Connect with us

Kerala

ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമം

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്ത് ഗുരുതരമായ ആരോഗ്യ പ്രതിസന്ധിക്ക് കാരണമായേക്കാവുന്ന വിധത്തില്‍ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു. അടിയന്തര ഘട്ടത്തില്‍ നല്‍കേണ്ട ജീവന്‍രക്ഷാ ഔഷധങ്ങളും സാധാരണയായി നല്‍കേണ്ട മരുന്നുകളും ഒരുപോലെ സംസ്ഥാനത്തെ മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമല്ല. കഴിഞ്ഞ ഒരു മാസമായി മരുന്നുകളുടെ ക്ഷാമം അനുഭവപ്പെട്ടിട്ടും സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മരുന്ന് വിതരണം ചെയ്യുന്ന മെഡിക്കല്‍ കോര്‍പ്പറേഷനും ആരോഗ്യ വകുപ്പിനും വിഷയത്തില്‍ ഇടപെടാനായിട്ടില്ല.
ആന്റിബയോട്ടിക്കുകള്‍ക്കും വിവിധ ഇനം ഡ്രിപ്പുകള്‍ക്കുമാണ് കൂടുതല്‍ ക്ഷാമം നേരിടുന്നത്. രക്തസമ്മര്‍ദ രോഗികള്‍ക്ക് വിതരണം ചെയ്യുന്ന അറ്റനോലോള്‍, ലോസാര്‍ട്ടന്‍, എന്‍ലാര്‍പിന്‍, പ്രമേഹ രോഗികള്‍ക്ക് നല്‍കുന്ന ഗ്ലൈബന്‍കമേഡ്, ഗ്രിമിനൈറ്റ് എന്നിവയൊന്നും കിട്ടാനില്ലാത്ത അവസ്ഥയാണ്. മറ്റു ജീവന്‍രക്ഷാ മരുന്നുകളുടെ സ്ഥിതിയും ഇതുതന്നെയാണ്.
മരുന്നുകള്‍ക്ക് പുറമെ മുറിവുകളും മറ്റും വൃത്തിയാക്കാനും മരുന്ന് വെച്ച് കെട്ടാനും സാധാരണയായി ഉപയോഗിക്കുന്ന കോട്ടന്‍, ബാന്‍ഡേജ്, ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റു പാരാമെഡിക്കല്‍ ജിവനക്കാര്‍ക്കും ഉപയോഗിക്കേണ്ട ഗ്ലൗസ് എന്നിവക്കും ക്ഷാമം നേരിടുന്നുണ്ട്. നിലവില്‍ പാരസറ്റമോള്‍ ക്യാപ്‌സ്യൂള്‍ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ഇപ്പോള്‍ രോഗികള്‍ക്ക് തടസ്സമില്ലാതെ വിതരണം ചെയ്യുന്നത്.
മെഡിക്കല്‍ കോര്‍പ്പറേഷന്റെ അശാസ്ത്രീയമായ മരുന്ന് വിതരണമാണ് ക്ഷാമത്തിന് ഇടയാക്കുന്നത്. ഒരു വര്‍ഷത്തേക്ക് ആവശ്യമായ മരുന്ന് മെഡിക്കല്‍ കോര്‍പ്പറേഷന് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ രണ്ട് തവണയായി വിതരണം ചെയ്യുന്നതായിരുന്നു നേരത്തെയുള്ള രീതി. എന്നാല്‍ ഇപ്പോള്‍ വര്‍ഷത്തില്‍ ആറ് തവണയായി മരുന്ന് വിതരണം ചെയ്യുന്നതാണ് ക്ഷാമം നേരിടുന്നതിന് കാരണമാകുന്നത്. സാധാരണ സമയങ്ങളില്‍ ലഭിക്കുന്ന തോത് അനുസരിച്ചാണ് ഏറ്റവും കൂടുതല്‍ മരുന്ന് ആവശ്യമായി വരുന്ന മഴക്കാലത്തും ലഭ്യമാകുന്നത്. ഈ അശാസ്ത്രീയതയാണ് മരുന്ന് ക്ഷാമത്തിന് കാരണമാകുന്നത്. ഇത് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും പരിഹാരമുണ്ടായിട്ടില്ല.
ഗ്രാമപ്രദേശങ്ങളിലുള്‍പ്പെടെയുള്ള സാധാരണക്കാരായ രോഗികള്‍ ആശ്രയിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് റഫര്‍ ചെയ്യുന്ന താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം ഒരു പോലെ മരുന്ന് ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ഡ്രിപ്പ് ലഭ്യമല്ലാത്തതിനാല്‍ സാധാരണക്കാരായ രോഗികള്‍ അഞ്ഞൂറ് രൂപ വരെ ചെലവഴിച്ച് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്.

Latest