Connect with us

Kerala

തുടര്‍ ചലനങ്ങള്‍; പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: ഒരാഴ്ച നീണ്ട ഡല്‍ഹി ദൗത്യം പരാജയപ്പെട്ടതോടെ അതിന്റെ തുടര്‍ചലനങ്ങള്‍ കോണ്‍ഗ്രസിലും യു ഡി എഫിലും പ്രതിസന്ധി സൃഷ്ടിക്കുന്നു. മുഖ്യമന്ത്രിയും രമേശും അകന്നതിനൊപ്പം കോണ്‍ഗ്രസിലെ ഇരു ഗ്രൂപ്പുകളും രണ്ട് ധ്രുവങ്ങളിലായി കരുക്കള്‍ നീക്കുകയാണ്. അസംതൃപ്തരായി നില്‍ക്കുന്ന ഘടക കക്ഷികളെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകള്‍ കൂടി ആയതോടെ മുന്നണിക്കുള്ളിലെ ഭിന്നതക്കും മൂര്‍ച്ച കൂടുകയാണ്. വാക്‌പോരിന് കുറവില്ലെങ്കിലും ഇനിയുള്ള കാലം എന്താകുമെന്ന പിരിമുറുക്കം കോണ്‍ഗ്രസിലും ഘടക കക്ഷികളിലുമെല്ലാമുണ്ട്. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് അധികകാലം ഇല്ലാത്തതിനാല്‍ എങ്ങനെ മുറിവുണക്കുമെന്ന ധാരണ ആര്‍ക്കുമില്ല. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഘടക കക്ഷികളുടെ ആവലാതി ഹൈക്കമാന്‍ഡ് കേള്‍ക്കുന്ന സാഹചര്യം പോലുമുണ്ടായില്ല. ഗ്രൂപ്പ് കളിയാണ് ഈ നിലയിലെത്തിച്ചതെന്ന് ലീഗും മാണിയും ആവര്‍ത്തിക്കുമ്പോള്‍ ഘടക കക്ഷികളുടെ നിലപാടാണ് പ്രശ്‌നപരിഹാരത്തിന് തടസ്സമായതെന്ന വാദം ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും ഉയര്‍ത്തുന്നു.
പാളിപ്പോയ ദൗത്യം പോസ്റ്റ്‌മോര്‍ട്ടം നടത്തി മുറിവിന്റെ ആഴംകൂട്ടുന്ന പ്രതികരണങ്ങളാണ് നേതാക്കളെല്ലാം നടത്തുന്നത്. രമേശിനെ അനുകൂലിച്ച് കൊച്ചിയിലും കോട്ടയത്തും പ്രകടനങ്ങള്‍ നടന്നതോടെ ഭിന്നത തെരുവിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണങ്ങളും കണ്ട് തുടങ്ങി. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ഉപരോധം പ്രഖ്യാപിച്ച പ്രതിപക്ഷത്തിന് കോണ്‍ഗ്രസിലെ പിണക്കം ഊര്‍ജം പകരുകയാണ്.
പാളിപ്പോയ ദൗത്യത്തിന്റെ വിലയിരുത്തലിലായിരുന്നു ഇന്നലെ ഇരുക്യാമ്പുകളും. ഉമ്മന്‍ ചാണ്ടിക്കും എ ഗ്രൂപ്പിനും തിരിച്ചടിയുണ്ടായെന്നാണ് പൊതുനിരീക്ഷണം. മന്ത്രിയാകാനില്ലെന്ന നിലപാടില്‍ മാറ്റമില്ലെങ്കില്‍ എന്തിനാണ് ഒരാഴ്ചയിലധികം ഡല്‍ഹിയില്‍ തമ്പടിച്ചതെന്ന ചോദ്യം രമേശിനെതിരെയും ഉയരുന്നു. എന്നാല്‍, കിട്ടിയത് വാങ്ങി മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിലൂടെ തന്റെ രാഷ്ട്രീയഗ്രാഫ് ഉയര്‍ത്താന്‍ രമേശിന് കഴിഞ്ഞിട്ടുണ്ടെന്നാണ് ഐ ഗ്രൂപ്പിന്റെ അവകാശവാദം.
കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന നിലപാടിന് സോണിയാ ഗാന്ധിയുടെ അംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വിജയമായി ഐ ഗ്രൂപ്പുകാര്‍ കരുതുന്നു. ഉമ്മന്‍ ചാണ്ടി പോലും അറിയാതെ സോണിയയെ കണ്ട് തീരുമാനം അംഗീകരിപ്പിക്കാന്‍ കഴിഞ്ഞതും അത് പരസ്യമായി പ്രഖ്യാപിച്ചതിലൂടെയും രമേശിന് ഹൈക്കമാന്‍ഡിലുള്ള പിന്തുണ വ്യക്തമാണെന്ന വാദവും ഐ ഗ്രൂപ്പ് ഉന്നയിക്കുന്നുണ്ട്.
