ഒലവക്കോട് റെ. സ്‌റ്റേഷനിലെ തൊഴിലാളികളോട് കാരാറുകാരന്‍ വ്യവസ്ഥ പാലിക്കണം: സി ഐ ടി യു

Posted on: August 3, 2013 7:50 am | Last updated: August 3, 2013 at 7:50 am
SHARE

പാലക്കാട്: റയില്‍വേ ഡിവിഷന്‍ ആസ്ഥാനമായ ഒലവക്കോട് റയില്‍വേ സ്‌റ്റേഷനിലെ ശുചീകരണ തൊഴിലാളികള്‍ക്ക് കാരാറുകാരന്‍ യൂനിയനുകളുമായി ഉണ്ടാക്കിയ വ്യവസ്ഥ പാലിക്കാന്‍ തയ്യാറാകണമെന്ന് റെയില്‍വേ കോണ്‍ട്രാക്ട് കാറ്ററിംഗ് വര്‍ക്കേഴ്‌സ് യൂനിയന്‍ ( സി ഐ ടി യു) ജനറല്‍ സെക്രട്ടറി ടി കെ അച്ചുതന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

യാത്രക്കാരുടെ വിസര്‍ജന അവശിഷ്ടങ്ങളും മറ്റും നീക്കുന്നതോടൊപ്പം സ്റ്റേഷന്‍ ഫളാറ്റ് ഫോമും ട്രാക്കും മേല്‍ക്കൂരയും വാസസ്ഥലങ്ങളും വൃത്തിയാക്കുന്ന തൊഴിലാളികള്‍ക്ക് തുച്ഛമായ വേതനമാണ് നല്‍കുന്നത്. ഇതിനെതിരെ യൂനിയന്‍ രംഗത്ത് വന്നപ്പോള്‍ കരാര്‍ ഏറ്റെടുത്ത സെക്കന്തരാബാദിലെ എന്റര്‍ പ്രൈസ് എന്ന സ്ഥാപനം തൊഴിലാളി പ്രതിനിധികളുമായി ചര്‍ച്ച നടത്തി സേവന, വേതനങ്ങളെ സംബന്ധിച്ച വ്യവസ്ഥയുണ്ടാക്കുകയും നടപ്പാക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കരാറുകാരന്‍ നടപ്പാക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിലവില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് 198 രൂപയാണ് നല്‍കുന്നത്. കരാര്‍ അനുസരിച്ച് രണ്ട് രൂപയാണ് വര്‍ധിച്ചിപ്പിച്ചിരിക്കുന്നത്. ആ തുക പോലും നല്‍കാന്‍ കരാറുകാരന്‍ തയ്യാറാകാത്തത് മൂലമാണ് തൊഴിലാളികള്‍ പണിമുടക്കിലേര്‍പ്പെട്ടിരിക്കുന്നത്. സ്ത്രീകളും പുരുഷന്‍മാരുമടക്കം 61 കരാര്‍ തൊഴിലാളികളാണുള്ളത്. കരാര്‍ പ്രകാരം വേതന വ്യവസ്ഥ നടപ്പാക്കാന്‍ കരാറുകാരനെ കൊണ്ട് സമ്മതിപ്പിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ റെയില്‍വേ അധികൃതരുടെ കൈമലര്‍ത്തുകയാണ്.
മനുഷ്യവകാശ കമ്മീഷന്റെ നിര്‍ദേശ പ്രകാരം കരാര്‍ തൊഴിലാളികള്‍ക്ക് ജോലി ചെയ്യുമ്പോള്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തണമെന്ന വ്യവസ്ഥയുണ്ട്. ഇതൊന്നുമില്ലാതെ ട്രാക്കില്‍ അപകടത്തെ മുഖാമുഖം കണ്ടാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. എന്നിട്ടും തൊഴിലാളികള്‍ക്ക് വ്യവസ്ഥ പ്രകാരം വേതനം നല്‍കാത്തത് നീതീകരിക്കാനാകില്ലെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് സി ഐ ടി യു നേതൃത്വം നല്‍കുമെന്നും അച്ചുതന്‍ പറഞ്ഞു. തൊഴിലാളി പണിമുടക്കിനെ തുടര്‍ന്ന് സ്റ്റേഷന്‍ പരിസരത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളും അവതാളത്തിലായിരിക്കുകയാണ്. പത്രസമ്മേളനത്തില്‍ തൊഴിലാളികളായ കെ രാജേഷ്, പി മണി, സുധ, സി കമലം, പി എസ് ജയഘോഷ് പങ്കെടുത്തു.