Connect with us

Kannur

'വാത്സല്യം പദ്ധതി' ലോഗോ പ്രകാശനം ചെയ്തു; എല്ലാ സ്‌കൂളുകളിലും കുട്ടികളുടെ പരാതികള്‍ സ്വീകരിക്കും; കൗണ്‍സിലര്‍മാരുടെ സേവനം കൂടുതല്‍ സ്‌കൂളുകളിലേക്ക്

Published

|

Last Updated

കണ്ണൂര്‍: മാനസികവും ശാരീരികവും ലൈംഗികവുമായ ചൂഷണങ്ങളില്‍ നിന്ന് കുട്ടികളെ മുക്തരാക്കി കണ്ണൂര്‍ ജില്ലയെ ശിശു സൗഹൃദ ജില്ലയാക്കി മാറ്റുന്നതിന് ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന “വാത്സല്യം പദ്ധതി” പ്രവര്‍ത്തനരംഗത്തേക്ക്. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു.
വിവിധ വിഷയങ്ങളിലായി പരിശീലനത്തിനായി ഡോക്ടര്‍മാര്‍, സൈക്കോളജിസ്റ്റുകള്‍, അഭിഭാഷകര്‍, വ്യക്തിത്വ പരിശീലകര്‍ എന്നിവരെ തിരഞ്ഞെടുക്കുകയും അവര്‍ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിക്കുകയും ചെയ്തു. ഇതില്‍ 20 വളണ്ടിയര്‍മാര്‍ മുഴുവന്‍ സമര പ്രവര്‍ത്തനമാരംഭിച്ച് കഴിഞ്ഞു. 15 സബ് ജില്ലകളിലും ട്രെയിനിംഗ് സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങള്‍, കുട്ടികള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍, കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍, പോസ്‌കോ നിയമം എന്നീ വിഷയങ്ങളിലാണ് സര്‍ക്കാര്‍, എയിഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്കായി പരിശീലനം നല്‍കിയത്. പോലീസിനും നിയമത്തെയും കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ പറ്റിയും ബോധവത്കരണ ക്ലാസ് നല്‍കി. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും ഡോക്ടര്‍മാര്‍ക്കും ഡി എം ഒയുടെ നേതൃത്വത്തില്‍ ക്ലാസ് നടത്തി.
എ ഇ ഒമാര്‍ മുഖാന്തിരം സ്‌കൂളുകളില്‍ കുട്ടികളുടെ പരാതികള്‍ സ്വീകരിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഇരിക്കൂര്‍, തളിപ്പറമ്പ്, ഇരിട്ടി, പയ്യന്നൂര്‍ മേഖലകളില്‍ 100ഓളം സ്‌കൂളുകളില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നേരിട്ട് പോയി പരാതി സ്വീകരിക്കുകയുണ്ടായി. പരാതികളില്‍ ഇരിക്കൂറിലെ രണ്ട് ലൈംഗിക പീഡന പരാതികളുമുണ്ട്. ചൈല്‍ഡ് ലൈന്‍, ചൈല്‍ഡ് വെല്‍ഫേര്‍ കമ്മിറ്റി ഇടപെടലുകള്‍ ആവശ്യമുള്ള കേസുകളില്‍ നടപടിയാരംഭിച്ചിട്ടുണ്ട്.
അടുത്ത ഘട്ടമെന്ന നിലയില്‍ എല്ലാ സ്‌കൂളുകളില്‍ നിന്നും അതിക്രമം സംബന്ധിച്ച് കുട്ടികളുടെ പരാതികള്‍ സ്വീകരിക്കും. കൗണ്‍സിലര്‍മാരുടെ സേവനം കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കും. പഞ്ചായത്തുതലത്തില്‍ കൃത്യമായ അവലോകനം സംഘടിപ്പിക്കും. എല്ലാ സ്‌കൂളുകളിലും മാതാപിതാക്കള്‍ക്ക് കൃത്യമായ അവലോകനം നടത്തുകയും കുട്ടികളുടെ വളര്‍ച്ചക്കാവശ്യമായ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്തുകയും ചെയ്യും. വാത്സല്യം പദ്ധതി അനാഥാലയങ്ങള്‍, ട്രൈബല്‍ ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കും.
