പിഞ്ചു കുഞ്ഞുള്‍പ്പെടെ നാലു പേര്‍ മരിച്ചു

Posted on: August 3, 2013 9:04 pm | Last updated: August 3, 2013 at 9:04 pm
SHARE

ദുബൈ: ശൈഖ് സായിദ് റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒമ്പത് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ നാലു പേര്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി 9.45നാണ് അപകടം നടന്നതെന്ന് ദുബൈ ട്രാഫിക് ചീഫ് പ്രോസിക്യൂട്ടര്‍ സല ബു ഫെറോഷ വ്യക്തമാക്കി. അബുദാബിക്കുളള ദിശയിലായിരുന്നു ഏഴാമത്തെ ഇന്റര്‍ചെയ്ഞ്ചിന് അടുത്ത് അപകടം സംഭവിച്ചത്. മരിച്ചവര്‍ യമനി സ്വദേശികളാണ്.
സംഭവവുമായി ബന്ധപ്പെട്ട് അപകടത്തിന് കാരണക്കാരിയായ ജോര്‍ദാനിയന്‍ യുവതിയെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ ഓടിച്ച എസ് യു വി കാറിന്റെ ടയര്‍ പൊട്ടിതാണ് നാലു പേരുടെ മരണത്തിനിടയാക്കിയതെന്നാണ് പ്രഥമിക നിഗമനം. ടയര്‍ പൊട്ടിയ കാര്‍ യുവതി മൂന്നാമത്തെ ട്രാക്കില്‍ നിന്നും മാറ്റാന്‍ ശ്രമിച്ചില്ലെന്ന് പ്രോസിക്യൂട്ടര്‍ വിശദീകരിച്ചു. ടയര്‍പൊട്ടിയ ഉടന്‍ കാറ് സുരക്ഷിതമായ ഭാഗത്തേക്ക് മാറ്റാന്‍ സംഭവത്തിന് ദൃസാക്ഷിയായ ഒരാള്‍ ആവശ്യപ്പെട്ടെങ്കിലും സ്ത്രീ ഇതിന് മുതിരാത്തതും അപകടത്തിന്റെ ഗാഢത വര്‍ധിപ്പിച്ചതായും സല ബൂ ഫെറോ പറഞ്ഞു.
ദുബൈ പോലീസിന്റെ മെക്കാനിക്കല്‍ വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിലും ടയര്‍പൊട്ടിയ കാര്‍ സുരക്ഷിതമായ ഭാഗത്തേക്ക് മാറ്റിയിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതോടെ ദുബൈയില്‍ റമസാനില്‍ വാഹനാപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്നു.
അപകടങ്ങളും തകരാറുകളും സംഭവിക്കുമ്പോള്‍ വാഹനം ഓടിക്കുന്നവര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നത് വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അപകടകരമായ പ്രവണതയാണ്. 34 വയസുള്ള ഡ്രൈവറും 28 വയസുള്ള സ്ത്രീയും 60 വയസുള്ള മറ്റൊരാളും ഉള്‍പ്പെടെയാണ് നാലു പേര്‍ മരിച്ചത്. ഇത്രയും ആളുകള്‍ക്ക് ചെറിയ ഒരു അശ്രദ്ധയില്‍ ജീവന്‍ പൊലിഞ്ഞതില്‍ അതിയായ വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാഹനാപകടങ്ങള്‍ കുറക്കാനും മരണനിരക്ക് പൂജ്യത്തിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ട് ബോധവത്ക്കരണം ഉള്‍പ്പെടെയുള്ളവയുമായി ദുബൈ പോലീസ് കഠിനാധ്വാനം ചെയ്യുമ്പോഴാണ് തീര്‍ത്തും ഒഴിവാക്കാവുന്ന അപകടങ്ങള്‍ സംഭവിക്കുന്നത്. ഇത് ഏറെ ഖേദകരമാണ്. പല ഡ്രൈവര്‍മാര്‍ക്കും പെട്ടെന്ന് ഇത്തരം സാഹചര്യങ്ങളെ ആത്മനിയന്ത്രണത്തോടെ എങ്ങിനെ നേരിടണമെന്ന് അറിയാത്ത സ്ഥിതിയാണ്.
ഗതാഗത നിയമങ്ങള്‍ തീര്‍ത്തും പാലിച്ച് ജാഗ്രതയോടെ എല്ലാവരും റോഡ് ഉപയോഗിച്ചാലെ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കൂ. വാഹനം ഓടിക്കുന്നവര്‍ അവയുടെ കാലാവധി, ടയര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളുടെ അവസ്ഥ എന്നിവ അടിക്കടി പരിശോധിച്ച് കുറ്റമറ്റകാണെന് ഉറപ്പാക്കണം.
10 വയസില്‍ താഴെയുള്ള കുട്ടികളെ പിന്‍സീറ്റില്‍ പ്രത്യേകം സജ്ജമാക്കിയ സീറ്റ് ബെല്‍റ്റോട് കൂടിയ സംവിധാനത്തില്‍ ഇരുത്തണമെന്നും ദുബൈ പോലീസിന്റെ ട്രാഫിക് വിഭാഗം ആഭ്യര്‍ഥിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ജോര്‍ദാനിയന്‍ യുവതിയെ ചോദ്യം ചെയ്തു വരികയാണ്. ജബല്‍ അലി പോലീസ് സ്്‌റ്റേഷന് കീഴിലാണ് അന്വേഷണം നടന്നുവരുന്നത്.