Connect with us

Sports

ബാഴ്‌സക്ക് എട്ട് ഗോള്‍ ജയം

Published

|

Last Updated

ബാഴ്‌സലോണ: പുതിയ കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോക്ക് കീഴില്‍ ബാഴ്‌സലോണയുടെ തുടക്കം ഗോളില്‍ അര്‍മാദിച്ച്. ജോണ്‍ ഗാംബര്‍ ട്രോഫിക്കായുള്ള പോരില്‍ ബ്രസീല്‍ ക്ലബ്ബ് സാന്റോസിനെ എതിരില്ലാത്ത എട്ട് ഗോളുകള്‍ക്കാണ് ബാഴ്‌സ തകര്‍ത്തുവിട്ടത്. മുന്‍ ക്ലബ്ബിനെതിരെ കളിച്ചു കൊണ്ടാണ് നെയ്മര്‍ ബാഴ്‌സക്കായി ഹോംഗ്രൗണ്ട് അരങ്ങേറ്റം നടത്തിയത്. ഗ്രൗണ്ടില്‍ തിളങ്ങിയെങ്കിലും നെയ്മറിന്റെ ഗോള്‍ പിറന്നില്ല.
അതേ സമയം, ലയണല്‍ മെസി എട്ടാം മിനുട്ടില്‍ തന്നെ ബാഴ്‌സലോണക്ക് ലീഡെടുത്തു. അലക്‌സിസ് സാഞ്ചസ്, പെഡ്രോ റോഡ്രിഗസ്, അഡ്രിയാനൊ, ജീന്‍ മാരി ഡോന്‍ഗോ എന്നിവര്‍ ഓരോ ഗോളുകള്‍ വീതം നേടിയപ്പോള്‍ ശ്രദ്ധേയമായത് ഫാബ്രിഗസിന്റെ ഇരട്ടഗോളുകളാണ്. രണ്ടാം പകുതിയില്‍ ഫാബ്രിഗസിനെ പകരക്കാരനായിറക്കിയ കോച്ച് മാര്‍ട്ടിനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ട്രാന്‍സ്ഫര്‍ നീക്കങ്ങള്‍ക്ക് മറുപടി നല്‍കി. ബാഴ്‌സയുടെ രണ്ടാം ഗോള്‍ സാന്റോസ് താരം ലിയൊനാര്‍ഡോയുടെ സെല്‍ഫായിരുന്നു.
കഴിഞ്ഞ ദിവസം പോളിഷ് ക്ലബ്ബിനെതിരെ ബാഴ്‌സയിലെ അരങ്ങേറ്റം സമനിലക്കുരുക്കിലായ നെയ്മറിന് രണ്ടാം മത്സരത്തില്‍ ആ നിരാശ മാറി. ജെറാര്‍ഡോ മാര്‍ട്ടിനോയുടെ സുന്ദരമായ ഫുട്‌ബോള്‍ ആയിരുന്നു ബാഴ്‌സലോണ പയറ്റിയത്. നൗകാംപിന് ഹരം പകരുന്ന കാഴ്ചയായി ഇത്. കുറിയ പാസുകളിലൂടെയുള്ള മുന്നേറ്റത്തിലാണ് മെസിയുടെ ഗോള്‍. ഡാനി ആല്‍വസിന്റെ ശക്തമായ ക്രോസ് ബോള്‍ ലിയോനാര്‍ഡോയുടെ ദേഹത്ത് തട്ടി വലയില്‍ കയറിയത് രണ്ടാം ഗോള്‍. മെസിയുടെ പാസില്‍ ചിലി വിംഗര്‍ സാഞ്ചസ് മൂന്നാം ഗോളും ജോര്‍ഡി അല്‍ബയുടെ കട്ട്-ബാക് പാസില്‍ പെഡ്രോ നാലാം ഗോളും നേടി.
ഗോള്‍ നേടാന്‍ സാധിക്കാത്തതില്‍ നെയ്മറിന് നിരാശയില്ല. ഗോള്‍ വരും – നെയ്മര്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു. സെസ്‌ക്, ഷാവി, മെസി എന്നിവര്‍ക്കൊപ്പം കളിക്കാന്‍ സാധിച്ചത് വലിയ നേട്ടമായി കരുതുന്നു.
സാന്റോസ് കോച്ച് ക്ലോഡിനി ഒലിവേറയും നെയ്മറിനെ പിന്തുണച്ചു. അയാള്‍ നന്നായി കളിച്ചു. പുതിയ ക്ലബ്ബുമായി പൊരുത്തപ്പെട്ടു വരുന്നതല്ലേയുള്ളൂ- ഒലിവേറ പറഞ്ഞു.
ഏതാനും പരിശീലന സെഷനുകള്‍ മതി നെയ്മര്‍ പുതിയ കൂട്ടുകാരുമായി കൂടുതല്‍ ഒത്തിണക്കം കാണിക്കാന്‍. പക്ഷേ, അയാള്‍ സാന്റോസിനെതിരെ മികച്ച ഒത്തിണക്കം തന്നെയാണ് കാണിച്ചത്-മാര്‍ട്ടിനോ പറഞ്ഞു.

Latest