യു എസ് – റഷ്യ ബന്ധം വഷളാകുന്നു

Posted on: August 3, 2013 12:27 am | Last updated: August 3, 2013 at 12:27 am
SHARE

വാഷിംഗ്ടണ്‍: അമേരിക്ക വ്യാപകമായി ഫോണ്‍, ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ലോകത്തോട് വെളിപ്പെടുത്തിയ മുന്‍ സി ഐ എ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡെന് അഭയം നല്‍കിയ റഷ്യയുടെ തീരുമാനത്തില്‍ ശക്തമായ പ്രതിഷേധവുമായി അമേരിക്ക രംഗത്ത്. സ്‌നോഡെനെ കൈമാറാനുള്ള വ്യക്തമായ രേഖകളും നിയമങ്ങളും ഉണ്ടായരിക്കെ അദ്ദേഹത്തിന് അഭയം നല്‍കാന്‍ റഷ്യ തീരുമാനിച്ചത് ദുഃഖകരമാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജേ കാര്‍നി വ്യക്തമാക്കി.
മോസ്‌കോയിലെ വിമാനത്താവളത്തില്‍ കഴിയുകയായിരുന്ന സ്‌നോഡെന് ഒരു വര്‍ഷത്തേക്ക് രാഷ്ട്രീയ അഭയം നല്‍കാന്‍ റഷ്യ തീരുമാനിച്ചതിനോടുള്ള അമേരിക്കയുടെ ആദ്യത്തെ ഔദ്യോഗിക പ്രതികരണമാണ് ജോണ്‍ കാര്‍നിയുടെത്. തുടര്‍ ദിവസങ്ങളില്‍ ഒബാമ ഭരണകൂടം ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും ഇത് റഷ്യയുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സ്‌നോഡെന് അഭയം നല്‍കിയതുമായി ബന്ധപ്പെട്ട് അമേരിക്കക്ക് ഇതുവരെ റഷ്യ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. രാജ്യത്തിന്റെ നിര്‍ണായക വിവരങ്ങളും രേഖകളും മോഷ്ടിക്കുകയും വെളിപ്പെടുത്തുകയും ചെയ്ത രാജ്യദ്രോഹ കുറ്റവാളിയാണ് സ്‌നോഡെനെന്നും അയാള്‍ക്കെതിരെ മൂന്ന് ഗുരുതരമായ കുറ്റങ്ങള്‍ നിലവിലുണ്ടെന്നും കാര്‍നി കൂട്ടിച്ചേര്‍ത്തു.
‘അമേരിക്കയുമായുള്ള ദീര്‍ഘകാലത്തെ ബന്ധമാണ് സ്‌നോഡെന് അഭയം നല്‍കുന്നതിലൂടെ റഷ്യ തകര്‍ത്തത്. ഇതിന് റഷ്യ കനത്ത വില നല്‍കേണ്ടി വരും’ കാര്‍നി മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ തീരുമാനം പ്രതിഷേധമര്‍ഹിക്കുന്നതാണെന്നും റഷ്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടയില്‍ ഒബാമ പങ്കെടുക്കുന്ന വിഷയത്തില്‍ ഒരു വീണ്ടുവിചാരം വേണ്ടിവരുമെന്നും ഡെമോക്രാറ്റിക് സെനറ്ററും ഒബാമയുടെ അടുത്ത അനുയായിയുമായ ചക് സ്‌കമെര്‍ വ്യക്തമാക്കി.
സ്വദേശികളുടെയും വിദേശികളുടെയും ഫോണ്‍, ഇന്റര്‍നെറ്റ് വിവരങ്ങള്‍ യു എസ് ഉദ്യോഗസ്ഥര്‍ വ്യാപകമായി ചോര്‍ത്തുന്നുവെന്ന് ജൂണ്‍ അഞ്ചിനാണ് സ്‌നോഡന്‍ വെളിപ്പെടുത്തിയത്. യു എസ് ഉദ്യോഗസ്ഥരെ ഭയന്ന് ഹോംഗ്‌കോംഗില്‍വെച്ചായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പിന്നീട് റഷ്യയിലേക്ക് പോയ സ്‌നോഡെന്‍ ആഴ്ചകളോളം മോസ്‌കോയിലെ വിമാനത്താവളത്തിലായിരുന്നു. സ്‌നോഡെന് അഭയം നല്‍കാന്‍ വെനിസ്വേല, ബൊളീവിയ അടക്കമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ തയ്യാറായിരുന്നു.