മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശനം ആരംഭിച്ചു

Posted on: August 4, 2013 7:15 am | Last updated: August 4, 2013 at 7:15 am
SHARE

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജിലെ പ്രഥമ എം ബി ബി എസ് ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഇന്നലെ 71 വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയത്. ഇവരില്‍ 13 പേര്‍ മലപ്പുറം ജില്ലയില്‍ നിന്നാണ്. കൊല്ലം ജില്ലയിലെ അഞ്ചല്‍ സ്വദേശിനി അശ്വതിയാണ് പ്രഥമ ബാച്ചിലെ ആദ്യ വിദ്യാര്‍ഥിയായി പ്രവേശനം നേടിയത്.

എല്ലാ ജില്ലകളില്‍ നിന്നുമായി രക്ഷിതാക്കള്‍ക്കൊപ്പം പ്രവേശനത്തിനായെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ദിരാജി വനിതാ സഹകരണ സൊസൈറ്റി സൗജന്യമായി ഭക്ഷണ വിതരണം നടത്തി. അഡ്വ. ബീന ജോസഫ് നേതൃത്വം നല്‍കി. കോളജ് കെട്ടിടത്തിലെ അഞ്ചാം നിലയിലെ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പ്രവേശനോത്സവ ചടങ്ങ് എം ഉമ്മര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. എ ഡി എം പുതുക്കുടി മുരളീധരന്‍, പ്രിന്‍സിപ്പല്‍ ഡോ. പി വി നാരായണന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ എം സുകുമാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.