Connect with us

National

സരബ്ജിതിന്റെ മകളെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമിച്ചു

Published

|

Last Updated

ജലന്തര്‍: ലാഹോര്‍ ജയിലില്‍ സഹതടവുകാരന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ തടവുകാരന്‍ സരബ്ജിത് സിംഗിന്റെ മകള്‍ സ്വപന്‍ദീപ് കൗറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമിച്ചു. കഴിഞ്ഞ മെയ് മാസത്തിലാണ് സരബ്ജിത് സിംഗ് കൊലചെയ്യപ്പെട്ടത്. റവന്യു വകുപ്പില്‍ നായിബ് തഹസില്‍ദാര്‍ ആയാണ് 25കാരിയായ സ്വപന്‍ദീപ് കൗറിനെ നിയമിച്ചത്. ഇന്ത്യക്കാരനായിപ്പോയതിന്റെ പേരില്‍ പാക്കിസ്ഥാന്‍ ജയിലില്‍ ഏറെ സഹിച്ച സരബ്ജിത് സിംഗ് രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിക്കുകയായിരുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ പറഞ്ഞു. സരബ്ജിത് സിംഗിന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് പഞ്ചാബ് സര്‍ക്കാര്‍ ഒരു കോടി രൂപ ധനസഹായം അനുവദിച്ചിരുന്നു. സരബ്ജിത് സിംഗിന്റെ രണ്ടാമത്തെ മകളെ സ്‌കൂള്‍ അധ്യാപികയായി നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ ഏപ്രില്‍ 26ന് ലാഹോറിലെ കോട് ലഖ്പത് ജയിലില്‍, സഹതടവുകാരന്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍കൊണ്ട് ആക്രമിച്ചതില്‍ സരബ്ജിത് സിംഗിന് മാരകമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ലാഹോറിലെ ജിന്ന ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മെയ് രണ്ടിന് അദ്ദേഹം മരിച്ചു. 1990 ആഗസ്റ്റിലാണ് സരബ്ജിത് സിംഗിനെ പാക്കിസ്ഥാനില്‍ അറസ്റ്റ് ചെയ്തത്. സരബ്ജിത് ഇന്ത്യക്ക് വേണ്ടി ചാരവൃത്തി നടത്തി എന്നാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്. 14 പേരുടെ മരണത്തിന് ഇടയാക്കി ലാഹോറിലും ഫൈസാബാദിലും നടന്ന ബോംബ് സ്‌ഫോടനങ്ങള്‍ക്ക് സരബ്ജിത് ഉത്തരവാദിയാണെന്നും പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു.

Latest