Connect with us

Kozhikode

മരുന്നും സൗകര്യവുമില്ല; ഇ എസ് ഐ ആശുപത്രി പ്രവര്‍ത്തനം താളംതെറ്റുന്നു

Published

|

Last Updated

കോഴിക്കോട്:അവശ്യമരുന്നുകളുടെ ലഭ്യതക്കുറവും സ്ഥലപരിമിതിയും ഇ എസ് ഐ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ താളംതെറ്റിക്കുന്നു. ദിനംപ്രതി ഇരുനൂറിലധികം രോഗികള്‍ എത്തുന്ന ഇവിടെ പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ മുതല്‍ ആന്റിബയോട്ടിക്കുകള്‍ വരെ ഇല്ല. നടുവേദന പോലുള്ള അസുഖങ്ങള്‍ക്കുള്ള ബാമുകള്‍, പ്രമേഹത്തിനുള്ള മറ്റു ചില മരുന്നുകള്‍, കൊളസ്‌ട്രോളിനും തൈറോയിഡ് രോഗത്തിനുമുള്ള മരുന്നുകള്‍ എന്നിവ ഇവിടെ ഇല്ലാതായിട്ട് വര്‍ഷങ്ങളായെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഇ എസ് ഐയുടെ ഇന്‍ഷ്വറന്‍സ് കാര്‍ഡുള്ള പതിനയ്യായിരത്തോളം തൊഴിലാളികളാണ് സൗജന്യ ചികിത്സക്കായി ആശുപത്രിയെ ആശ്രയിക്കുന്നത്. ഇവര്‍ക്ക് ഡോക്ടര്‍മാര്‍ കുറിച്ച് നല്‍കുന്ന മരുന്നുകള്‍ കിട്ടാന്‍ പുറമെയുള്ള മെഡിക്കല്‍ സ്റ്റോറുകളെ ആശ്രയിക്കേണ്ടി വരുന്നു.
മരുന്നുകള്‍ ഇല്ലെങ്കില്‍ പുറത്ത് നിന്ന് മരുന്ന് വാങ്ങി ബില്ലും അപേക്ഷയും ഇ എസ് ഐയില്‍ സമര്‍പ്പിച്ചാല്‍ പണം തിരികെ ലഭിക്കും. എന്നാല്‍ അപേക്ഷ നല്‍കി മാസങ്ങള്‍ കഴിഞ്ഞാണ് പണം തിരികെ ലഭിക്കുക. ഇത് നിര്‍ധനരായ രോഗികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. പല മരുന്നുകള്‍ക്കും പുറത്ത് വലിയ വില നല്‍കേണ്ടി വരുന്നു. ഇവിടെ നിന്ന് ലഭിക്കുന്ന ചുരുക്കം മരുന്നുകള്‍ക്കാകട്ടെ ഗുണനിലവാരമില്ലെന്നും ആക്ഷേപമുണ്ട്.
ടെന്‍ഡറുകള്‍ വിളിച്ച് വര്‍ഷത്തില്‍ രണ്ട് തവണയാണ് ഇവിടെ മരുന്നുകളെത്തിക്കുന്നത്. കേരളത്തിലെ ഔഷധി പോലുള്ള സ്ഥാപനങ്ങളില്‍ നല്ല വിലയുള്ള മരുന്നുകള്‍ തുച്ഛമായ സംഖ്യക്കാണ് ടെന്‍ഡര്‍ വഴി കേന്ദ്രസര്‍ക്കാര്‍ വിവിധ ഇ എസ് ഐ ആശുപത്രികളിലെത്തിക്കുന്നത്.
മരുന്നുകളുടെ ലഭ്യതക്കുറവിന് പുറമെ സ്ഥല പരിമിതിയും ഇ എസ് ഐ ആശുപത്രിയിലെത്തുന്നവരെ വലക്കുന്നുണ്ട്. അലോപ്പതി വിഭാഗത്തില്‍ അഞ്ച് ഡോക്ടര്‍മാറും രണ്ട് ഫാര്‍മസിസ്റ്റുകളും ആയുര്‍വേദ വിഭാഗത്തില്‍ ഒരു ഡോക്ടറും ഒരു ഫാര്‍മസിസ്റ്റും ഇവിടെ ജോലി ചെയ്യുന്നു.
30 വര്‍ഷം മുമ്പ് മൂന്ന് ഡോക്ടര്‍മാരുമായാണ് എരഞ്ഞിപ്പാലത്ത് ഇ എസ് ഐ ആശുപത്രി തുടങ്ങിയത്. രോഗികളുടെ തിരക്ക് കൂടിയതോടെ കൂടുതല്‍ ജീവനക്കാരെ നിയമിച്ചു. ഇപ്പോള്‍ മരുന്നുകള്‍ സൂക്ഷിക്കാന്‍ പോലും സ്ഥലമില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഗുണനിലവാരമുള്ള മരുന്നുകള്‍ കൃത്യമായി നല്‍കിയും സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയും ഇവിടെയെത്തുന്ന രോഗികളുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നാണ് ആവശ്യമുയരുന്നത്.

Latest