ഹെപ്പറ്റൈറ്റിസ് ഉയര്‍ത്തുന്ന വെല്ലുവിളി

Posted on: August 4, 2013 6:00 am | Last updated: August 3, 2013 at 11:37 pm
SHARE

Hepatitis-A-B-C-D (1)ലോക ഹെപ്പറ്റൈറ്റിസ് ദിനം ഈയിടെ ആചരിച്ചുവല്ലോ. ജൂലൈ 28 ആയിരുന്നു അത്. രോഗത്തിനെതിരെ ബോധവത്കരണവും പ്രതിരോധപ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഈ വേളയില്‍ ഹെപ്പറ്റൈറ്റിസ് എന്ന രോഗത്തെക്കുറിച്ച് ഏവരും കൂടുതല്‍ അറിയേണ്ടത് അനിവാര്യമാണ്.
കരളില്‍ ബാധിക്കുന്ന വീക്കമാണ് ഹെപ്പറ്റൈറ്റിസ്. ലക്ഷണങ്ങള്‍ കാണിക്കാതെയോ കുറഞ്ഞ തോതില്‍ മാത്രം പ്രത്യക്ഷപ്പെട്ടോ ഈ രോഗം വരാം. വിശപ്പില്ലായ്മ, ക്ഷീണം, മൂത്രത്തിലും കണ്ണുകളിലും മഞ്ഞ നിറം തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. ആറ് മാസത്തില്‍ താഴെ മാത്രം നീണ്ടുനില്‍ക്കുന്നത് അക്യൂട്ട് (രൂക്ഷം) ഹെപ്പറ്റൈറ്റിസ് എന്നും കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്നത് ക്രോണിക് എന്നും അറിയപ്പെടുന്നു. വൈറസിലൂടെയാണ് രോഗം കൂടുതലായും ഉണ്ടാകുന്നത്. എന്നാല്‍, ചിലപ്പോഴൊക്കെ മദ്യം, ചിലതരം മരുന്നുകള്‍, ജൈവ ലായനികള്‍, ചെടികള്‍ തുടങ്ങിയവയിലെ വിഷാംശങ്ങളിലൂടെയും മറ്റ് അണുബാധകളിലൂടെയും രോഗം വരാം. അഞ്ചിനം വൈറല്‍ ഏജന്റുകളിലൂടെയാണ് അക്യൂട്ട് ഹെപ്പറ്റൈറ്റിസ് ഉണ്ടാകുന്നത്.
വിശപ്പില്ലായ്മക്കു പുറമേ, ആലസ്യം, മസിലുകളിലും സന്ധികളിലും വേദന, മനംപിരട്ടലും ഛര്‍ദിയും, പല തരത്തിലുള്ള പനി, വയറിളക്കം, കരള്‍വീക്കം, അഞ്ച് പത്ത് ദിവസത്തിനു ശേഷമുള്ള മഞ്ഞപ്പിത്തം തുടങ്ങിയവയാണ് പൊതു ലക്ഷണങ്ങള്‍. രണ്ട് മൂന്നാഴ്ചകള്‍ കൊണ്ട് ഇവ കുറയുകയും 16 ആഴ്ച കൊണ്ട് പൂര്‍ണമായും മാറുകയും ചെയ്യും.
മലത്തില്‍ നിന്നും ഖര ദ്രവ ഭക്ഷണം വഴിയുമാണ് ഹെപ്പറ്റൈറ്റിസ് എ വൈറസുകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കൂട്ടത്തോടെ താമസിക്കുന്നവരിലും മറ്റുമാണ് ഈ രോഗം വേഗം പടരുന്നത്. 30 ദിവസം കൊണ്ട് ഇവ ശരീരത്തില്‍ വളര്‍ച്ച പ്രാപിക്കും. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിനു രണ്ടാഴ്ച മുമ്പേ വിസര്‍ജ്യത്തിലൂടെ ഇതു പുറത്തേക്കുവരും. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് ഒരാഴ്ചക്കുശേഷം അവയുണ്ടാകില്ല.
ലിവര്‍ എന്‍സൈമുകളായ എസ് ജി ഒ ടി, എസ് ജി പി ടി എന്നിവയും ആല്‍കലൈന്‍, ഫോസ്‌ഫെറ്റേസ്, ബിലിറൂബന്‍ എന്നിവയും പരിശോധനയില്‍ കൂടുതലായി കണ്ടെത്താനാകും. ഹെപ്പറ്റൈറ്റിസ് എ രൂക്ഷാവസ്ഥയിലായാല്‍ രക്തം കട്ട പിടിക്കാന്‍ താമസമുണ്ടാകും. ലബോറട്ടറികളില്‍ ഇവയുടെ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗത്തെ പ്രതിരോധിക്കുന്ന ആന്റിബോഡികള്‍ രോഗാവസ്ഥയുടെ ആദ്യത്തെ ആഴ്ച കൂടുതലായുണ്ടാകാമെങ്കിലും മൂന്ന് മുതല്‍ ആറ് മാസത്തിനകം അത് അപ്രത്യക്ഷമാകും.
