Connect with us

Wayanad

മഴക്ക് ശമനമായില്ല; ദുരിതം വിട്ടൊഴിയാതെ വയനാട്

Published

|

Last Updated

കല്‍പറ്റ/മാനന്തവാടി: കഴിഞ്ഞ മൂന്ന് ദിവസമായി തകര്‍ത്തു പെയ്ത മഴയ്ക്കും അകമ്പടിയായി ആഞ്ഞടിച്ച കാറ്റിനും ഇന്നലെ പകല്‍ തെല്ല് ശമനമായെങ്കിലും വൈകുന്നേരത്തോടെ സ്ഥിതിയാകെ മാറി. വ്യാഴാഴ്ച രാത്രിയും ഇന്നലെ പുലര്‍ച്ചെയും തുള്ളിക്കൊരു കുടമായി നിര്‍ത്താതെ പെയ്ത മഴയില്‍ ജില്ലയിലെ താണപ്രദേശങ്ങളെല്ലാം വെള്ളത്തിലായി. നിരവില്‍പ്പുഴയടക്കം മാനന്തവാടി താലൂക്കിലെ മിക്കവാറും പാലങ്ങള്‍ വെള്ളം കയറിമൂടി ഗതാഗതം നിലച്ചു. കല്‍പറ്റ-മേപ്പാടി റൂട്ടില്‍ പുത്തുര്‍വയലില്‍ വെള്ളം കയറി ഇതുവഴിയും ഗതാഗതം നിലച്ചു. കല്‍പറ്റ മണിയങ്കോട്, നെടുനിലം ഭാഗങ്ങളെല്ലാം വെള്ളത്തിലായി. വെണ്ണിയോട് വലിയ പുഴയും ചെറുപുഴയും കരകവിഞ്ഞ് വയലാകെ കടല്‍പോലെയായി. കാവുംമന്ദത്ത് ആയിരക്കണക്കില്‍ നേന്ത്രവാഴകള്‍ നാല് ദിവസമായി വെള്ളത്തിലാണ്. ജില്ലയില്‍ ആയിരത്തോളം ഹെക്ടറിലെ കൃഷി വെള്ളം കയറി നശിച്ചതായാണ് അനൗദ്യോഗിക കണക്ക്. മുപ്പതില്‍പ്പരം വീടുകള്‍ ഭാഗീകമായും മൂന്ന് വീട് പൂര്‍ണമായും തകര്‍ന്നു. നെല്‍കൃഷിക്കായി പറിച്ചെടുക്കാന്‍ പാകത്തിലായ ഞാറ് മിക്കയിടത്തും വെള്ളം കയറി നശിച്ചുപോയി. വെണ്ണിയോട് കുറുമണിക്കുന്ന്, പടവെട്ടിക്കുന്ന്, തേരാറ്റുകുന്ന്, ഓട്ടംകുന്ന് തുടങ്ങിയ പ്രദേശങ്ങളെല്ലാം വെള്ളത്താല്‍ ചുറ്റപ്പെട്ട് ഒറ്റപ്പെട്ട് കിടക്കുകയാണ്. ഇവിടെ ചങ്ങാടത്തിലാണ് ആളുകള്‍ പുറത്തേക്കിറങ്ങുന്നത്. ഈ ഭാഗത്ത് നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. പനമരം മാതോത്ത് പൊയില്‍, നിര്‍മിതി കേന്ദ്രം ഭാഗങ്ങളിലെല്ലാം വീടുകളുകളിലും കടകളിലും വെള്ളം കയറി. പനമരം പോലീസ് സ്റ്റേഷനും വെള്ളത്തിന് നടുക്കായി. സ്റ്റേഷന്‍ കെട്ടിടവും വെള്ളത്തിലായി. പുഴയും കരയും തിരിച്ചറിയാന്‍ കഴിയാത്ത വിധമാണ് ഇവിടെ വെള്ളം പൊങ്ങിയിട്ടുള്ളത്. മാനികാവ് പട്ടറക്കല്‍ രമണന്റെ ആസ്ബറ്റോസ് മേഞ്ഞ വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന മൂന്നു പേര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. തോണിച്ചാലിലെ ഹോട്ടല്‍ ഊട്ടുപുര മരം കട പുഴകി വീണ് പൂര്‍ണ്ണമായും തകര്‍ന്നു. മൂന്ന് ലക്ഷത്തോളം രൂപയുടെ നനഷ്ടമാണുണ്ടായത്. ചെറുപഴ പാലം വെള്ളത്തിനടിയിലായതിനാല്‍ മാനന്തവാടി- വിമല നഗര്‍-ഒഴുക്കോടി ഭാഗത്തേക്കുള്ള ഗാതഗതം നിലച്ചു. കണിയാരം