പ്രതിസന്ധി കടുക്കും; ഗ്രൂപ്പ് യുദ്ധം മുറുകും

Posted on: August 3, 2013 12:30 am | Last updated: August 3, 2013 at 12:30 am
SHARE

തിരുവനന്തപുരം: രമേശിന്റെ മന്ത്രിസഭാ പ്രവേശം വഴിമുട്ടിയതോടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും യു ഡി എഫിലുമുണ്ടാകുന്ന പ്രത്യാഘാതത്തിന് കടുപ്പമേറുമെന്ന് വിലയിരുത്തല്‍. രണ്ട് മാസം മുമ്പ് കേരളത്തില്‍ നടന്ന ചര്‍ച്ചകള്‍ വിജയിക്കാതെ വന്നപ്പോള്‍ തന്നെ രണ്ട് വഴിക്ക് നീങ്ങിയ രമേശും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള ഭിന്നതയുടെ ആഴവും പുതിയ സാഹചര്യത്തില്‍ വര്‍ധിക്കും. ഗ്രൂപ്പ് യുദ്ധത്തിന്റെ മൂര്‍ച്ച കൂട്ടുന്നതിനൊപ്പം ഇത് സര്‍ക്കാറിലുണ്ടാക്കുന്ന പ്രതിസന്ധിയുടെ ആഴം എത്രത്തോളം വരുമെന്നത് വരും നാളുകളില്‍ രമേശ് സ്വീകരിക്കുന്ന നിലപാടുകളെ കൂടി ആശ്രയിച്ചിരിക്കും. കെ കരുണാകരനു ശേഷം ഒരിക്കല്‍ കൂടി കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് പരസ്യമായ വിഴുപ്പലക്കലിലേക്ക് നീങ്ങിയേക്കുമെന്ന ആശങ്കയും നേതാക്കള്‍ പങ്കുവെക്കുന്നു. ആത്യന്ത്യകമായി സര്‍ക്കാറിന്റെ നിലനില്‍പ്പിനെയും പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനെയുമെല്ലാം ഈ സാഹചര്യം നന്നായി സ്വാധീനിക്കുമെന്നുറപ്പ്. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സമരത്തിന് ഈ പ്രതിസന്ധി ഊര്‍ജം പകരും.
കേരളയാത്രക്ക് ശേഷം നടന്ന മന്ത്രിസഭാ പ്രവേശ ചര്‍ച്ചയോടെ തന്നെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ അകന്നിരുന്നു. യു ഡി എഫ് യോഗം പോലും മാറ്റിവെച്ച സാഹചര്യമുണ്ടായി. സോളാര്‍ കേസിന്റെ തുടക്കത്തില്‍ പ്രതിരോധിക്കാന്‍ പോലും രമേശ് തയ്യാറായിരുന്നില്ല. നേതാക്കള്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയപ്പോള്‍ ഹൈക്കമാന്‍ഡ് ഇടപെട്ടാണ് വെടിനിര്‍ത്തിയത്. ചര്‍ച്ചകള്‍ ഇനി ഡല്‍ഹിയില്‍ നടക്കുമെന്നും പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് തന്നെ പ്രഖ്യാപിച്ചു. ഇതനുസരിച്ചുള്ള ചര്‍ച്ചകളാണ് കഴിഞ്ഞ ഒരാഴ്ചയായി നടന്നതും പരാജയപ്പെട്ടതും.
കഴിഞ്ഞ രണ്ട് വര്‍ഷം പോലെ ഉമ്മന്‍ ചാണ്ടിക്ക് ഇനിയുള്ള കാലം സുഗമമാകില്ലെന്നുറപ്പാണ്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്ക് ഇനി താനില്ലെന്ന രമേശിന്റെ പ്രസ്താവനയില്‍ തന്നെ ഇത് വ്യക്തവുമാണ്.
