Connect with us

National

ഐ എ എസുകാരിയുടെ സസ്‌പെന്‍ഷന്‍: പ്രധാനമന്ത്രി ഇടപെടണമെന്ന് സോണിയാ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മണല്‍മാഫിയക്കെതിരെ കര്‍ശന നിലപാടെടുത്ത ഐ എ എസ് ഉദ്യോഗസ്ഥ ദുര്‍ഗാ ശക്തിയെ സസ്‌പെന്‍ഡ് ചെയ്തതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആശങ്ക രേഖപ്പെടുത്തി. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനയച്ച കത്തിലാണ് സോണിയ ആശങ്ക അറിയിച്ചത്. ഇത് സംസ്ഥാനത്തെ പ്രശ്‌നമാണെങ്കിലും കേന്ദ്രം ഇടപെടണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ഗൗതം ബുദ്ധ് നഗര്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് സ്ഥാനത്ത് നിന്ന് ഒരാഴ്ച മുമ്പാണ് ദുര്‍ഗയെ സസ്‌പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ ഇടപെട്ടാല്‍ ഉദ്യോഗസ്ഥക്ക് നീതി ലഭിച്ചില്ലെന്ന ആരോപണമുണ്ടാകില്ലെന്ന് സോണിയയുടെ കത്തില്‍ പറയുന്നു. നേരത്തെ ഐ എ എസ് സംഘടന കേന്ദ്രത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു.
സോണിയ ഇത്തരത്തില്‍ രണ്ട് കത്തുകള്‍ കൂടി എഴുതേണ്ടതുണ്ടെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ ഇതിനോട് പ്രതികരിച്ചു. ഒന്ന് ഹരിയാനയില്‍ ഐ എ എസ് ഉദ്യോഗസ്ഥനായ അശോക് ഖേംകക്ക് വേണ്ടിയും രണ്ടാമത്തേത് രണ്ട് ഐ എ എസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത രാജസ്ഥാന്‍ സര്‍ക്കാറിനും ആകണമെന്ന് അദ്ദേഹം പറഞ്ഞു. 1991 ബാച്ച് ഐ എ എസുകാരനായ ഖേംക 22 വര്‍ഷത്തിനിടെ 44 പ്രാവശ്യമാണ് സ്ഥലം മാറ്റത്തിന് വിധേയനായത്. സോണിയയുടെ മരുമകന്‍ റോബര്‍ട്ട് വധേര ഉള്‍പ്പെട്ട ഭൂമി ഇടപാട് സംബന്ധിച്ച വിവരം പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്നാണ് ഏറ്റവും ഒടുവില്‍ ഖേംകക്ക് സ്ഥാനചലനം ഉണ്ടായത്. അതേസമയം, വര്‍ഗീയ ലഹള ഉണ്ടാകാന്‍ സാധ്യത നിലനില്‍ക്കെ, മുസ്‌ലിം പള്ളിക്ക് എതിരായി നടപടിയെടുത്തതു കൊണ്ടാണ് ദുര്‍ഗയെ സസ്‌പെന്‍ഡ് ചെയ്തതെന്നാണ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വിശദീകരണം. പള്ളിയുടെ മതില്‍ പൊളിക്കാന്‍ ദുര്‍ഗ ഉത്തരവിട്ടുവെന്നാണ് യു പി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ദുര്‍ഗ ഇത് നിഷേധിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest