Connect with us

Kannur

വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കേസെടുത്തു

Published

|

Last Updated

തലശ്ശേരി: നിട്ടൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ബാഗും മൊബൈലും ആധാര്‍ കാര്‍ഡും 500 രൂപയും അപഹരിച്ച ശേഷം പാലക്കാട്ട് ഉപേക്ഷിച്ചുവെന്ന വിദ്യാര്‍ഥിയുടെ പരാതിയില്‍ ധര്‍മടം പോലീസ് കേസെടുത്തു. എന്‍ ടി ടി എഫിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ശിവപുരം വെള്ളിലോട് താഴെ കുനിയില്‍ മനോഹരന്റെ മകന്‍ നിഥിന്‍ലാലിന്റെ (19) പരാതിയിലാണ് കേസ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് എന്‍ ടി ടി എഫ് ഗേറ്റിനടുത്ത് വെളുത്ത ഒമ്‌നിയില്‍ എത്തിയ സംഘം കണ്ണൂരിലേക്കുള്ള വഴി ചോദിച്ചുവത്രെ. പറഞ്ഞുകൊടുക്കുന്നതിനിടയില്‍ വാനിലുണ്ടായിരുന്ന ഒരാള്‍ തന്റെ മുഖത്ത് എന്തോ സ്‌പ്രേ ചെയ്തു. മറ്റുള്ളവര്‍ വാഹനത്തിലേക്ക് വലിച്ചുകയറ്റി. പിന്നീട് ബോധരഹിതനായി. ബോധം തെളിയുമ്പോള്‍ പാലക്കാട്ടെ ഒരു പുഴക്കരയിലായിരുന്നു. അവശനായ താന്‍ പരസഹായത്തോടെ സ്ഥലം പോലീസില്‍ പരാതിപ്പെട്ടു. പോലീസ് വിവരം നല്‍കിയതിനെ തുടര്‍ന്ന് പിതാവും ബന്ധുക്കളുമെത്തി നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ സീനിയര്‍ വിദ്യാര്‍ഥികളായ നാല് പേര്‍ റാഗിംഗിനിരയാക്കിയിരുന്നു. ഇതേപ്പറ്റി പ്രിന്‍സിപ്പലിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് തനിക്കെതിരെ ഭീഷണി ഉണ്ടായിരുന്നുവെന്നും നിഥിന്‍ലാലിന്റെ പരാതിയിലുണ്ട്.