ഇടതുമുന്നണി രാപ്പകല്‍ സമരം ഇന്ന് അവസാനിക്കും

Posted on: August 4, 2013 7:18 am | Last updated: August 4, 2013 at 7:18 am
SHARE

കണ്ണൂര്‍: സോളര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ തട്ടിപ്പ് പുറത്താകുമെന്ന ഭയം കാരണമാണ് രമേശ് ചെന്നിത്തലക്ക് ആഭ്യന്തരവകുപ്പ് വിട്ടുകൊടുക്കാന്‍ ഉമ്മന്‍ചാണ്ടി സമ്മതിക്കാത്തതെന്ന് സി പി ഐ നേതാവ് ഇ ചന്ദ്രശേഖരന്‍ എം എല്‍ എ പറഞ്ഞു. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ നടത്തിവരുന്ന രാപകല്‍ സമരത്തിന്റെ പതിനൊന്നാം ദിവസം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും പങ്ക് വ്യക്തമായി ആഭ്യന്തര വകുപ്പിനറിയാം. ആ ബോംബും കൈയില്‍ വെച്ചുകൊണ്ടാണ് തിരുവഞ്ചൂര്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ തിരുവഞ്ചൂര്‍ മാറി ചെന്നിത്തലയോ ആഭ്യന്തരമന്ത്രിയായി വന്നാല്‍ എല്ലാം പുറത്താകുമെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. അതുകൊണ്ടാണ് എത്രമാത്രം അപമാനം സഹിച്ചാലും മുഖ്യമന്ത്രി കസേര ഉപേക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകാത്തതെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. കോടികളുടെ തട്ടിപ്പിന് നേതൃത്വം വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിയാവശ്യപ്പെട്ട് അതിശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. മഹേഷ് കക്കത്ത് അധ്യക്ഷത വഹിച്ചു. പി ജയരാജന്‍, എം വിജയരാജന്‍, എം ഉണ്ണികൃഷ്ണന്‍, വി വി കുഞ്ഞികൃഷ്ണന്‍, സി രവീന്ദ്രന്‍, കെ സി ജേക്കബ്, എന്‍ ചന്ദ്രന്‍ പ്രസംഗിച്ചു.
11 ദിവസം നീണ്ടുനിന്ന സമരം ഇന്ന് രാവിലെ എട്ട് മണിയോടെ അവസാനിക്കും. 11 ദിവസങ്ങളിലായി ഓരോ നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തകരാണ് പങ്കെടുത്തത്. ഇടതുമുന്നണിയുടെ സംസ്ഥാന നേതാക്കളായ പിണറായി വിജയന്‍, പന്ന്യന്‍ രവീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യു ടി തോമസ്, എന്‍ കെ പ്രേമചന്ദ്രന്‍, കോടിയേരി ബാലകൃഷ്ണന്‍, സ്‌കറിയ തോമസ്, ഉഴവൂര്‍ വിജയന്‍, ഇ പി ജയരാജന്‍, പി കെ ശ്രീമതി തുടങ്ങിയവരാണ് സമരം ഉദ്ഘാടനം ചെയ്തത്. ഓരോ ദിവസവും ആയിരത്തോളം പ്രവര്‍ത്തകര്‍ സമരത്തില്‍ അണിനിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here