Connect with us

Sports

റസൂലിന് അവഗണന

Published

|

Last Updated

ശ്രീനഗര്‍്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം പ്രതീക്ഷിച്ചു നിന്ന ജമ്മുകാശ്മീര്‍ ആള്‍ റൗണ്ടര്‍ പര്‍വേസ് റസൂലിനെ നിരാശപ്പെടുത്തുന്നതായി ടീം സെലക്ഷന്‍. സിംബാബ്‌വെക്കെതിരായ അവസാന ഏകദിനത്തില്‍ ഉള്‍പ്പെടുത്താനുള്ള എല്ലാ സാധ്യതയും മുന്നില്‍ നില്‍ക്കെയാണ് ടീം മാനേജ്‌മെന്റ് റസൂലിനെ തഴഞ്ഞത്.
പരമ്പരയില്‍ ഇന്ത്യ 4-0ന് മുന്നില്‍ നില്‍ക്കുമ്പോള്‍ സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ എന്നീ സീനിയര്‍ കളിക്കാര്‍ക്ക് വീണ്ടും അവസരം നല്‍കാനാണ് ശ്രമിച്ചത്. സിംബാബ്‌വെ പര്യടനത്തിന് പോയ പതിനഞ്ചംഗ ഇന്ത്യന്‍ സ്‌ക്വാഡില്‍ റസൂല്‍ ഒഴികെ എല്ലാവര്‍ക്കും കളിക്കാന്‍ അവസരം ലഭിച്ചു. ആദ്യ നാല് കളികളിലും റസൂലിനൊപ്പം സൈഡ് ബെഞ്ചിലിരുന്ന അജിങ്ക്യ രഹാനെ അവസാന മത്സരത്തിനിറങ്ങി. എന്നാല്‍, ജമ്മു കാശ്മീര്‍ താരത്തെ അവഗണിക്കുന്ന നിലപാടാണ് ടീം സെലക്ഷനിലുണ്ടായത്.
കഴിഞ്ഞ ദിവസം, ട്വിറ്ററിലൂടെ റസൂലിന് അവസരം നല്‍കാന്‍ ബി സി സി ഐ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ഇന്നലെ പൊട്ടിത്തെറിച്ചു. പര്‍വേസ് റസൂലിനെ ടീമിലെടുത്തിരിക്കുന്നത് അയാളെ അങ്ങേയറ്റം നിരാശപ്പെടുത്തി ഇല്ലാതാക്കാനാണോയെന്ന് ചോദിച്ച ഉമര്‍ ഇതൊക്കെ മോശം പ്രവര്‍ത്തനമാണെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു. കേന്ദ്ര മന്ത്രി ശശി തരൂരും ടീം സെലക്ഷനെ വിമര്‍ശിച്ചു. പര്‍വേസ് റസൂല്‍ കളിക്കുമെന്നാണ് കരുതിയത്. പക്ഷേ, നിരാശപ്പെടുത്തുന്ന തീരുമാനമാണുണ്ടായത്. ഇതെന്ത് സെലക്ഷന്‍. സിംബാബ്‌വെയെ പോലെ ദുര്‍ബലമായ ടീമിനെതിരെ ആദ്യ നാല് കളിയും ജയിച്ചു നില്‍ക്കുന്ന ടീമില്‍ നിന്ന് ജഡേജക്കോ റെയ്‌നോക്കോ വിശ്രമം അനുവദിക്കാവുന്നതായിരുന്നു- തരൂര്‍ ട്വീറ്റ് ചെയ്തു.
സിംബാബ്‌വെയില്‍ അരങ്ങേറ്റത്തിന് അവസരം ലഭിച്ച പേസര്‍ മൊഹിത് ശര്‍മ മാന്‍ ഓഫ് ദ മാച്ച് പ്രകടനം കാഴ്ചവെച്ചിരുന്നു. ആള്‍ റൗണ്ടര്‍ എന്ന നിലയില്‍ തകര്‍പ്പന്‍ ഫോമിലുള്ള പര്‍വേസ് റസൂലിന് വലിയ സാധ്യതയുണ്ടായിരുന്നു. രഞ്ജി ട്രോഫിയില്‍ കഴിഞ്ഞ സീസണില്‍ 594 റണ്‍സും 33 വിക്കറ്റുകളും റസൂല്‍ സ്വന്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ആസ്‌ത്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യ എ സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒരിന്നിംഗ്‌സില്‍ ഏഴ് വിക്കറ്റെടുത്തായിരുന്നു റസൂല്‍ മാറ്ററിയിച്ചത്. സിംബാബ്‌വെ പര്യടനത്തിന് വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള പുതുനിരയെ ബി സി സി ഐ അയച്ചപ്പോള്‍ ഭാവിവാഗ്ദാനമായ റസൂലും ഇടം പിടിച്ചു. എന്നാല്‍, നാട് കാണാന്‍ കൂടെക്കൂട്ടിയത് പോലെയായി കാര്യങ്ങള്‍. താരനിബിഢമായ ഇന്ത്യന്‍ നിരയില്‍ ഇനിയെന്നാണ് റസൂലിന് അവസരം ലഭിക്കുക.