വ്യക്തിശുദ്ധിയാണ് ഹെപ്പറ്റൈറ്റിസ് എ വരാതിരിക്കാനുള്ള ഏറ്റവും പ്രധാന കാര്യം. മലവിസര്‍ജനത്തിനു ശേഷം കൈകള്‍ നന്നായി കഴുകേണ്ടത് നിര്‍ബന്ധമാണ്. രോഗം പിടിപെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സഞ്ചരിക്കുന്നവരും ജീവിക്കുന്നവരും, പഴക്കം ചെന്ന കരള്‍രോഗമുള്ളവര്‍, മൃഗങ്ങളുമായി നിരന്തര സമ്പര്‍ക്കമുള്ളവര്‍, മാലിന്യനിര്‍മാര്‍ജന തൊഴിലാളികള്‍ തുടങ്ങിയവര്‍ എച്ച് എ വി വാക്‌സിനും ആറ് മുതല്‍ 18 മാസത്തിനുള്ളില്‍ ഒരു ബൂസ്റ്റര്‍ ഡോസും എടുക്കേണ്ടതാണ്.
ഇന്ത്യയില്‍ നാല് കോടി ഹെപ്പറ്റൈറ്റിസ് ബി വൈറസ് വാഹകരുണ്ട്. ഇത് ലോകത്താകമാനമുള്ളതിന്റെ 10 മുതല്‍ 15 വരെ ശതമാനമാണ്. ഇന്ത്യയില്‍ ഒരു വര്‍ഷം ജനിക്കുന്ന രണ്ടര കോടി കുട്ടികളില്‍ 10 ലക്ഷം പേര്‍ക്ക് രൂക്ഷമായ ഇന്‍ഫെക്ഷന്റെ സാധ്യത വളരെ കൂടുതലാണ്. ഇന്ത്യയില്‍ ഒരു വര്‍ഷം 10 ലക്ഷം ആളുകളാണ് എച്ച് ബി വി ഇന്‍ഫെക്ഷന്‍ മൂലമുണ്ടാകുന്ന അസുഖങ്ങള്‍ കാരണം മരിക്കുന്നത്. അണുബാധയുള്ള രക്തമോ അനുബന്ധ ഘടകങ്ങളോ ശരീരത്തില്‍ കുത്തിവെക്കുന്നതിലൂടെയും ഉമിനീര്, ബീജം തുടങ്ങിയവയിലൂടെയും മാതാവില്‍ നിന്ന് പ്രസവസമയത്ത് കുഞ്ഞിലേക്കും ഈ രോഗം പകരാം.
ഹെപ്പറ്റൈറ്റിസ് ബി വൈറസുകളുടെ ഇന്‍കുബേഷന്‍ ദൈര്‍ഘ്യം ആറ് ആഴ്ച മുതല്‍ ആറ് മാസം വരെയാണ്. നല്ല പ്രതിരോധ ശേഷിയുള്ള മുതിര്‍ന്നവരില്‍ ഒന്നോ രണ്ടോ ശതമാനം പേരിലാണ് എച്ച് ബി വി ഇന്‍ഫെക്ഷന്‍ കാണപ്പെടുന്നത്. മറ്റുള്ളവരില്‍ ഇത് കൂടുതലായി കാണപ്പെടുന്നു. പഴക്കം ചെന്ന ഹെപ്പറ്റൈറ്റിസ് ബാധിച്ച രോഗികള്‍, പ്രത്യേകിച്ചും ചെറുപ്രായത്തില്‍ രോഗം വന്നവരില്‍ ലിവര്‍ സിറോസിസും ഹെപ്പൈറ്റോ സെല്ലുലാര്‍ ക്യാന്‍സറും വരാനുള്ള സാധ്യത 25 മുതല്‍ 40 വരെ ശതമാനമാണ്. കഠിനമായ രോഗലക്ഷണങ്ങള്‍ രണ്ട് മുതല്‍ മൂന്ന് ആഴ്ചക്കുള്ളില്‍ കുറഞ്ഞുതുടങ്ങും. 16 ആഴ്ചക്കുള്ളില്‍ രോഗം മാറുകയും ചെയ്യും. രക്തത്തില്‍ വൈറസിന്റെ ആന്റിജനുകളുടെ സാന്നിധ്യമാണ് അണുബാധയുടെ ആദ്യ തെളിവ്. രോഗമുള്ള കാലത്തോളം ഇതുണ്ടാകും. ആറ് മാസത്തിലധികം അണുക്കള്‍ നിലനിന്നാല്‍ അത് ക്രോണിക് ഹെപ്പറ്റൈറ്റിസായി മാറും. രക്തത്തില്‍ ആന്റിബോഡികളുടെ സാന്നിധ്യവും രോഗാണുക്കളുടെ അളവ് കുറയുന്നതുമാണ് രോഗം മാറുന്നതിന്റെ സൂചന.
