോധ്യപ്പെടുത്തല്‍, ജയില്‍ ജീവനക്കാരുടെ ആധുനികവത്കരണം തുടങ്ങിയ നിരവധി മേഖലകള്‍ ഇനിയും പുരോഗമിക്കേണ്ടതുണ്ട്.
1980-83 കാലയളവില്‍ മല്ലു കമ്മീഷന്‍ നടത്തിയ അന്വേഷണം ജയിലില്‍ തടവുപുള്ളികള്‍ അനുഭവിക്കുന്ന അവകാശലംഘനങ്ങള്‍ വളരെ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. കാലോചിതമായി ജയിലിലും ജയില്‍ ഭരണത്തിലും വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും ജയിലിലെ തടവുപുള്ളികളോടുള്ള പെരുമാറ്റത്തിലും അവരുടെ അവകാശങ്ങളെ വകവെച്ചുകൊടുക്കുന്നതിലും ജയിലധികൃതരുടെ ഭാഗത്തുനിന്നുണ്ടാകേണ്ട പുതിയ കാഴ്ചപ്പാടും ഈ അന്വേഷണക്കമ്മീഷന്‍ അവരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം നിരവധി കമ്മീഷനുകളുടെ അന്വേഷണത്തില്‍ മാത്രമാണ് കാര്യങ്ങള്‍ അവസാനിക്കുന്നത്. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറോ ജയിലധികൃതരോ കാര്യമായി മുന്നിട്ടിറങ്ങിയിട്ടില്ലെന്ന് വേണം കരുതാന്‍. എന്തായാലും അടിയന്തരാവസ്ഥക്കാലത്തും അതിന് ശേഷവും നടന്നതുപോലുള്ള കൊടും പീഡനങ്ങള്‍ ഇപ്പോള്‍ വ്യാപകമായി അരങ്ങേറുന്നില്ലെന്ന് സമാധാനിക്കാം. എങ്കിലും ഇപ്പോഴും ചില അനിഷ്ട സംഭവങ്ങള്‍ ജയിലുകളെ സംബന്ധിച്ചും തടവില്‍ക്കഴിയുന്നവരെ കുറിച്ചും കേള്‍ക്കുന്നത് ശുഭകരമല്ല.
ജയില്‍പുള്ളികളായതിന്റെ പേരില്‍ മാത്രം അവകാശലംഘനത്തിന് ഇരയാകണമെന്ന് ഭരണഘടന അനുശാസിക്കുന്നില്ല. ഏതൊരു പൗരനുമുള്ളതുപോലെ ഭരണഘടന അവര്‍ക്കും കൃത്യമായ അവകാശങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്നുണ്ട്. തടവില്‍ കഴിയുന്ന ഏതെങ്കിലും കുറ്റവാളിക്ക് ജയിലധികൃതരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള ശിക്ഷ നടപ്പാക്കാനും നിയമമില്ല. എല്ലാം കോടതിയുടെ മേല്‍നോട്ടത്തിലും വിധിയിലുമായിരിക്കണമെന്നാണ് നിയമം. ജാമ്യം അനുവദിക്കുക, കോടതിയില്‍ ഹാജരാക്കുക ഉള്‍പ്പെടെയുള്ള അവരുടെ അവകാശങ്ങള്‍ ലംഘിക്കുന്നവരെ നിയമത്തിന് മുമ്പില്‍ ഹാജരാക്കിയേ മതിയാകൂ.

Latest