മുഴുവന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും തണല്‍കൂട്ട് കൂട്ടായ്മ

Posted on: August 3, 2013 7:43 am | Last updated: August 3, 2013 at 7:43 am
SHARE

മലപ്പുറം: ജില്ലാ പഞ്ചായത്ത് പദ്ധതിയായ തണല്‍കൂട്ട് ക്യാമ്പസ് കൂട്ടായ്മയുടെ യൂനിറ്റുകള്‍ ജില്ലയിലെ മുഴുവന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും ഒരു മാസത്തിനുള്ളില്‍ രൂപവത്കരിക്കാന്‍ സ്‌കൂള്‍ അനിമേറ്റേഴ്‌സ് യോഗം തീരുമാനിച്ചു.
നൂറ് അംഗങ്ങള്‍ അടങ്ങിയ യൂനിറ്റുകളാണ് രൂപീകരിക്കുക. എന്‍ എസ് എസ്, സൗഹൃദ ക്ലബ്,എന്‍ സി സി തുടങ്ങിയ മറ്റ് ക്യാമ്പസ് സംഘടനകളില്‍ അംഗങ്ങളല്ലാത്തവരെയാണ് തണല്‍കൂട്ടില്‍ അംഗങ്ങളാക്കുക. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പിാണ് യൂനിറ്റ് ചെയര്‍മാന്‍.
സൈബര്‍ രംഗത്തെ അധാര്‍മിക പ്രവണതകള്‍ക്കെതിരെ ഇ പോസിറ്റീവ്, രക്തദാനം, പ്രകൃതി സംരക്ഷണത്തിനായി ഹരിതജീവിതം, സഹജീവി സ്‌നേഹം വളര്‍ത്തുന്നതിനായി സ്‌നേഹ സാന്ത്വനം, സാമൂഹ്യപ്രശ്‌നങ്ങള്‍ പടിക്കാന്‍ ഔട്ട്‌റീച്ച് പ്രോഗ്രാമുകള്‍, ആശുപത്രികളിലെ പാവപ്പെട്ട രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്ന പാഥേയം, ലഹരി നിര്‍മാര്‍ജനത്തിന് ലഹരിമുക്ത ക്യാമ്പസ്, കൗമാര പ്രശ്‌നങ്ങള്‍ക്ക് ടിന്‍ കെയര്‍, റോഡ് അപകട നിവാരണത്തിനായി റോഡ്‌സുരക്ഷ-ജീവരക്ഷ തുടങ്ങിയ പരിപാടികളാണ് വിഭാവനം ചെയ്യുന്നത്.
ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു ഉദ്ഘാടനം ചെയ്തു. തണല്‍കൂട്ട്ജില്ലാ സമിതി ചെയര്‍മാന്‍ ഉമര്‍ അറക്കല്‍ അധ്യക്ഷത വഹിച്ചു.