Connect with us

National

ഡീസല്‍ വില കൂട്ടാന്‍ ആസൂത്രണ കമ്മീഷന്‍ ശിപാര്‍ശ

Published

|

Last Updated

ന്യൂഡല്‍ഹി: ഡീസല്‍ വില വര്‍ധിപ്പിക്കണമെന്ന് ആസൂത്രണ കമ്മീഷന്‍ ശിപാര്‍ശ ചെയ്തു. ലിറ്ററിന് രണ്ട് മുതല്‍ മൂന്ന് വരെ രൂപ വര്‍ധിപ്പിക്കണമെന്നാണ് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേഗ് സിംഗ് അലുവാലിയ പ്രധാനമന്ത്രിയോട് ശിപാര്‍ശ ചെയ്തത്.
ഇതോടൊപ്പം സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ ഉയര്‍ത്താനും കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. എണ്ണയുടെയും സ്വര്‍ണത്തിന്റെയും ഇറക്കുമതി കുറയാത്തതു കാരണം കറന്റ് അക്കൗണ്ട് കമ്മി കുറക്കാനുള്ള ശ്രമങ്ങള്‍ ഫലവത്താകാത്ത സാഹചര്യത്തിലാണ് ഡീസല്‍ വില ഒറ്റയടിക്ക് വര്‍ധിപ്പിക്കാന്‍ ആസൂത്രണ കമ്മീഷന്‍ ആവശ്യപ്പെട്ടത്.
നിലവില്‍ ഓരോ മാസവും ഡീസല്‍ ലിറ്ററിന് 50 പൈസ വീതം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ എണ്ണക്കമ്പനികളെ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പോരെന്നും എണ്ണക്കമ്പനികള്‍ ഇപ്പോഴും ലിറ്ററിന് 9.28 രൂപ നഷ്ടത്തിലാണ് വില്‍ക്കുന്നതെന്നും കമ്മീഷന്‍ അധ്യക്ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നഷ്ടം സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കേണ്ടി വരുന്നു. ഇതിലൂടെയുണ്ടാകുന്ന സാമ്പത്തിക ബാധ്യത കുറക്കുക എന്നതാണ് വില കൂട്ടാനുള്ള തീരുമാനത്തിന് പിന്നില്‍.
രാജ്യത്ത് നിലവിലുള്ള കയറ്റുമതി വരുമാനവും ഇറക്കുമതി ചെലവും തമ്മിലുള്ള അന്തരം കുറക്കാന്‍ വേണ്ടിയാണ് സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കാന്‍ അലുവാലിയ പ്രധാനമന്ത്രിയോട് ശിപാര്‍ശ ചെയ്തത്. നിലവില്‍ എട്ട് ശതമാനമാണ് സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ. ഇത് ആറ് മാസത്തേക്ക് പത്ത് ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്തണം. രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ആസൂത്രണ കമ്മീഷന്റെ ശിപാര്‍ശകള്‍.
ലോകത്തില്‍ ഏറ്റവുമധികം സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജനങ്ങള്‍ സ്വര്‍ണം വാങ്ങുന്നത് കുറക്കണമെന്ന് കേന്ദ്രം നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇപ്പോഴും ആളുകള്‍ സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് പിന്നോട്ടുപോയില്ലെന്നും അലുവാലിയ പ്രധാനമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂലൈ 31നാണ് പെട്രോളിന് ലിറ്ററിന് 70 പൈസയും ഡീസലിന് 50 പൈസയും വര്‍ധിപ്പിച്ചത്. ആഗോള വിപണിയില്‍ ഡോളറിന്റെ മൂല്യം കുത്തനെ കൂടുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തതിനെ തുടര്‍ന്നാണ് വില വര്‍ധിപ്പിച്ചത്. കഴിഞ്ഞ 14ാം തീയതി പെട്രോളിന് 1.55 പൈസ കൂട്ടിയിരുന്നു. ഒന്നര മാസത്തിനിടെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില ലിറ്ററിന് ആറര രൂപയാണ് വര്‍ധിപ്പിച്ചത്. ജൂണ്‍ ഒന്നിന് 75 പൈസയും ജൂണ്‍ 15ന് രണ്ട് രൂപയും ജൂണ്‍ 28ന് 1.82 രൂപയും വര്‍ധിപ്പിച്ചിരുന്നു. 2010ല്‍ എണ്ണ വില നിയന്ത്രണം എടുത്തുമാറ്റിയ ശേഷം രണ്ടാഴ്ച ഇടവേളകളില്‍ വില പുനഃപരിശോധിച്ചു വരുന്നുണ്ട്.

---- facebook comment plugin here -----

Latest