Connect with us

International

ഇറാന്‍ പ്രസിഡന്റായി റൂഹാനി സ്ഥാനമേറ്റു; ഔദ്യോഗിക ചടങ്ങ് ഇന്ന്‌

Published

|

Last Updated

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റായി ഹസന്‍ റൂഹാനി സ്ഥാനമേറ്റു. ജൂണില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം നേടിയ റൂഹാനിക്ക് പ്രസിഡന്റായി ചുമതലയേല്‍ക്കാനുള്ള ഔദ്യോഗിക അംഗീകാരം ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ലാ ഖാംനഈ നല്‍കി. ടെഹ്‌റാനില്‍ നടന്ന ലളിതമായ ചടങ്ങിലാണ് അഹ്മദി നജാദിന്റെ പിന്‍ഗാമിയായി റൂഹാനി സ്ഥാനമേറ്റത്. ഇന്ന് നടക്കുന്ന ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങില്‍ അഹ്മദ് നജാദടക്കമുള്ള രാഷ്ട്രീയ പ്രമുഖരും വിദേശ പ്രതിനിധികളും പങ്കെടുക്കും.
മിതവാദിയായ റൂഹാനി പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതോടെ അന്താരാഷ്ട്ര രംഗത്ത് ഇറാന്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. പാശ്ചാത്യ രാജ്യങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന മുന്‍ പ്രസിഡന്റ് അഹ്മദി നജാദിന്റെ ശൈലിയില്‍ നിന്ന് തികച്ചും വ്യത്യസ്തനായിരിക്കും റൂഹാനി. വിദേശ രാജ്യങ്ങളോടുള്ള ഇറാന്റെ പരമോന്നത കൗണ്‍സിലിന്റെ നിലപാടുകളില്‍ നിന്ന് മാറി സഞ്ചരിക്കാന്‍ ഏതൊരു ഇറാന്‍ പ്രസിഡന്റിനെയും പോലെ റൂഹാനിക്കും സാധിക്കില്ലെങ്കിലും മൃദുലമായ സമീപനങ്ങള്‍ സ്വീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞേക്കും.
അതിനിടെ, ഫലസ്തീന്‍ ജനതക്ക് പൂര്‍ണമായും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും ജറൂസലമില്‍ ഫലസ്തീനിനുള്ള അവകാശം മറക്കരുതെന്നും റൂഹാനി പറഞ്ഞു. സ്ഥാനരോഹണ ചടങ്ങിന് മുന്നോടിയായി ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.