മന്ത്രിസഭാ പുനഃസംഘടന: തടസ്സം ലീഗാണെന്ന വാദം തെറ്റ്: ഇ ടി

Posted on: August 4, 2013 12:50 pm | Last updated: August 4, 2013 at 9:19 pm
SHARE

iuml meeting

മലപ്പുറം: രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം തടസ്സപ്പെട്ടത് ലീഗ് കാരണമാണെന്ന വാദം നീതികരിക്കാനാവാത്തതാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍. മുസ്ലിംലീഗ് സംസ്ഥാന നേതൃ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപമുഖ്യമന്ത്രി പദം സംബന്ധിച്ച് ലീഗ് നിലപാട് വ്യക്തമാക്കിയതാണ്. ഈ വിഷയം സംബന്ധിച്ച് ഹൈക്കമാന്റ് ലീഗുമായി ചര്‍ച്ച നടത്തിയിട്ടില്ല. ഞങ്ങളോട് അഭിപ്രായം ചോദിച്ചാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഫോര്‍മുല ലീഗിന് പറയാനുണ്ടായിരുന്നു.

പുതുതായി തങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ല. ലീഗ് കാരണമാണ് പുനഃസംഘടന തടസ്സപ്പെട്ടതെന്ന് പറയുന്നവരെ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മുസ്ലിംലീഗ് നേരത്തെ ഉന്നയിച്ച പരാതികള്‍ പരിഹരിക്കപ്പെടാതെ തുടരുകയാണ്. നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗസ്റ്റ് ഒന്‍പതിന് കോഴിക്കോട് സെക്രട്ടറിയേറ്റ് യോഗം വിളിച്ചിട്ടുണ്ട്.

ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോവാനാണ് ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. മുസ്ലിംലീഗ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഹൈക്കമാന്റ് ഇടപെടണമെന്ന ലീഗിന്റെ ആവശ്യം ഹൈക്കമാന്റ് കേട്ടതായിപ്പോലും നടിച്ചിട്ടില്ല. ഇതും ലീഗിനെ പ്രകോപിപ്പിക്കുന്നു.

ലീഗും മാണി വിഭാഗവും അടക്കമുള്ള പ്രധാന ഘടക കക്ഷികള്‍ എതിര്‍പ്പുമായി രംഗത്ത് വന്നത് മുഖ്യമന്ത്രിയെ ശക്തമായ പ്രതിസന്ധിയിലാക്കും എന്ന് ഉറപ്പാണ്.