Connect with us

Kerala

സരിതയുടെ മൊഴിമാറ്റത്തിന് കാരണം ജയിലിലെ ഗൂഢാലോചനയെന്ന് സംശയം

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ മൊഴിമാറ്റവുമായി ബന്ധപ്പെട്ട് പത്തനംതിട്ട, അട്ടക്കുളങ്ങര ജയിലുകളില്‍ വന്‍ഗൂഢാലോചന നടന്നതായി സൂചന. അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റുന്നതിന് തൊട്ട് മുമ്പത്തെ ദിവസവും അട്ടക്കുളങ്ങര ജയിലിലെത്തി സരിത സൂപ്രണ്ടിന് മൊഴി എഴുതി നല്‍കുന്നതിന് രണ്ടുദിവസം മുമ്പുമാണ് ഗൂഢാലോചന നടന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. പത്തനംതിട്ട ജയിലില്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷണനൊപ്പം ജയിലിലെത്തിയ വ്യക്തിയാണ് ഗൂഢാലോചനക്ക് ചരടുവലിച്ചതെന്നാണ് സൂചന. ഇയാളെ സംബന്ധിച്ച സൂചനകളൊന്നും ജയില്‍ രേഖകളില്‍ ഇല്ല. ഫെനിക്കൊപ്പം മറ്റൊരാളും സരിതയെ സന്ദര്‍ശിച്ചെന്നാണ് ജയില്‍ ജീവനക്കാര്‍ നല്‍കുന്ന സൂചന.
സരിതയുമായി ഈ വ്യക്തി കുറച്ചുനേരം സംസാരിച്ചെന്നും വിഷയം എന്തെന്നറിയില്ലെന്നുമാണ് ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. സരിതയുടെ മൊഴി മാറ്റത്തിനു പിന്നില്‍ വന്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെങ്കില്‍ അതില്‍ ഈ വ്യക്തിയുടെ പങ്ക് പോലീസ് കേന്ദ്രങ്ങള്‍ സംശയിക്കുന്നുണ്ട്. സരിതയും സഹോദരനും അഭിഭാഷകനെയും കൂടാതെ സരിതയെ ജയിലില്‍ സന്ദര്‍ശിച്ച ഏക വ്യക്തിയും ഇയാളാണ്.
അതേസമയം, അട്ടക്കുളങ്ങര ജയിലില്‍ സരിതയെ സന്ദര്‍ശിച്ച ലഹരി വിരുദ്ധ കൗണ്‍സിലറുടെ പങ്കും സംശയാസ്പദമാണ്. മൊബൈല്‍ ഫോണും ബാഗുമായി ജയിലില്‍ കടക്കാന്‍ ശ്രമിച്ച ഇയാളെ വാര്‍ഡന്‍ തടഞ്ഞെങ്കിലും ജയില്‍ സൂപ്രണ്ട് ഇടപെട്ട് ജയിലുള്ളില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാള്‍ സരിതുമായി മിനുട്ടുകളോളം സംസാരിച്ചിരുന്നു.
കൂടാതെ, ഇയാളെപ്പറ്റി ജയില്‍ രജിസ്റ്ററില്‍ വാര്‍ഡന്‍ രേഖപ്പെടുത്തിയെങ്കിലും സൂപ്രണ്ട് ഇതു വെട്ടിത്തിരുത്തിയെന്നും ആരോപണമുണ്ട്. ഇതേച്ചൊല്ലി ജയിലില്‍ വാക്തര്‍ക്കം ഉണ്ടായെന്നും ആക്ഷേപമുണ്ട്. അട്ടക്കുളങ്ങര ജയിലില്‍ സരിതയുടെ അമ്മയ്‌ക്കൊപ്പമുണ്ടായിരുന്ന ബന്ധുവിനെ ചുറ്റിപ്പറ്റിയും സംശയങ്ങള്‍ ഉയരുന്നുണ്ട്.