സ്‌നോഡനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

Posted on: August 4, 2013 1:38 am | Last updated: August 4, 2013 at 1:38 am
SHARE

everd snodenമോസ്‌കോ: അമേരിക്കയുടെ ചോര്‍ത്തല്‍ പദ്ധതികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡനെ വിമാനത്താവളത്തില്‍ നിന്ന് റഷ്യയിലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. ആറ് ആഴ്ചയോളം മോസ്‌കോയിലെ വിമാനത്താവളത്തില്‍ കഴിഞ്ഞിരുന്ന സ്‌നോഡന് അഭയം നല്‍കാന്‍ റഷ്യ സന്നദ്ധമായതോടെയാണ് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതെന്ന് റഷ്യന്‍ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തില്‍ നിന്ന് സ്‌നോഡനെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്നും എന്നാല്‍, സുരക്ഷാ കാരണങ്ങള്‍ കൊണ്ട് അഭയ സ്ഥലം എവിടെയാണെന്ന് പുറത്തുവിടാന്‍ സാധിക്കില്ലെന്നും സ്‌നോഡന്റെ അഭിഭാഷകന്‍ അനാറ്റോലി കുചേര്‍ന പറഞ്ഞു.
സ്‌നോഡനെ കൈമാറുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുടെ നിരന്തരമായ സമ്മര്‍ദത്തെ അവഗണിച്ചാണ് നീണ്ട ഇടവേളക്ക് ശേഷം അഭയം നല്‍കാന്‍ റഷ്യ തീരുമാനിച്ചത്. ഒരു വര്‍ഷത്തേക്ക് റഷ്യയില്‍ അഭയം ഒരുക്കാനാണ് അധികൃതര്‍ തീരുമാനിച്ചത്. സ്‌നോഡന് അഭയം നല്‍കിയ തീരുമാനം അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്. റഷ്യയുടെ തീരുമാനം ദുഃഖകരമാണെന്നും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളാകുമെന്നും കഴിഞ്ഞ ദിവസം യു എസ് വക്താക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തിന്റെ അപൂര്‍വവും നിര്‍ണായകവുമായ രേഖകളും വിവരങ്ങളുമാണ് സ്‌നോഡന്‍ ചോര്‍ത്തിയതെന്നും രാജ്യദ്രോഹമുള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് അദ്ദേഹം ചെയ്തതെന്നും കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് വക്താവ് ജേ കാര്‍നി വ്യക്തമാക്കിയിരുന്നു.
സുരക്ഷിത താവളത്തിലെത്തിയ ശേഷം സ്‌നോഡന്‍ മാധ്യമങ്ങളുമായി സംസാരിക്കുമെന്ന് കുചേര്‍ന വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അമേരിക്കക്കെതിരെ നിര്‍ണായക വിവരങ്ങള്‍ സ്‌നോഡന്‍ ഇനിയും വെളിപ്പെടുത്തിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്‌നോഡനെ റഷ്യന്‍ അധികൃതര്‍ സഹായിച്ചിട്ടുണ്ടെന്ന യു എസ് ആരോപണം പുടിന്‍ നിരസിച്ചു. രാഷ്ട്രീയ അഭയം തേടുന്ന ഏതൊരാള്‍ക്കും നല്‍കുന്ന പരിഗണന മാത്രമേ സ്‌നോഡന്റെ വിഷയത്തില്‍ അധികൃതര്‍ കാണിച്ചിട്ടുള്ളൂവെന്ന് പുടിന്‍ പറഞ്ഞു. റഷ്യന്‍ പൗരന്‍മാരെ പോലെ രാജ്യത്ത് ഏത് തൊഴിലും സ്വീകരിക്കാന്‍ സ്‌നോഡന് സാധിക്കുമെന്നും എന്നാല്‍ ചില പ്രത്യേക നിയന്ത്രണങ്ങള്‍ അദ്ദേഹത്തിന് മേലുണ്ടാകുമെന്നും റഷ്യന്‍ കുടിയേറ്റ വകുപ്പ് അഭിഭാഷകന്‍ ബഖ്‌റോം ഇസ്മാഈലോവ് പറഞ്ഞു.