റിയാലൊന്നിന് നൂറ്റമ്പത്തൊമ്പത് ഉറുപ്പിക; പ്രവാസികളുടെ ശമ്പളത്തിന് പെരുന്നാള്‍ മധുരം

Posted on: August 4, 2013 12:25 am | Last updated: August 4, 2013 at 12:25 am
SHARE

Oman_rial_obverseമസ്‌കത്ത് : പെരുന്നാളിന് ഒരാഴ്ച കൂടി അവേശിക്കേ രാജ്യത്തെ കമ്പനികള്‍ ജൂലൈയിലെ ശമ്പളം വിതരണം ചെയ്തപ്പോള്‍ പ്രവാസികള്‍ക്ക് ഇരട്ടി മധുരം. രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞ് റിയാലിന് റിക്കാര്‍ഡ് നിരക്കില്‍ രൂപ ലഭിക്കുന്നതാണ് പ്രവാസികളെ സന്തോഷത്തിലാക്കുന്നത്.
ഇന്നലെ ഒരു റിയാലിന് 158.56 രൂപ നിരക്കിലാണ് അല്‍ ജദീദ് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം നടത്തിയത്. കൂടുതല്‍ തുക അയക്കാനുള്ളവര്‍ക്ക് 159 രൂപ നിരക്കിലും ചില എക്‌സ്‌ചേഞ്ചുകള്‍ രൂപ നല്‍കി.
ഒരു റിയാലിന് 158.45 രൂപയാണ് ഗ്ലോബല്‍ എക്‌സേഞ്ച് ഇന്നലെ നല്‍കിയ നിരക്ക്. തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളില്‍ ഇതേ നിരക്കില്‍ നാട്ടിലേക്കു പണമയക്കാമെന്ന ഓഫറുമായി ഗ്ലോബല്‍ ഉപഭോക്താക്കള്‍ക്ക് എസ് എം എസ് അയച്ചു. മറ്റു എക്‌സ്‌ചേഞ്ചുകളും ഉപഭോക്താക്കളിലേക്ക് സന്ദേശം അയച്ചും സോഷ്യല്‍ മീഡിയകളില്‍ കൂടുതല്‍ രൂപ ലഭിക്കുന്ന വിവരം പരസ്യം ചെയ്തും ഉപഭോക്കാക്കളെ ആകര്‍ഷിച്ചു.
കഴിഞ്ഞ ദിവസം രൂപ അല്‍പം ശക്തിപ്പെട്ടതിനെത്തുടര്‍ന്ന് വിനിമയ നിരക്കില്‍ നേരിയ മാറ്റം വന്നിരുന്നു. എന്നാല്‍ രണ്ടു ദിവസത്തിനിടെ സംഭവിച്ച ശക്തിക്ഷയത്തെത്തുടര്‍ന്ന് രൂപ വീണ്ടും തകര്‍ച്ചയെ അഭിമുഖീകരിക്കുകയായിരുന്നു.
സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ രൂപ നല്‍കിക്കൊണ്ടിരിക്കുന്നതെന്ന് എക്‌സ്‌ചേഞ്ച് പ്രതിനിധികള്‍ പറയുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ രാജ്യാന്തര വിപണിക്ക് അവധിയായതിനാല്‍ വിനിമയ നിരക്കിനു മാറ്റം വരില്ല. ഇത് ഇന്നും നാളെയുമെല്ലം ഇതേ നിരക്കില്‍ നാട്ടിലേക്കു പണമയക്കാന്‍ പ്രവാസികളെ സഹായിക്കും. ഇന്നലത്തെ നിരക്കനുസരിച്ച് ഒരു ലക്ഷം രൂപ നാട്ടിലയക്കാന്‍ 631 റിയാലാണ് എക്‌സ്‌ചേഞ്ചുകാര്‍ സ്വീകരിച്ചത്.
റിയാലിന് കൂടുതല്‍ രൂപ ലഭിക്കുന്ന പ്രവണത ഏതാനും മാസങ്ങളായി നിലനില്‍ക്കുന്നുണ്ടെങ്കിലു കൂടുതല്‍ തുക ലഭിക്കുന്നതനുസരിച്ച് കൂടുതല്‍ പേര്‍ നാട്ടിലേക്കു പണമയക്കുന്നുണ്ടെന്ന് എക്‌സ്‌ചേഞ്ചുകളിലെ റമിറ്റന്‍സ് കണക്കുകള്‍ വ്യക്തമാക്കുന്നു.
രൂപയുടെ മൂല്യമിടിഞ്ഞതോടെ ബേങ്ക് എക്കൗണ്ടുകളില്‍നിന്നു പോലും പണം പിന്‍വലിച്ച് നാട്ടിലേക്ക് അയക്കുന്ന രീതി കൂടി വരികയാണ്. അതു കൊണ്ടു തന്നെ ബേങ്ക് കാര്‍ഡുകളില്‍നിന്നും നേരിട്ട് പണം എടുത്ത് അയക്കാവുന്ന സൗകര്യം മിക്ക എക്‌സ്‌ചേഞ്ചുകളും സ്വീകരിച്ചു വരുന്നുണ്ട്.
റിയാലിന് കൂടുതല്‍ രൂപ ലഭിച്ചു തുടങ്ങിയതോടെ ഇവിടെ നിന്നുള്ള പര്‍ച്ചേസിംഗ് തോതിലും പ്രവസികള്‍ മാറ്റം വരുത്തിയിട്ടുണ്ട്. സാധനങ്ങളുടെ വിലയില്‍ വലിയ മാറ്റം വന്നിട്ടില്ലാത്തതില്‍ റിയാലിന് പകരം രൂപ നാട്ടിലേക്കു മാറ്റി നാട്ടില്‍നിന്നും പര്‍ച്ചേസിംഗ് നടത്തുന്ന രീതി അധിക പേരും സ്വീകരിച്ചു വരുന്നതായി റീട്ടെയില്‍ വ്യാപാരികള്‍ പറയുന്നു.