കുട്ടികളുടെ അവകാശത്തെപ്പറ്റിയും സ്വന്തം ശരീരത്തിന്റെയും മനസിന്റെയും മീത ഓരോ കുട്ടികള്‍ക്കുമുള്ള ഉടമസ്ഥതയെ പറ്റി ബോധവന്മാരാക്കുക, ചതിക്കുഴിയില്‍ വീഴാനും വീഴാതിരിക്കാനും വീണാല്‍ കരകയറാനുമുള്ള പരിശീലനം നല്‍കുക, കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളെയും അതില്‍ ഫലപ്രദമായി ഇടപെടുന്നതിനെ പറ്റിയും മാതാപിതാക്കളെയും അധ്യാപകരെയും ബോധവത്കരിക്കുക, ചൂഷണത്തിനിരയാകാന്‍ സാധ്യതയുള്ള ഇന്റര്‍നെറ്റ് കഫെ, മൊബൈല്‍ ഷോപ്പ്, വാഹനങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ സുരക്ഷയുറപ്പാക്കുക, പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് വാത്സല്യം പദ്ധതിക്ക് രൂപം നല്‍കിയതെന്ന് ജില്ലാ കലക്ടര്‍ ഡോ. രത്തന്‍കേല്‍ക്കര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതിക്ക് വേണ്ടി സാമൂഹികനീതി വകുപ്പ് 33.7 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പോലീസ്, എക്‌സൈസ്, ആരോഗ്യവകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ചൈല്‍ഡ്‌ലൈന്‍, ലീഗല്‍ സര്‍വീസ് അതോറിറ്റി, ഐ എം എ, കുടുംബശ്രീ, എന്‍ എസ് ജി ഡി ഇന്‍ഫര്‍മേഷന്‍ ഓഫീസ്, എസ് സി-എസ് ടി ഓഫീസ്, എന്‍ ആര്‍ എച്ച് എം, എന്‍ ജി ഒയൂത്ത് വെല്‍ഫേര്‍ ബോര്‍ഡ്, ആര്‍ ടി ഒ, മീഡിയ, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് തുടങ്ങിയ 26ഓളം സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലയില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളില്‍ പകുതിയും വീടുകളില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 52 ശതമാനം പീഡന പരാതിയും വീടുകളില്‍ നിന്ന് നേരിടേണ്ട മാനസികവും ശാരീരികവുമായ പീഡനത്തെക്കുറിച്ചാണ്. 23 ശതമാനം പീഡനം സംഭവിക്കുന്നത് സ്‌കൂളില്‍ നിന്നാണ്. വീടുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നുമാണ് 75 ശതമാനം പീഡനങ്ങളും സംഭവിക്കുന്നതെന്ന് വാത്സല്യം പദ്ധതിയുമായി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. പരിചിതമല്ലാത്ത സാഹചര്യങ്ങളില്‍ നിന്ന് പീഡനം അനുഭവിക്കുന്നവര്‍ 14 ശതമാനം മാത്രവുമുണ്ട്. ഈ വര്‍ഷം ജില്ലയില്‍ ഏഴ് പരാതികളുണ്ടായത്. ഇത് അന്വേഷണത്തിലാണ്. വാത്സല്യം പദ്ധതിയുടെ ലോഗോ പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ എ സരള വാത്സല്യം ബ്രാന്‍ഡ് അംബാസിഡര്‍ നടി സനുഷക്ക് കൈമാറി പ്രകാശനം ചെയ്തു. കലക്ടര്‍ ഡോ. ആര്‍ രത്തന്‍ കേല്‍ക്കര്‍, സബ് കലക്ടര്‍ ടി വി അനുപമ, ഡി എം ഒ ഇന്‍ചാര്‍ജ് ഡോ. കെ വി പ്രകാശ്, സി ഡബ്ല്യു സി ചെയര്‍മാന്‍ ടി എ മാത്യു, പി ആര്‍ ഡി മേഖല ഡയറക്ടര്‍ കെ വേലായുധന്‍, സി പി സമീര്‍ എന്നിവര്‍ പങ്കെടുത്തു.

Latest