ചര്‍ച്ചക്കില്ല, പ്രക്ഷോഭവുമായി മുന്നോട്ടു പോകും: ബ്രദര്‍ഹുഡ്

Posted on: August 3, 2013 7:58 am | Last updated: August 3, 2013 at 7:58 am
SHARE

കൈറോ: പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള ഈജിപ്ത് സര്‍ക്കാറിന്റെ മുന്നറിയിപ്പ് അവഗണിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാന്‍ ബ്രദര്‍ഹുഡ് തീരുമാനം. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം അധികാരത്തില്‍ നിന്ന് സൈന്യം പുറത്താക്കിയ മുഹമ്മദ് മുര്‍സിയുടെ അനുയായികള്‍ ഇന്നലെ ജുമുഅ നിസ്‌കാരാനന്തരം തലസ്ഥാനമായ കൈറോയില്‍ വന്‍ റാലികള്‍ സംഘടിപ്പിച്ചു. മുര്‍സിക്ക് അധികാരം തിരിച്ചു നല്‍കുന്നത് വരെ രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ബ്രദര്‍ഹുഡ് മേധാവി മുഹമ്മദ് ബദീഅ് ആഹ്വാനം ചെയ്തു. പ്രതിഷേധക്കാര്‍ക്ക് പിരിഞ്ഞു പോകാന്‍ സുരക്ഷിതമായ വഴിയൊരുക്കാമെന്ന ഈജിപ്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന മുഖവിലെക്കെടുക്കാന്‍ ബ്രദര്‍ഹുഡ് നേതാക്കള്‍ സന്നദ്ധരായിട്ടില്ല. കൈറോയിലെ റാബിയത്തുല്‍ അദവിയ്യ ചത്വരത്തിലും നഹ്ദാ ചത്വരത്തിലും തമ്പടിച്ച പ്രക്ഷോഭകരോട് പിരിഞ്ഞുപോകാന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. പോലീസുമായുള്ള ഏറ്റുമുട്ടലിന് അവസരം സൃഷ്ടിക്കാതെ സമാധാനപരമായി പിരിഞ്ഞുപോകണമെന്നും രാജ്യത്തിന്റെ സുരക്ഷ നിലനിര്‍ത്താന്‍ പോലീസിന് പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതിനിടെ, സര്‍ക്കാര്‍, സൈനിക നേതൃത്വവുമായും ബ്രദര്‍ഹുഡ് പ്രക്ഷോഭകരുമായി ചര്‍ച്ച നടത്തി പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള യൂറോപ്യന്‍ യൂനിയന്റെ ശ്രമം പരാജയപ്പെട്ടതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സമാധാന ദൗത്യവുമായി ഇ യു പ്രതിനിധി ബെര്‍നാര്‍ഡിനോ ലിയോണും ജര്‍മനിയുടെ വിദേശകാര്യ മന്ത്രി ഗൈഡോ വെസ്റ്റ്ര്‍വെല്ലെയും കൈറോയിലെത്തിയിട്ടുണ്ടെങ്കിലും ദൗത്യം വിജയം കണ്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രക്ഷോഭം അവസാനിപ്പിച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ചകളുമായി സഹകരിക്കണമെന്നാണ് യൂറോപ്യന്‍ യൂനിയനടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നതെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കുകയില്ലെന്നും ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ രൂപമായ എഫ് ജെ പി വക്താവ് അറിയിച്ചു. ഈജിപ്തിലെ സ്ഥിതി ഭീതിജനകമാണെന്നും സമാധാന ശ്രമം പരാജയപ്പെടുകയാണെന്നും വെസ്റ്റര്‍വെല്ലെ മുന്നറിയിപ്പ് നല്‍കി.
ഈജിപ്ത് ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുകയാണെന്നും സമാധാനം പുനഃസ്ഥാപിക്കേണ്ട സമയം അതിക്രമിച്ചെന്നും മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് മേധാവികള്‍ അറിയിച്ചു. പ്രക്ഷോഭം അവസാനിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി, ഫ്രഞ്ച് വിദേശകാര്യ മന്ത്രി വില്യം ഹേഗ് എന്നിവര്‍ ആവശ്യപ്പെട്ടു.