വിശ്വാസി ലക്ഷങ്ങള്‍ ഇന്ന് സ്വലാത്ത് നഗറില്‍

Posted on: August 4, 2013 4:50 pm | Last updated: August 4, 2013 at 4:53 pm
SHARE

Ma'din prayer meet Gateമലപ്പുറം: റമസാന്‍ ഇരുപത്തിയേഴാം രാവിന്റെ പുണ്യവും പ്രാര്‍ഥനാപൂര്‍ണമായ നിമിഷങ്ങളുടെ ധന്യതയും തേടിയെത്തുന്ന വിശ്വാസികള്‍ ഇന്ന് സ്വലാത്ത് നഗറില്‍ ആത്മീയ സംഗമം തീര്‍ക്കും. ഇന്നലെ രാത്രി തന്നെ ജനങ്ങളുടെ ചെറുകൂട്ടങ്ങള്‍ സ്വലാത്ത് നഗറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കാലവര്‍ഷത്തിന് നേരിയ അയവ് ലഭിച്ചതും നഗരികളിലെല്ലാം പന്തലുള്‍പ്പെടെയുള്ള വിപുലമായ സൗകര്യങ്ങളൊരുക്കിയതും വിശ്വാസികള്‍ക്ക് ഏറെ ആശ്വാസമാകും.
ഇന്ന് പ്രഭാതത്തോടെ ആരംഭിച്ച് നാളെ പുലര്‍ച്ചയോടെ സമാപിക്കുന്ന രീതിയിലാണ് ആത്മീയ സംഗമത്തിലെ സമാപന പരിപാടികള്‍. ഓരോ പുണ്യ നിമിഷങ്ങളും വ്യത്യസ്ത ആരാധനകളാല്‍ ധന്യമാക്കാനാകുന്ന തരത്തിലാണ് പരിപാടികളുടെ ക്രമീകരണം. രാവിലെ മുതല്‍ തുടങ്ങുന്ന മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദിലെ ഇഅ്തികാഫ് ജല്‍സയില്‍ 5.30ന് അബ്ദുസ്സലാം ബാഖവി ഹദീസ് പാഠം അവതരിപ്പിക്കും. ഏഴ് മണിക്ക് സ്‌കൂള്‍ ഓഫ് ഖൂര്‍ആനില്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ക്ലാസെടുക്കും.
ഒരു മണിക്ക് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ ഖത്മുല്‍ ഖുര്‍ആന്‍, അസ്മാഉല്‍ ബദര്‍ പ്രാര്‍ഥനാ സദസ്സാണ്. നാലിന് സ്വലാത്ത് നഗറിലെ പ്രധാന വേദിയില്‍ ബുര്‍ദ പാരായണം. തുടര്‍ന്ന് ഗ്രാന്‍ഡ് മസ്ജിദില്‍ വിര്‍ദുല്ലത്വീഫ് മജ്‌ലിസ് നടക്കും. മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം ഏറെ പുണ്യമുള്ള അവ്വാബീന്‍, തസ്ബീഹ് നിസ്‌കാരങ്ങള്‍ നടക്കും. ഇശാ, തറാവീഹ്, വിത്ര്‍ നിസ്‌കാരങ്ങള്‍ക്കും വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാത്രി പത്തിന് പ്രധാന ചടങ്ങുകള്‍ തുടങ്ങും. നാരിയത്തു സ്വലാത്ത് മജ്‌ലിസ് ഉള്‍പ്പെടെ പ്രധാന പരിപാടികള്‍ക്ക് സമസ്ത അധ്യക്ഷന്‍ താജുല്‍ ഉലമാ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നടത്തും. അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഭീകരതക്കും ലഹരിക്കുമെതിരായുള്ള പ്രതിജ്ഞ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ചൊല്ലിക്കൊടുക്കും. ആയിരം തവണ ജനലക്ഷങ്ങള്‍ ഒന്നിച്ച് തഹ്‌ലീല്‍ ചൊല്ലിക്കൊണ്ടുള്ള ഹദ്ദാദ് റാതീബ്, പാപങ്ങള്‍ ഏറ്റുപറഞ്ഞുകൊണ്ടുള്ള പശ്ചാത്താപ പ്രാര്‍ഥനയായ തൗബക്ക് ഖലീലുല്‍ ബുഖാരി നേതത്വം നല്‍കും. പ്രാര്‍ഥനാ സമ്മേളനത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രകാശനവും നടക്കും.
സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് അഹ്മദ് കുഞ്ഞുട്ടി തങ്ങള്‍, പൂക്കോയ തങ്ങള്‍ തലപ്പാറ, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, കെ പി എച്ച് തങ്ങള്‍, സയ്യിദ് അബ്ദുല്ലാ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, വയനാട് ഹസന്‍ മുസ്‌ലിയാര്‍, എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ഹൈദ്രോസ് മുസ്‌ലിയാര്‍ കൊല്ലം, വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, സി മുഹമ്മദ് ഫൈസി, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി തുടങ്ങിയവര്‍ പ്രാര്‍ഥനാ സമ്മേളന നഗരിയെ ധന്യമാക്കും.