രമേശിനെ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നാണ് ഐ ഗ്രൂപ്പിലെ പൊതുവികാരം. കേരളത്തില്‍ നടന്ന ചര്‍ച്ചകളിലും ഇപ്പോള്‍ ഹൈക്കമാന്‍ഡിന് മുന്നിലും വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു. മന്ത്രിയാകാനില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും മുഖ്യമന്ത്രിയും എ ഗ്രൂപ്പ് നേതാക്കളും രമേശിനെ ക്ഷണിക്കുകയായിരുന്നു. ഡല്‍ഹിക്കില്ലെന്ന് രമേശ് ആവര്‍ത്തിച്ചിട്ടും ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തിയാണ് രമേശിനെ ഡല്‍ഹിക്ക് വിളിപ്പിച്ചത്. ഒരാഴ്ച ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം മാന്യമായ പരിഗണന നല്‍കാതെ അപമാനിക്കാനുള്ള ശ്രമമാണ് നടന്നതെന്നും ഐ ഗ്രൂപ്പ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഐ ഗ്രൂപ്പ് നേതാക്കളുടെ പ്രതികരണങ്ങളിലെല്ലാം അവരുടെ അമര്‍ഷവും വ്യക്തമാണ്. എട്ട് വര്‍ഷം കെ പി സി സി പ്രസിഡന്റ് പദവിയില്‍ ഇരുന്ന ശേഷം മന്ത്രിസഭയിലേക്ക് വരുന്ന വ്യക്തിക്ക് റവന്യൂ വകുപ്പ് നല്‍കുകയെന്ന നിര്‍ദേശം തന്നെ തങ്ങളുടെ ആഗ്രഹം നടക്കരുതെന്ന ലക്ഷ്യത്തോടെ മുന്നോട്ടു വെച്ചതാണ്.
തിരുവഞ്ചൂരില്‍ നിന്ന് ആഭ്യന്തരം ഏറ്റെടുക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടെന്ന വാദത്തിന് അടിസ്ഥാനമില്ല. ഒരു ചര്‍ച്ചയും കൂടാതെയാണ് ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി തിരുവഞ്ചൂരിന് കൈമാറിയത്. അത് തിരിച്ചെടുത്ത് രമേശിന് നല്‍കുന്നതില്‍ മറ്റു തടസ്സമില്ല. ഉപമുഖ്യമന്ത്രി പദം ഘടക കക്ഷികളും ഹൈക്കമാന്‍ഡും അനുവദിക്കില്ലെന്നറിവുണ്ടായിട്ടും ആ പദവിയിലേക്കും രമേശിന്റെ പേര് വലിച്ചിഴക്കുകയായിരുന്നുന്നെന്നും ഐ ഗ്രൂപ്പ് ആരോപിക്കുന്നു. അതേസമയം, പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി ശ്രമം തുടരുകയാണെന്നാണ് എ ഗ്രൂപ്പ് നിലപാട്.
സോളാര്‍ കേസിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധത്തിലായ മുഖ്യമന്ത്രി, മാധ്യമ ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാന്‍ നടത്തിയ നീക്കങ്ങളായും പുതിയ സംഭവവികാസങ്ങളെ കാണുന്നവരുണ്ട്. മന്ത്രിസഭക്ക് സാമുദായിക സന്തുലനമില്ലെന്ന എന്‍ എസ് എസിന്റെ പരാതി പരിഹരിക്കുകയെന്ന ലക്ഷ്യമായിരുന്നു രമേശിനെ കൊണ്ടുവരുന്നതിന് കോണ്‍ഗ്രസ് നിരത്തിയ പ്രധാന ന്യായം. ചര്‍ച്ചകള്‍ വഴി മുട്ടിയതോടെ ഈ പരാതി പരിഹരിക്കപ്പെടാതെ കിടക്കുന്ന സാഹചര്യമാണുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാറിന് പുതിയൊരു മുഖം നല്‍കുകയെന്ന ലക്ഷ്യവും നടക്കാതെ പോവുകയാണ്.