സ്‌കൂളുകളില്‍ കലാകായിക അധ്യാപകരെ നിയമിക്കാതെ ഫണ്ട് ലാപ്‌സാക്കുന്നുവെന്ന്

Posted on: August 4, 2013 7:10 am | Last updated: August 4, 2013 at 7:10 am
SHARE

കല്‍പറ്റ: എല്ലാ സ്‌കൂളുകളിലും കലാകായിക അധ്യാപകരെ നിയമിക്കാന്‍ ആവശ്യമായ ഫണ്ട് എസ്എസ്എയ്ക്ക് ലഭിച്ചിട്ടും നിയമനം നടത്താതെ ഫണ്ട് പാഴാക്കിയെന്ന് വയനാട് ജില്ലാ ഡ്രോയിംഗ് ഡിപ്ലോമ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
വിദ്യാഭ്യാസ നിയമപ്രകാരം എല്ലാ സ്‌കൂളുകളിലും ഫിസിക്കല്‍ എഡ്യുക്കേഷന്‍, ഡ്രോയിംഗ്, വര്‍ക്ക് എക്‌സ്പീരിയന്‍സ് വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കേണ്ടതാണ്. ഇതിനായി കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 3,68,17,000 രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു.
ജില്ലയില്‍ എസ്എസ്എ പദ്ധതി പ്രകാരം 49 തസ്തികകളാണ് ഓരോ വിഷയത്തിനുമുള്ളത്. ഇതിനുപുറമെ രാഷ്ട്രീയമാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം അനുവദിച്ച എട്ട് സ്‌കൂളുകളിലും തസ്തികകളുണ്ട്. ജില്ലയിലെ 68 ഹൈസ്‌കൂളുകളില്‍ 38 എണ്ണത്തില്‍ മാത്രമാണ് ചിത്രകലാധ്യാപകരുള്ളത്. നാല് സ്‌കൂളുകളില്‍ ദിവസവേതനാടിസ്ഥാനത്തിലും നിയമനം നടത്തിയിട്ടുണ്ട്.
2500 രൂപ ശമ്പളത്തില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ പോലുമുണ്ടെന്നും ഇവര്‍ പറഞ്ഞു. മറ്റ് സ്‌കൂളുകളില്‍ അധ്യാപകരെ നിയമിച്ചിട്ടില്ല. എല്ലാ സ്‌കൂളുകളിലും കായിക പരിശീലനം നടത്തുന്നതിന് നിലവിലുള്ള അധ്യാപകരെ ഒന്നിലധികം സ്‌കൂളുകളില്‍ പൂള്‍ ചെയ്യാനാണ് തീരുമാനം.
ഇതിനുപകരം പുതിയ നിയമനം നടത്തണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ ചിത്രകലാധ്യാപക നിയമനത്തിന് 1992ല്‍ അപേക്ഷ വിളിക്കുകയും 1999ല്‍ റാങ്ക് ലിസ്റ്റ് നിലവില്‍ വരികയും ചെയ്തിട്ടും ഇതുവരെ 11 നിയമനം മാത്രമാണ് ഉണ്ടായത്. പിഎസ് സി വഴി നിയമനത്തിന് താമസം നേരിടുന്ന സാഹചര്യത്തില്‍ അധ്യാപക ബാങ്കിലേക്ക് എംപ്ലോയ്‌മെന്റ് ലിസ്റ്റില്‍ നിന്ന് അധ്യാപകരെ റി്ക്രൂട്ട് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഇവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ യു.പി. മോഹന്‍ദാസ്, ജെ. സുമിത്, എം. ദീപുകുമാര്‍, ടി. രഞ്ജിനി, ടി. രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here