അംഗത്വ ക്രമക്കേടിലൂടെ പണം തട്ടിയ മുന്‍ ജില്ലാ സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന് റെഡ് ക്രോസ്

Posted on: August 4, 2013 7:12 am | Last updated: August 4, 2013 at 7:12 am
SHARE

കല്‍പറ്റ: ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയില്‍ മെമ്പര്‍ഷിപ്പ് വിതരണം ചെയ്ത് പണം അടയ്ക്കാതെ വെട്ടിപ്പുനടത്തിയ മുന്‍ ജില്ലാ സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന് റെഡ് ക്രോസ് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുതിയ ജില്ലാ ഭാരവാഹികള്‍ ചുമതലയേറ്റെടുത്തിട്ടും ജില്ലാ ബ്രാഞ്ചിന്റെ ഓഫീസ് ഫയലുകളും മറ്റു രേഖകളും നല്‍കാന്‍ മുന്‍സെക്രട്ടറി ടി കെ ലൂക്ക തയ്യാറായില്ലെന്നും പുതിയ ഭാരവാഹികള്‍ ആരോപിച്ചു.
510 രൂപ വീതം വാങ്ങിയാണ് റെഡ്‌ക്രോസ് സൊസൈറ്റിയില്‍ ആജീവനാന്ത മെമ്പര്‍മാരെ ചേര്‍ക്കുന്നത്. ഇതില്‍ 150 രൂപ സംസ്ഥാന കമ്മിറ്റിക്ക് മോയിറ്റി ആയി അടയ്‌ക്കേണ്ട തുകയാണ്. മുന്‍സെക്രട്ടറി റെഡ് ക്രോസ് സൊസൈറ്റി പ്രസിഡന്റായ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ കത്തില്‍ ജില്ലയില്‍ 655 മെമ്പര്‍മാരുണ്ടെന്നാണ് വ്യക്തമാക്കിയത്. എന്നാല്‍ സംസ്ഥാന കമ്മിറ്റി ഈ വര്‍ഷം ജൂണ്‍ 26ന് നല്‍കിയ ലിസ്റ്റ് അനുസരിച്ച് ജില്ലയില്‍ 471 ആജീവനാന്ത അംഗങ്ങള്‍ മാത്രമേയുള്ളൂ.
ഇതേക്കുറിച്ച് അന്വേഷിച്ചതിനെ തുടര്‍ന്ന് 158 അംഗങ്ങളുടെ മോയിറ്റി തുകയായി 23,700 രൂപയുടെ ചെക്ക് കഴിഞ്ഞ സെപ്റ്റംബറില്‍ മുന്‍സെക്രട്ടറി അടച്ചിരുന്നു.
മെമ്പര്‍മാരില്‍ നിന്ന് ഈടാക്കിയ ബാക്കി തുക ഇതുവരെ നല്‍കിയിട്ടില്ല.
പലരില്‍ നിന്നും മെമ്പര്‍ഷിപ്പ് തുക വാങ്ങുകയും അവര്‍ക്ക് ജില്ലാ കളക്ടര്‍ ഒപ്പുവച്ച ഐഡന്റിറ്റി കാര്‍ഡ് നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവരുടെ മോയിറ്റി അടച്ചിട്ടില്ലെന്ന് റെഡ് ക്രോസ് ഭാരവാഹികള്‍ പറഞ്ഞു.
ഹൈക്കോടതി ഉത്തരവനുസരിച്ച് റെഡ് ക്രോസ് സൊസൈറ്റിയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ 420 പേര്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി 2010 നവംബര്‍ 16ന് ശേഷം പുതിയ മെമ്പര്‍മാരെ ചേര്‍ക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അഡ്മിനിസ്‌ട്രേറ്റര്‍ നിയമനത്തിന് എതിരായ ഹര്‍ജിയില്‍ പുറപ്പെടുവിച്ച ഈ ഉത്തരവ് ലംഘിച്ച് ജില്ലയില്‍ നിരവധി പേര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കിയെന്ന് കണ്ടെത്തിയിരുന്നു. നിശ്ചിത തീയതിക്കുശേഷം ചേര്‍ത്ത 51 മെമ്പര്‍മാരെ ഒഴിവാക്കിയാണ് വോട്ടേഴ്‌സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ 2002ല്‍ സംഘടനയില്‍ അംഗമായവര്‍ പോലും മോയിറ്റി അടയ്ക്കാത്തതിനാല്‍ വോട്ടേഴ്‌സ് ലിസ്റ്റിന് പുറത്തായി. മുന്‍ഭരണസമിതിയിലെ ട്രഷററും എക്‌സിക്യുട്ടീവ് അംഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇല്ല.
സര്‍ക്കാരില്‍ നിന്ന് നിരവധി പ്രോജക്ടുകള്‍ക്ക് ഫണ്ട് വാങ്ങി പരിപാടി നടത്താതെ പണം തട്ടിയെന്നും ഭാരവാഹികള്‍ ആരോപിച്ചു. മുന്‍സെക്രട്ടറി ഏകപക്ഷീയമായാണ് തീരുമാനങ്ങളെടുത്തിരുന്നതെന്നും ജില്ലാ കളക്ടറുടെ ഓഫീസില്‍ സൂക്ഷിക്കേണ്ട രേഖകള്‍ കാണാനില്ലെന്നും ഇവര്‍ പറഞ്ഞു.
പലതരത്തില്‍ സംഘടനയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയ മുന്‍സെക്രട്ടറിയെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നും നിയമനടപടിയെടുക്കണമെന്നും ജില്ലാ മാനേജിംഗ് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചിട്ടുണ്ടെന്നും പുതിയ ഭാരവാഹികള്‍ പറഞ്ഞു.
ഗവര്‍ണര്‍ക്കും റെഡ് ക്രോസ് സൊസൈറ്റി അഡ്മിനിസ്‌ട്രേറ്റര്‍ക്കും ജില്ലാ കളക്ടര്‍ക്കും ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. മുന്‍സെക്രട്ടറിക്കെതിരെ ക്രിമിനല്‍ നടപടി ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയര്‍മാന്‍ അഡ്വ. ജോര്‍ജ് വാതുപറമ്പില്‍, ട്രഷറര്‍ ക്ലീറ്റസ് കിഴക്കേമണ്ണൂര്‍, അഹമ്മദ് ബഷീര്‍, പി. മുനീര്‍, സി. രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.