വഴിയാണ് വാഹനങ്ങള്‍ തിരിച്ചു വിട്ടത്. നിരവില്‍ പുഴ പാലം പുതുക്കി നിര്‍മ്മിക്കുന്നതിനാല്‍ ഏര്‍പ്പെടുത്തിയ ബദല്‍ റോഡിലെ പാലവും വെള്ളത്തിനടിയിലായി. തൊട്ടില്‍പ്പാലം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കുഞ്ഞോം വഴി തിരിച്ചു വിടുകയായിരുന്നു. പായോട് തോണിച്ചാല്‍ എന്നിവിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണതിനാല്‍ മാനന്തവാടിയില്‍ നിന്നും നിരവില്‍പ്പുഴ, കല്‍പറ്റ, പനമരം, പടിഞ്ഞാറത്തറ ഭാഗങ്ങളിലേക്ക് വാഹന യാത്ര മണിക്കൂറുകളോളം സ്തംഭിച്ചു. ബാവലി, പുതുശ്ശേരി എന്നിവിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണതിനാല്‍ ഗതാഗതം സ്തംഭിച്ചു. നാട്ടുകാരും ഫയര്‍ഫോയ്‌സും ചേര്‍ന്നാണ് വിവിധ ഇടങ്ങളില്‍ റോഡിലേക്ക് കടപുഴകി വീണ മരങ്ങള്‍ മുറിച്ചു മാറ്റിയത്. മാനന്തവാടി ഫയര്‍‌സ്റ്റേഷന്‍ അസിസ്റ്റന്റ് ഓഫീസര്‍ എം.ആര്‍ കുര്യന്‍, ലീഡിങ് ഫയര്‍മാന്‍മാരായ എന്‍ ബാലകൃഷ്ണന്‍, സെബാസ്റ്റ്യന്‍ ജോസഫ്, എന്‍.ആര്‍ ചന്ദ്രന്‍, ഫയര്‍മാന്‍മാരായ വി.പി വിനോദ്, ഐ. ജോസഫ്, ഗണേഷ് കുമാര്‍, അനില്‍ കുമാര്‍, അരുണ്‍ കൈലാസ്, എം. മനു, കെ.കെ ഹരിദാസ് എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
കനത്ത മഴമൂലം വെള്ളം കയറിയതോടെ ദുരിതത്തിലായവരെ മാറ്റിപാര്‍പ്പിക്കുന്നതിന് ജില്ലയില്‍ 23 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. വൈത്തിരി, മാനന്തവാടി, ബത്തേരി താലൂക്കുകളിലായി 324 കുടുംബങ്ങളെയാണ് മാറ്റിപാര്‍പ്പിച്ചത്. ആകെ 1269 പേരാണ് ക്യാമ്പുകളിലുള്ളത്. മാനന്തവാടി താലൂക്കില്‍ ആറ്, ബത്തേരി താലൂക്കില്‍ ആറ്, വൈത്തിരി താലൂക്കില്‍ 11 എന്നിങ്ങനെയാണ് ക്യാമ്പുകള്‍ ആരംഭിച്ചത്. കനത്ത മഴയില്‍ ഡാമില്‍ പരമാവധി ജലനിരപ്പ് എത്തിയതിനാല്‍ ബാണാസുരസാഗര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നിരുന്നു. ഇതിലൂടെയെത്തുന്ന വെള്ളമാണ് വെണ്ണിയോട് ഭാഗങ്ങളിലും പനമരത്തും വലിയ കെടുതി സൃഷ്ടിച്ചത്. വയനാട്ടിലെ പുഴകളിലുള്ള വെള്ളം കബനീനദിയിലൂടെ എത്തിപ്പെടുന്ന കര്‍ണാടകയിലെ ബീച്ചനഹള്ളി ഡാമിന്‍ നേരത്തെ രണ്ട് ഷട്ടര്‍ തുറന്നെങ്കിലും പിന്നീട് അടച്ചു. ഇതാണ് വയനാട്ടില്‍ വെള്ളപ്പൊക്കം അതിവേഗത്തിലാവാന്‍ കാരണം. മഴ തുടരുന്ന സാഹചര്യത്തില്‍ ബീച്ചനഹള്ളി ഡാം തുറന്ന് വിടണമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ അധികൃതരോട് ജില്ലാ കലക്ടര്‍ കെ ജി രാജു അഭ്യര്‍ിച്ചു.