Connect with us

Gulf

ശമ്പളം ഉയര്‍ന്നപ്പോള്‍ വാങ്ങാനേറെ സാധനങ്ങള്‍

Published

|

Last Updated

മസ്‌കത്ത്: സ്വകാര്യ മേഖലയിലെ സ്വദേശികളുടെ മിനിമം ശമ്പളം ഉയര്‍ത്തിയത് പെരുന്നാള്‍ വിപണിയിലും മാറ്റമുണ്ടാക്കി. വേതനം വര്‍ധിച്ചതോടെ സ്വദേശി ഉപഭോക്താക്കള്‍ കൂടുതല്‍ പര്‍ച്ചേസ് നടത്തുന്നതിനായി സൂപ്പര്‍മാര്‍ക്കറ്റുകളിലെ തിരക്ക് തെളിയിക്കുന്നു.
100,000 സ്വദേശി തൊഴിലാളികള്‍ക്കാണ് സ്വകാര്യ മേഖലയില്‍ നിന്ന് 325 റിയാല്‍ മിനിമം ശമ്പളം കഴിഞ്ഞ മാസം മുതല്‍ കിട്ടിത്തുടങ്ങിയത്. 200 റിയാലില്‍ നിന്ന് 325 ആയി ശമ്പളം ഉയര്‍ത്തിയതിന് ശേഷമുള്ള ആദ്യത്തെ പെരുന്നാളാണ് ഇത്.
സ്വദേശികളുടെ വസ്ത്രങ്ങള്‍ മാത്രം വില്‍പന നടത്തുന്ന കടകളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കൂടുതല്‍ ഷോപ്പിംഗ് നടത്താന്‍ സാധിക്കുന്നതില്‍ സ്വദേശികള്‍ ഏറെ സന്തുഷ്ടരാണ്.
കഴിഞ്ഞ ദിവസങ്ങളിലെ രാത്രി ഷോപ്പിംഗുകള്‍ക്കെത്തിയ സ്വദേശികളില്‍ ശമ്പള വര്‍ധനവിലെ സന്തോഷം പ്രകടമായിരുന്നു. കഴിഞ്ഞ പെരുന്നാളിനെ അപേക്ഷിച്ച് 125 റിയാല്‍ അധികം വേതനം ലഭിക്കുന്നത് കൂടുതല്‍ ഷോപ്പിംഗിന് അവസരം സൃഷ്ടിക്കുകയാണ്.
മാസാദ്യത്തിലായി പെരുന്നാള്‍ എത്തിയതും ശമ്പളം മുഴുവന്‍ ഷോപ്പിംഗിന് ചെലവഴിക്കാന്‍ സ്വദേശികള്‍ക്ക് പ്രചോദനമാകുന്നുണ്ട്.
പബ്ലിക് അതോറിറ്റി ഫോര്‍ സോഷ്യല്‍ ഇന്‍ഷ്വറന്‍സിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ 66 ശതമാനം തൊഴിലാളികളും കഴിഞ്ഞ മാസം വരെ 200 റിയാല്‍ ശമ്പളം കൈപ്പറ്റിയവരായിരുന്നു.