ഭവന നിര്‍മാണ ഫണ്ട് തട്ടിയ കേസില്‍ വി ഇ ഒ അറസ്റ്റില്‍

Posted on: August 3, 2013 8:20 am | Last updated: August 3, 2013 at 8:20 am
SHARE

കൊണ്ടോട്ടി: വാഴക്കട് പഞ്ചായത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് ഇന്ദിരാ ആവാസ് യോജന പ്രകാരം അനുവദിക്കുന്ന തുക തട്ടിയെടുത്ത കേസില്‍ വി ഇ ഒ അറസ്റ്റില്‍. കോഴിക്കോട് കക്കോടി സ്വദേശി ബുനാസ് കൊ വീട്ടില്‍ ഷിബുസ് കോ എന്ന ഷിബു (40)വാണ് അറസ്റ്റിലായത്. രാമനാട്ടുകരയില്‍ കൊണ്ടോട്ടി സി ഐ പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഇന്ദിരാ അവാസ് യോജനയിലേക്ക് ഗ്രാമപഞ്ചായത്തിന്റെ വിഹിതമായുള്ള തുക ബ്ലോക്ക് പഞ്ചായത്തിന് കൈമാറാതെ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ഇത് ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുകയുമായിരുന്നു.
2012 മാര്‍ച്ച് മുതല്‍ കഴിഞ്ഞ ഫെബ്രുവരി കാലയളവിലായി 79,10,955 ഇയാള്‍ ബേങ്കില്‍ നിന്ന് പിന്‍വലിച്ചു. ഇത് കൂടാതെ 38 ഓളം പേര്‍ക്ക് അനുവദിച്ച തുകയും തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ക്കുള്ള തുക സ്വന്തം പേരില്‍ ബേങ്കുകളില്‍ നിക്ഷേപിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഒത്താശ ചെയ്തുകൊടുത്തതും തട്ടിപ്പിന് സഹായകമായി. വാഴക്കട് സര്‍വീസ് സഹകരണ ബേങ്ക്, വാഴക്കാട് പഞ്ചാബ് നാഷണല്‍ ബേങ്ക് എന്നിവിടങ്ങളിലായിരുന്നു പണം നിക്ഷേപിച്ചത്. ഷെയര്‍ മാര്‍ക്കറ്റ് നിക്ഷേപത്തില്‍ ഉണ്ടായ നഷ്ടമാണ് പലതവണ തുക പിന്‍വലിച്ച് വീണ്ടും വീണ്ടും നിക്ഷേപമിറക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ അപ്പോഴും നഷ്ടം തന്നെയായിരുന്നു ഫലം.
കൊണ്ടോട്ടി ബി ഡി ഒ നല്‍കിയ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. ഇയാള്‍ക്കെതിരെ വിജിലന്‍സും കേസും നടക്കുന്നുണ്ട്. നേരത്തെ പൊതുമരാമത്ത് കരാറുകാരനായ ഷിബൂസ് കൊ 2010ല്‍ ആണ് വി ഇ ഒ ആയി സര്‍വീസില്‍ പ്രവേശിച്ചത്.