Connect with us

National

എം ബി ബി എസ് ബിരുദമുള്ള അലോപ്പതി ഡോക്ടര്‍മാര്‍ വിരളം

Published

|

Last Updated

മുംബൈ: രാജ്യത്തെ ഭൂരിഭാഗം അലോപ്പതി ഡോക്ടര്‍മാര്‍ക്കും എം ബി ബി എസ് ബിരുദമില്ലെന്ന് പഠനം. ആയുര്‍വേദം, ഹോമിയോപ്പതി തുടങ്ങിയ മേഖലകളില്‍ ബിരുദമുള്ള ഡോക്ടര്‍മാര്‍ അലോപ്പതി ചികിത്സ നടത്തുകയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. എം ബി ബി എസ് ഇല്ലാത്ത ഇത്തരം ഡോക്ടര്‍മാര്‍ കുറഞ്ഞ ഫീസ് വാങ്ങി ചികിത്സിക്കുന്നതിനാല്‍ വലിയ പരാതികള്‍ ഉയരുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു. ചികിത്സാ രംഗത്തെ പ്രവണതകളില്‍ ഗവേഷണം നടത്തുന്ന ഐ എം എസ് ഹെല്‍ത്ത് എന്ന അന്താരാഷ്ട്ര സ്ഥാപനമാണ് ഈ വിവരങ്ങള്‍ മുന്നോട്ട് വെക്കുന്നത്.
120 നഗരങ്ങളില്‍ നിന്നുള്ള നാല് ലക്ഷത്തോളം ഡോക്ടര്‍മാരെ ഉള്‍ക്കൊള്ളിച്ചാണ് തങ്ങള്‍ പഠനം നടത്തിയതെന്ന് ഐ എം എസ് ഹെല്‍ത്ത് പറയുന്നു. കൃത്യമായ വൈദഗ്ധ്യമില്ലാത്തവര്‍ നഗരങ്ങളില്‍ ഇത്ര വലിയ തോതില്‍ ചികിത്സാ രംഗം കീഴടക്കുമ്പോള്‍ ഗ്രാമങ്ങളിലെ സ്ഥിതി ഭീകരമായിരിക്കുമെന്ന നിഗനമത്തിലാണ് പഠനം എത്തിച്ചേരുന്നത്. ഇന്ത്യയിലെ ആരോഗ്യ സംവിധാനങ്ങളിലെ ഗുരുതരമായ പിന്നാക്കാവസ്ഥയാണ് ഈ പഠനം കാണിക്കുന്നതെന്ന് ഐ എം എസ് ഹെല്‍ത്ത് സൗത്ത് ഏഷ്യ എം ഡി. അമിത് ബക്ക്‌ലിവാല്‍ പറഞ്ഞു. നഗരങ്ങളിലേതിനേക്കാള്‍ ഗുരുതരമാണ് ഗ്രാമങ്ങളിലെ സ്ഥിതി. ആരോഗ്യ രക്ഷാ സൗകര്യങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് മേഖലാപരമായ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാര്‍ ഈടാക്കുന്ന ഫീസിനും ഏകരൂപമില്ല. ജനറല്‍ മെഡിസിന്‍ വിഭാഗത്തിലുള്ള ഡോക്ടര്‍മാരെ അപേക്ഷിച്ച് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ പല മടങ്ങ് ഫീസ് ഈടാക്കുന്നുവെന്നും ഇത് പലപ്പോഴും വ്യക്തികള്‍ക്കനുസരിച്ച് മാറുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐ എം എസിന്റെ കണ്ടെത്തലുകളെ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ശരിവെച്ചിട്ടുണ്ട്. വ്യാജന്‍മാര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. കൃത്യമായ യോഗ്യതകളില്ലാതെ അലോപ്പതി ചികിത്സ നടത്തുന്നവര്‍ രാജ്യത്താകെ 10 ലക്ഷം പേരുണ്ടെന്നാണ് ഐ എം എ മുന്നോട്ട് വെക്കുന്ന കണക്ക്. ഇതില്‍ നാല് ലക്ഷത്തോളം പേര്‍ ആയുര്‍വേദ, സിദ്ധ, യൂനാനി മേഖലയില്‍ നിന്നുള്ളവരാണെന്നും ഐ എം എ ആരോപിക്കുന്നു.

Latest