ഇന്റര്‍പോള്‍ അറസ്റ്റ്: മലയാളി യുവതിയുടെ മോചനമായില്ല

Posted on: August 4, 2013 12:17 am | Last updated: August 4, 2013 at 12:19 am
SHARE

interpolദമ്മാം: കുവൈത്തില്‍ നിന്ന് ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്ത് ദമ്മാമിലെത്തിച്ച മലയാളി യുവതിയുടെ മോചനം കാത്ത് ബന്ധുക്കള്‍. തിരുവനന്തപുരം മഞ്ഞപ്പാറ സഫീര്‍ഖാന്റെ ഭാര്യ റഹ്മത്ത് നുസൈഫ ബീവിയെ കഴിഞ്ഞ ജൂണ്‍ 12ന് കുവൈത്തില്‍ നിന്നാണ് ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തത്. സഊദി പൊലിസിന് കൈമാറിയ ഇവരെ ദമ്മാം ജയിലില്‍ എത്തിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഭര്‍ത്താവ് സഫീര്‍ ഖാനും റഹ്മത്ത് നുസൈഫയുടെ റിയാദിലുള്ള സഹോദരന്‍ മുഹമ്മദും ഇത് സംബന്ധിച്ച റിയാദിലേയും ദമ്മാമിലേയും സാമൂഹിക പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു വരികയാണ്. റഹ്മത്ത് നുസൈഫ നേരത്തെ ജോലി ചെയ്തിരുന്ന ദമ്മാമിലെ തൊഴിലുടമ നല്‍കിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. തൊഴില്‍ ചെയ്ത വീട്ടില്‍ നിന്ന് വന്‍ തുകയുടെ സാധനങ്ങള്‍ മോഷണം പോയെന്നാണ് റഹ്മത്ത് നുസൈഫക്കെതിരെയുള്ള പരാതി. രണ്ടു വര്‍ഷം മുമ്പാണ് റഹ്മത്ത് നുസൈഫ ദമ്മാമിലെ വീട്ടില്‍ ജോലി ചെയ്തിരുന്നത്. അവിടെ നിന്ന് അവധിക്ക് നാട്ടില്‍ പോയ ഇവര്‍ വിവാഹിതയാകുകയും പിന്നീട് കുവൈത്തിലുള്ള ഭര്‍ത്താവ് അയച്ചു കൊടുത്ത വിസയില്‍ അങ്ങോട്ടു പോകുകയുമായിരുന്നു. കുവൈത്തിലേക്ക് പോകാനായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സഊദിയില്‍ കേസുള്ളതിനാല്‍ പോകാനാവില്ലെന്ന് പറഞ്ഞ് എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്ന് മടക്കി അയച്ചിരുന്നു. പിന്നീട് ദല്‍ഹിയില്‍ നിന്ന് ക്ലിയറന്‍സ് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് റഹ്മത്ത് നുസൈഫ കുവൈത്തിലെത്തുന്നത്. റഹ്മത്ത് നുസൈഫയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നാട്ടില്‍ മന്ത്രിമാര്‍ക്കും നോര്‍ക്കക്കും പരാതി നല്‍കിയിട്ടുണ്ട്.