Connect with us

Kannur

നാറാത്ത് കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Published

|

Last Updated

തലശ്ശേരി: നാറാത്ത് ആയുധ പരിശീലനത്തിനിടെ പിടിയിലായ 21 എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. കേസില്‍ യു എ പി എ വകുപ്പ് കൂടി ഉള്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ ഏപ്രില്‍ 23ന് വൈകിയിട്ടാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് നാറാത്തെ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കെട്ടിടത്തില്‍ നിന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയത്. സ്‌ഫോടകവസ്തു കൈകാര്യം ചെയ്യല്‍, ആയുധങ്ങള്‍ കൈവശം വെക്കല്‍, മതസൗഹാര്‍ദം തകര്‍ക്കല്‍, രാജ്യദ്രോഹം, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് അന്ന് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി ഇഷ്ടിക ബോംബ് കണ്ടെത്തിയത് നാറാത്ത് ക്യാമ്പിലാണെന്ന് പോലീസ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കൂടാതെ ലൗ ജിഹാദിന്റെ സി ഡി, എ ടി എം കാര്‍ഡുകള്‍, മനുഷ്യക്കോലങ്ങള്‍ തുടങ്ങിയവയും പിടികൂടിയിരുന്നു. ഈമാസം ഏഴിനാണ് പ്രതികളുടെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്. കേസ് അന്ന് കോടതി വീണ്ടും പരിഗണിക്കും. ഇതിനിടെ കേസന്വേഷണം എന്‍ ഐ എ ഏറ്റെടുത്ത സാഹചര്യത്തില്‍ പ്രതികളെ ചോദ്യം ചെയ്യാന്‍ വിട്ടുനല്‍കണമെന്ന് അപേക്ഷിച്ച് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ ഹരജി സമര്‍പ്പിക്കുമെന്ന് സൂചനയുണ്ട്.

Latest