മെട്രോയിലെ ലുങ്കി വിവാദം: അന്വേഷണം നടത്തുമെന്ന് ആര്‍ ടി എ

Posted on: August 4, 2013 8:34 pm | Last updated: August 4, 2013 at 8:34 pm
SHARE

ദുബൈ: മെട്രോയില്‍ ലുങ്കി ധരിച്ച് യാത്രചെയ്യാന്‍ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് ആര്‍ ടി എ ഒപറേഷന്‍സ് ഡയറക്ടര്‍ റമദാന്‍ അബ്ദുല്ല വ്യക്തമാക്കി. ഇത്തിസലാത്ത് മെട്രോ സ്‌റ്റേഷനില്‍ മകള്‍ക്കൊപ്പം മുണ്ട് ഉടുത്ത് എത്തിയ 67 കാരനെ പോലീസ് യാത്രചെയ്യാന്‍ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ദുബൈ മെട്രോയില്‍ പ്രത്യേക ഡ്രസ് കോഡ് ഇല്ലെന്നും സംഭവം അല്‍ഭുതപ്പെടുത്തുന്നതാണെന്നും ആര്‍ ടി എ പ്രതികരിച്ചത്.
ഇത് ഒറ്റപ്പെട്ട സംഭവമാണ്. ഇത്തരം ഒരു നീക്കം ആര്‍ ടി എയുടെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാവില്ല. ചില വ്യക്തികളുടെ തീരുമാനങ്ങളാണിത്. ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് നടപടി സ്വീകരിക്കും. ദേഹം മാന്യമായി മറക്കപ്പെടുന്ന എന്തും മെട്രോയില്‍ അനുവദനീയമാണെന്നും ഡയറക്ടര്‍ വിശദീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ട് നേരിട്ടവര്‍ ആര്‍ ടി എയെ സമീപിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സന്ദര്‍ശന വിസയില്‍ മകളുടെ അടത്ത് എത്തിയ വൃദ്ധനെയാണ് ലുങ്കിയുടുത്ത് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി മെട്രോയുടെ കാര്‍ഡ് പഞ്ചിംഗ് ഗേറ്റിലുള്ള പോലീസുകാരന്‍ തിരിച്ചയച്ചത്. ഇതുമായി ബന്ധപ്പെട്ട് മകള്‍ മധുമതിയാണ് പരാതിയുമായി ആര്‍ ടി എ യെ സമീപിച്ചത്.
പഞ്ചിംഗ് ഗേറ്റില്‍ പോലീസുകാരന്‍ ഈ വസ്ത്രം ധരിച്ച് മെട്രോയില്‍ യാത്ര ചെയ്യാന്‍ സാധിക്കില്ലെന്ന് കണിശമായി പറയുകയായിരുന്നുവെന്ന് മധുമതി വെളിപ്പെടുത്തി. കുറേ സമയം പോലീസുകാരന് വസ്ത്രത്തെക്കുറിച്ച് വിശദീകരണം നല്‍കിയിട്ടും നിലപാടില്‍ മാറ്റമില്ലാത്തതിനാല്‍ തിരിച്ചുപോരേണ്ടി വന്നുവെന്നും സമയത്ത് ബുര്‍ജ് ഖലീഫയില്‍ സന്ദര്‍ശനത്തിന് എത്താന്‍ സാധിച്ചില്ലെന്നു ഇവര്‍ പറഞ്ഞു. സംഭവത്തിന് മുമ്പും ശേഷവും അച്ഛന്‍ മെട്രോയില്‍ യാത്ര ചെയ്തിട്ടുണ്ട്. ഒരിടത്തും തടഞ്ഞുവെച്ച അനുഭവം ഉണ്ടായിട്ടില്ല. യു എ ഇ കാണാനായാണ് ഞാന്‍ അദ്ദേഹത്തെ കൊണ്ടുവന്നത്. ശൈഖ് സായിദ് മസ്ജിദ്, ബുര്‍ജ് ഖലീഫ, മദീനത്ത് ജുമൈറ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതും ഇതേ വസ്ത്രം ധരിച്ചായിരുന്നുവെന്നും മധുമതി വിശദീകരിച്ചു.