വൃത്തിയും ദാനം ചെയ്യുന്ന രക്തത്തിന്റെ കര്‍ശന പരിശോധനയുമാണ് ഈ രോഗം പടരുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍. ഗര്‍ഭിണികളായ എല്ലാ സ്ത്രീകളും അണുബാധയുണ്ടോയെന്ന പരിശോധന നടത്തുന്നത് നല്ലതാണ്. ഒപ്പം നിശ്ചിത ഇടവേളകളില്‍ നവജാത ശിശുക്കള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി കുത്തിവെപ്പും നടത്തിയിരിക്കണം. രോഗാണുക്കള്‍ ഏതെങ്കിലും വിധത്തില്‍ ശരീരത്തില്‍ കടന്നതായി ബോധ്യപ്പെടുകയാണെങ്കില്‍ അണുബാധയുടെ ഏഴ് ദിവസത്തിനകം ഹെപ്പറ്റൈറ്റിസ് ബി ഇമ്യൂണോഗ്ലോബുലിന്‍ കൂടിയ ഡോസും തുടര്‍ന്ന് എച്ച് ബി വി വാക്‌സിനേഷനും എടുക്കണം.
രക്തദാനത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസിന്റെ 90 ശതമാനവും മയക്കുമരുന്നുകള്‍ കുത്തിവെക്കുന്നതിലൂടെ പകരുന്നതിന്റെ പകുതിയും ഹെപ്പറ്റൈറ്റിസ് സി ആണ്. ശരീരം തുളക്കലും പച്ചകുത്തല്‍ ഹീമോ ഡയാലിസിസ് എന്നിവയിലൂടെയും ഇതു പകരാം. എച്ച് ഐ വി ബാധിച്ചിട്ടുള്ളവരില്‍ ഈ രോഗാണുക്കള്‍ പടര്‍ന്നാല്‍ കരളിന്റെ പ്രവര്‍ത്തനം താറുമാറാകും. ലഘുവായ ലക്ഷണങ്ങളോ ലക്ഷണമില്ലായ്മയോ ആണ് ഇതിന്റെ വലിയ പ്രശ്‌നം. അതുകൊണ്ടുതന്നെ 80 ശതമാനവും ക്രോണിക് ഹെപ്പറ്റൈറ്റിസ് ആയി മാറും. രക്തത്തില്‍ അമിനോ ട്രാന്‍സ്‌ഫെറീസ് എന്ന എന്‍സൈമിന്റെ ഏറ്റക്കുറച്ചിലാണ് ഇതിന്റെ ലക്ഷണം. വൃക്കകളുടെയും തൈറോയ്ഡിന്റെയും ത്വക്കിലേയും രോഗങ്ങള്‍ക്കും ഇന്‍സുലിനോടുള്ള പ്രതിരോധത്തിനും ഇത് കാരണമാകും.
ദാനം ചെയ്യുന്ന രക്തത്തിന്റെ പരിശോധനയിലൂടെ രോഗം പടരുന്നത് തടയാനാകും. ഹെപ്പറ്റൈറ്റിസ് സി രൂക്ഷമാകുമ്പോള്‍ ഇന്റര്‍ഫെറോണ്‍ എന്ന പ്രോട്ടീനിന്റെ കുത്തിവെപ്പ് ആറ് മുതല്‍ 24 വരെ ആഴ്ച ചെയ്യുകയാണ് ചികിത്സാരീതി. മൂന്ന് മുതല്‍ ആറ് മാസം കൊണ്ട് രോഗം മാറുകയാണ് പതിവ്. എന്നാല്‍, അണുബാധയുള്ള 85 ശതമാനം ആളുകളിലും ഇത് ക്രോണിക് ഹെപ്പറ്റൈറ്റിസ് ആയി മാറുകയും അതിന്റെ 30 ശതമാനം പേരില്‍ കരള്‍രോഗം ബാധിക്കുകയും ചെയ്യും.
ഹെപ്പറ്റൈറ്റിസ് ഡി എന്നത് കേടുസംഭവിച്ച ആര്‍ എന്‍ എ ആണ്. അത് ഹെപ്പറ്റൈറ്റിസ് ബിയോടു കൂടിച്ചേരുമ്പോഴാണ് രോഗകാരണമാകുന്നത്. ജലത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസിന്റെ പ്രധാന കാരണം ഹെപ്പറ്റൈറ്റിസ് ഇ വൈറസുകളാണ്.