Connect with us

Ongoing News

കടല്‍പരപ്പിലെ റമസാന്‍ ദിനം

Published

|

Last Updated

തിരമാലകളുടെ തല്ലും തലോടലും ഏറ്റുവാങ്ങുന്ന പ്രദേശം. കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന നീലക്കടല്‍, അറബിക്കടലിനാല്‍ ചുറ്റപ്പെട്ട 36 ദ്വീപ് സമൂഹം. കൊച്ചിയില്‍ നിന്ന് ഏകദേശം 250 കിലോമീറ്റര്‍ ദൂരം. ഇതാണ് ലക്ഷദ്വീപ്. ഇവിടെ 36 ല്‍ 10 ദ്വീപുകളില്‍ മാത്രമെ മനുഷ്യവാസമുള്ളൂ. 99 ശതമാനം മുസ്‌ലിംകള്‍ അതിവസിക്കുന്ന ലക്ഷദ്വീപില്‍ പതിവു പോലെ ഇത്തവണയും വിശ്വാസികള്‍ റമസാനെ വരവേറ്റത് ആഹ്ലാദത്തോടെയും അതിലേറെ ആദരവോടെയുമായിരുന്നു. റമസാനില്‍ പ്രത്യേക പ്രാര്‍ഥനകള്‍ കൊണ്ടും ആത്മീയമായ ആവേശം കൊണ്ടും പ്രകടമാണ് എല്ലാ ദ്വീപുകളും. പ്രവാചകന്‍ മുഹമ്മദ് നബി (സ) സ്വപ്‌നദര്‍ശനത്തിലൂടെ, കടലിനാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കണമെന്ന് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് അറേബ്യയില്‍ നിന്ന് അമിനി ദ്വീപില്‍ കപ്പലിലെത്തി മൗലാ ഉബൈദുള്ള തങ്ങള്‍ ഇസ്‌ലാം പ്രചരിപ്പിച്ച ദ്വീപ് സമൂഹമാണ് ലക്ഷദ്വീപ് എന്നാണ് ചരിത്രം.
ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 8.30 നാണ് സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ ഭാരത് സീമ കപ്പലില്‍ കൊച്ചിയിലേക്ക് പുറപ്പെട്ടത്. ചെമ്മച്ചേരിയിലെ വീട്ടില്‍ നിന്ന് അത്താഴം കഴിഞ്ഞ് ഇറങ്ങിയതാണ്. ന്യൂഡല്‍ഹിയിലെ ഐ ടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജലാലിന് പല റമസാന്‍ ദിനങ്ങളിലും ഇത്തരം യാത്രകള്‍ പതിവാണ്. കൊച്ചിയില്‍ നിന്ന് അഗത്തിയിലേക്ക് മാത്രമാണ് വിമാനം സര്‍വീസ് നടത്തുന്നത്. അതുകൊണ്ടു തന്നെ ദ്വീപുകാരില്‍ ഭൂരിഭാഗത്തിന്റെയും യാത്ര കടല്‍പരപ്പിലൂടെ തന്നെയാണ്. പകലില്‍ കപ്പലിലെ പള്ളിയില്‍ തന്നെയായിരുന്നു മിക്ക സമയവും. നോമ്പുകാരായ മറ്റു യാത്രക്കാര്‍ക്കൊപ്പം പ്രാര്‍ഥന. ഭാരത് സീമ കല്‍പേനി ദ്വീപില്‍ എത്തിയപ്പോള്‍ മഗ്‌രിബിന്റെ സമയമായി. കപ്പലില്‍ നിന്ന് 20 രൂപക്ക് വാങ്ങിച്ച പഴവും കാരക്കയും പായസവുമായി നോമ്പ് തുറന്നു. ഭക്ഷണമായി പിന്നെ കല്‍പേനിയില്‍ നിന്ന് സഹോദരി കൈമാറിയ ബിരിയാണിയും. ദ്വീപില്‍ മലബാറിലെ നോമ്പ് കാലത്തെ സ്റ്റാറായ പത്തിരിയേക്കാള്‍ അല്‍പം വലുപ്പത്തിലുള്ള ഒറോട്ടിയും തരിക്കഞ്ഞിക്ക് സമാനമായ ഊറലും പിന്നെ നല്ല മീന്‍ കറിയുമൊക്കെയാണ് വിഭവങ്ങള്‍.
കപ്പലിലെ പള്ളിയില്‍ ഇശാഅ് നിസ്‌കാരത്തിനും തറാവിഹിനും ഏകദേശം പതിനഞ്ചോളം പേര്‍. അറബിക്കടലിലൂടെ ഭാരത് സീമ ഒഴുകി നീങ്ങുമ്പോള്‍ നിസ്‌കാരവും പ്രാര്‍ഥനയുമൊക്കെയായി ഇവര്‍ റമസാനിന്റെ ഈ രാവും പകലും ധന്യമാക്കുകയായിരുന്നു. ചപ്പാത്തിയായിരുന്നു അത്താഴ ഭക്ഷണം. ഇന്നലെ രാവിലെ 9 മണിയോടെയാണ് കൊച്ചി തുറമുഖത്ത് ഭാരത് സീമ നങ്കൂരമിട്ടത്. പിന്നെ കൊച്ചിയില്‍ നിന്ന് കാര്‍ മാര്‍ഗം കോഴിക്കോട്ടേക്ക്. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഓഫീസില്‍ ഇന്നലെ നടന്ന ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനായിരുന്നു മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന പി എം സഈദിന്റെ മരുമകന്റെ കടലും കടന്നുള്ള ഈ സഞ്ചാരം. ഇനി ലക്ഷദ്വീപിലേക്ക് തിരിക്കുന്നതും ഇതേ കടല്‍ പരപ്പിലൂടെ ഭാരത് സീമയില്‍ തന്നെ.