Connect with us

National

സംസ്ഥാന വിഭജനം: അസമില്‍ പ്രക്ഷോഭം രൂക്ഷം

Published

|

Last Updated

ഗുവാഹത്തി: തെലങ്കാനക്ക് അംഗീകാരം നല്‍കിയ പശ്ചാത്തലത്തില്‍ പുതിയ സംസ്ഥാനം രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് അസമിലെ കര്‍ബി അംഗ്‌ലോംഗ് ജില്ലയില്‍ നടക്കുന്ന പ്രക്ഷോഭം കൂടുതല്‍ അക്രമാസക്തമാകുന്നു. നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തീയിട്ട പ്രക്ഷോഭകര്‍ ട്രെയിന്‍ പാതകള്‍ തകര്‍ത്തിട്ടുമുണ്ട്. പൊതുമരാമത്ത്, ജലസേനചന, കൃഷി, ശിശുക്ഷേമ വകുപ്പുകളുടെ ഓഫീസുകള്‍ക്കാണ് തീയിട്ടത്. ദിഫു- ദോല്‍ദോലി സ്റ്റേഷനുകള്‍ക്കിടയിലെ റെയില്‍ പാതയുടെ ഒരു ഭാഗം പ്രക്ഷോഭകര്‍ എടുത്തുമാറ്റിയതോടെ ട്രെയിന്‍ സര്‍വീസുകള്‍ നിലച്ചിട്ടുണ്ട്. ദോങ്കാമുഖത്ത് പോലീസ് നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.
വെസ്റ്റ് കര്‍ബി അംഗ്‌ലോംഗ് ജില്ലയില്‍ ഏര്‍പ്പെടുത്തിയ അനിശ്ചിതകാല കര്‍ഫ്യൂ ഇന്നലെയും തുടര്‍ന്നു. ജില്ലാ ആസ്ഥാനമായ ദിഫുവില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയില്‍ ഇന്നലെ മൂന്ന് മണിക്കൂര്‍ ഇളവ് നല്‍കിയിരുന്നു. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ സൈന്യം ഇന്നലെയും ഫഌഗ് മാര്‍ച്ച് നടത്തി. സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുമായുള്ള ത്രികക്ഷി ധാരണാപത്രത്തില്‍ ഒപ്പ് വെച്ച യൂനൈറ്റഡ് പീപ്പിള്‍സ് സോളിഡാരിറ്റി ദീര്‍ഘകാലം ഇത് പാലിക്കാനാകില്ലെന്ന് വ്യക്തമാക്കി. 2011 സെപ്തംബറിലാണ് ധാരണാപത്രത്തില്‍ ഒപ്പ് വെച്ചത്.
അതേസമയം, കമതാപൂര്‍ സംസ്ഥാനം രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് ആള്‍ കൂച്ച് രാജ്‌ബോംബ്ഷിസ് ആഹ്വാനം ചെയ്ത 36 മണിക്കൂര്‍ ബന്ദില്‍ ബൊങ്കായ്ഗാവ്, ബക്‌സ ജില്ലകളില്‍ ജനജീവിതം രണ്ടാം ദിവസവും സ്തംഭിച്ചു. ബോഡോലാന്‍ഡ് രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം അഞ്ച് മുതല്‍ അറുപത് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ബന്ദിന് ആള്‍ ബോഡോസ് സ്റ്റുഡന്റ്‌സ് യൂനിയന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതേ ആവശ്യമുന്നയിച്ച് പന്ത്രണ്ട് മണിക്കൂര്‍ ട്രെയിന്‍ തടയല്‍ സമരം നടത്തിയിരുന്നു.
പ്രത്യേക സംസ്ഥാനങ്ങള്‍ക്കായി അസമില്‍ സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് ചര്‍ച്ച നടത്തി. മൂന്ന് പ്രത്യേക സംസ്ഥാനങ്ങള്‍ രൂപവത്കരിക്കണമെന്നാണ് ആവശ്യമുയരുന്നത്. മധ്യ അസമില്‍ കര്‍ബി അംഗ്‌ലംഗ്, ദിമാ ഹസാവോ ജില്ലകള്‍ ഉള്‍പ്പെടുത്തി പ്രത്യേക സംസ്ഥാനം വേണമെന്ന് കര്‍ബികള്‍ ആവശ്യപ്പെടുന്നു.
ഇപ്പോള്‍ സ്വയംഭരണ പദവിയുള്ള നാല് ജില്ലകള്‍ ഉള്‍പ്പെടുത്തി ബോഡോലാന്‍ഡ് സംസ്ഥാനം വേണമെന്ന് ബോഡോകള്‍ വാശിപിടിക്കുന്നു. കൂച്ച്ബീഹാറിനെ കമാതാപൂര്‍ സംസ്ഥാനം ആക്കണമെന്ന് കൂച്ച് രാജ്‌ബോംഗ്ഷികള്‍ ആവശ്യപ്പെടുന്നു.