സഹോദരങ്ങളുടെ മരണം പാണ്ടിക്കടവ് ദുഃഖസാന്ദ്രമായി

Posted on: August 4, 2013 7:11 am | Last updated: August 4, 2013 at 7:11 am
SHARE

മാനന്തവാടി: കാര്‍ വെള്ളത്തിലേക്ക് മറിഞ്ഞ് സഹോദോരങ്ങളും അടുത്ത ബന്ധുക്കളുമടക്കം മരിച്ച സംഭവത്തില്‍ പാണ്ടിക്കടവ് ദു:ഖ സാന്ദ്രമായി.

മൊതക്കര പാലത്തില്‍ നിന്നും തോട്ടിലേക്ക് മാരുതി എസ്റ്റാര്‍ കാറ് മറിഞ്ഞാണ് അപകടമുണ്ടായത്. പാണ്ടിക്കടവ് അരീക്കപ്പുറത്ത് കുഞ്ഞബ്ദുള്ള(65), മൊയ്തു(62), ഹസ്സന്‍ ഹാജി(60) ബന്ധുവായ ചെമ്പരക്കണ്ടി കുഞ്ഞബ്ദുള്ളയുടേയും ആയിഷയുടേയും മകന്‍ സിദ്ദീഖ്(26) എന്നിവരാണ് മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന തൊട്ടിക്കണ്ടി മൂസ അത്ഭുതകരമായി രക്ഷപ്പെട്ടുകയായിരുന്നു.റമസാനിലെ അവസാനത്തെ വെള്ളിയാഴ്ചയിലെ ജുമഅ നമസ്‌ക്കാര ശേഷം വൈകിട്ട് അഞ്ചരയോടുകൂടി വാരാമ്പറ്റയിലെ ടികെഎം ഗേള്‍സ് ഓര്‍ഫനേജില്‍ നോമ്പുതുറ സംഘടിപ്പിച്ചിരുന്നു.
അതിനുശേഷം തിരിച്ച് വരവേ രാത്രി 7.30 ഓടു കൂടി മൊതക്കര പാലത്തിന് സമീപം കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാര്‍ എത്തുമ്പോഴേക്കും സഹോദരങ്ങള്‍ മൂന്നു പേരും കാറിനുള്ളില്‍ കുടുങ്ങി മരിച്ച നിലയിലായിരുന്നു. രണ്ടര മണിക്കൂര്‍ തിരച്ചിലിനൊടിവിലാണ് കാര്‍ മറിഞ്ഞതില്‍ നിന്നും 50 മീറ്റര്‍ അകലെ സിദ്ദീഖിന്റെ മൃതദേഹം തുര്‍ക്കി ജീവന്‍ രക്ഷാ സമിതി പ്രവര്‍ത്തകരും, ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തത്. 8.30 ഓടെയാണ് സഹോദരങ്ങശുടെ മൃതദേഹമ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് ജില്ലാ ആശുപത്രിയില്‍ തടിച്ചു കൂടിയത്.
ഇന്നലെ രാവിലെ 10.30 ഓടു കൂടി ഇളയ സഹോദരന്‍ അബൂബക്കര്‍ താമസിക്കുന്ന തറവാട് വീടായ അരീക്കപ്പുറത്ത് മൃതദേഹങ്ങള്‍ എത്തിച്ചു.
കനത്ത മഴയെ വക വെക്കാതെ സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിന് ആളുകളാണ് മൃതദേഹങ്ങള്‍ ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയത്. ജനത്തിരക്ക് കാരണം മൃതദേഹം തൊട്ടടുത്ത തഹിയുദ്ദീന്‍ ഹുദാ മദ്‌റസയില്‍ പൊതുദര്‍ശനത്തിനുവെച്ചു. ജനത്തിരക്കായതിനാല്‍ ഇതിലൂടെയുള്ള വാഹനഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
ഉച്ചക്ക് രണ്ടു മണിയോടുകൂടി വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നാലു പേരുടേയും മൃതദേഹം പാണ്ടിക്കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മന്ത്രി പി കെ ജയലക്ഷമിയടക്കം സമൂഹത്തിന്റെ നാനാതുറയില്‍ പെട്ടവരും, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും അന്തിമോപചാരമര്‍പ്പിച്ചു. എം ഐ ഷാനവാസ് എം പിയും അനുശോചിച്ചു. ആദരസൂചകമായി വ്യാപാരികള്‍ ഉച്ചക്ക് 12 മണി വരേയും ചുമട്ടുതൊഴിലാളില്‍ വൈകീട്ട് ആറുമണി വരേയും ഹര്‍ത്താല്‍ ആചരിച്ചു.
വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച പുതുശ്ശേരിക്കടവ് തേര്‍ത്തുകുന്നിലെ പുത്തന്‍കുടിലില്‍ വിപിന്‍, വാഹനം തോട്ടില്‍ വീണു മരിച്ച പാണ്ടിക്കടവ് അരീക്കപ്പുറത്ത് കുഞ്ഞബ്ദുള്ള, സഹോദങ്ങളായ മൊയ്തു, ഹസ്സന്‍ഹാജി, ബന്ധു ചെമ്പരക്കണ്ടി സിദ്ദീഖ് എന്നിവരുടെ വേര്‍പാടില്‍ എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ അനുശോചിച്ചു. ഇവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ധനസഹായം എത്രയും വേഗം എത്തിക്കണമെന്ന് എം എല്‍ എ അഭ്യര്‍ഥിച്ചു.