എന്നാല്‍, രമേശിന്റെ നിലപാടില്‍ ഉമ്മന്‍ ചാണ്ടിക്ക് കടുത്ത പ്രതിഷേധമുണ്ട്. തലേദിവസം ഒരുമിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടും പൊടുന്നനെ സോണിയയെ കണ്ട് തീരുമാനം പ്രഖ്യാപിച്ച രമേശിന്റെ നടപടി ശരിയായില്ലെന്നാണ് എ ഗ്രൂപ്പ് നിലപാട്. ചില ഐ ഗ്രൂപ്പ് നേതാക്കള്‍ നടത്തിയ ഗൂഢാലോചനയാണെന്ന സംശയവും ഇവര്‍ ഉന്നയിക്കുന്നു. ഉത്തരവാദിത്വം ഘടകകക്ഷികളുടെ മേല്‍ ചുമത്താനുള്ള നീക്കവും കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. ലീഗിനെ ലക്ഷ്യമിട്ട് അജയ്തറയില്‍ നടത്തിയ പരാമര്‍ശം ഈ നീക്കത്തിന്റെ ഭാഗമാണ്.
അഞ്ചാം മന്ത്രിയിലൂടെ മന്ത്രിസഭയിലെ സാമുദായിക സന്തുലനം തകര്‍ത്ത ലീഗ് ആണ് പ്രശ്‌നപരിഹാരവും തടസ്സപ്പെടുത്തിയതെന്നായിരുന്നു അജയ് തറയിലിന്റെ ആരോപണം. എന്‍ എസ് എസിനെയും എസ് എന്‍ ഡി പിയെയും കോണ്‍ഗ്രസില്‍ നിന്ന് അകറ്റിയ ലീഗ് അവരുടെ പിണക്കം തീര്‍ക്കാനുള്ള നീക്കവും പരാജയപ്പെടുത്തിയെന്ന ഗുരുതരമായ ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. എന്നാല്‍, കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്ക് മേല്‍ കെട്ടിവെക്കേണ്ടെന്ന് ലീഗും മാണിയും പ്രതികരിച്ചു. ഒരു ചര്‍ച്ചയും നടത്താതെ ഉപമുഖ്യമന്ത്രി പദത്തിന് തങ്ങള്‍ തടസ്സം നിന്നുവെന്ന് പറയുന്നതിലെ യുക്തി ലീഗ് ചോദ്യം ചെയ്യുന്നു. രൂക്ഷമായി തന്നെയാണ് ലീഗ് നേതാക്കളും കെ എം മാണിയും ഇതിനോട് പ്രതികരിച്ചതും.
മുന്നണിക്കുള്ളിലെ തങ്ങളുടെ പരാതി പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തണമെന്ന് ലീഗും മാണിയും ആവശ്യപ്പെട്ട് കൊണ്ടിരിക്കെയാണ് രമേശിന്റെ മന്ത്രിസഭാപ്രവേശം അട്ടിമറിച്ചെന്ന കുറ്റം കൂടി അവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. നേരത്തെയുള്ള പരാതി പരിഹരിച്ചില്ലെന്ന് മാത്രമല്ല, പുതിയ ആവലാതികള്‍ സൃഷ്ടിക്കുന്ന സാഹചര്യവും ഉണ്ടായിരിക്കുന്നു. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം യു ഡി എഫ് യോഗം മതിയെന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചിരുന്നത്. ഘടകകക്ഷികളുമായി ചര്‍ച്ചക്ക് ഹൈക്കമാന്‍ഡ് തയ്യാറാകാത്ത സാഹചര്യത്തില്‍ ഇനി എന്ത് എന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയുമില്ല. ഏതായാലും വരും ദിവസങ്ങളിലെ സര്‍ക്കാറിന്റെ മുന്നോട്ട് പോക്ക് സുഖകരമാകില്ലെന്ന സൂചനകളാണ് നേതാക്കളുടെ പ്രസ്താവനകളും ഇടപെടലുകളും നല്‍കുന്നത്.

Latest