യു പി അസി. കലക്ടറുടെ സസ്‌പെന്‍ഷന്‍: എസ് പി നേതാവിന്റെ പരാമര്‍ശം വിവാദമാകുന്നു

Posted on: August 3, 2013 12:21 am | Last updated: August 3, 2013 at 12:21 am
SHARE

ലക്‌നോ: മണല്‍ മാഫിയക്കെതിരെ ശക്തമായ നിലപാടെടുത്ത അസിസ്റ്റന്റ് കലക്ടറെ സസ്‌പെന്‍ഡ് ചെയ്തത് വെറും നാല്‍പ്പത്തൊന്ന് മിനുട്ടിനകമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് നരേന്ദ്ര ഭാട്ടി. ഐ എ എസ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തത് മിനുട്ടുകള്‍ക്കകമെന്ന് ഭാട്ടി വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യമാണ് പുറത്തായിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ ഗൗതംബുദ്ധ് നഗര്‍ അസിസ്റ്റന്റ് കലക്ടര്‍ ദുര്‍ഗശക്തി നാഗ്പാലിനെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ പുറത്തു വന്ന വീഡിയോ ദൃശ്യം അഖിലേഷ് യാദവ് മന്ത്രിസഭയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ദുര്‍ഗാശക്തി നാഗ്പാല്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം ഗൗതം ബുദ്ധ് നഗറില്‍ നടന്ന റാലിയിലാണ് ഭാട്ടി വിവാദ പരാമര്‍ശം നടത്തിയത്. ‘മുലായം സിംഗ് യാദവിനോടും അഖിലേഷ് യാദവിനോടും ഞാന്‍ 10.30ന് വിഷയം സംസാരിച്ചു. 11.11ന് സ്‌പെന്‍ഷന്‍ ഉത്തരവ് വന്നു. 41 മിനുട്ട് മാത്രമേ അവര്‍ക്ക് സ്ഥാനത്തിരിക്കാനായുള്ളൂ. അതേ അവര്‍ അര്‍ഹിക്കുന്നുള്ളൂ. കാരണം അവരുടെ പെരുമാറ്റം അത്രക്ക് മോശമായിരുന്നു’- മാധ്യമങ്ങള്‍ പുറത്തു വിട്ട വീഡിയോയില്‍ നരേന്ദ്ര ഭാട്ടി പറയുന്നു. യു പി അഗ്രോ ചെയര്‍മാനാണ് ഭാട്ടി. അദ്ദേഹത്തിന് കാബിനറ്റ് പദവിയുണ്ട്. അതേസമയം, മാധ്യമങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്ന് ഭാട്ടി വിശദീകരിച്ചു. ജനാധിപത്യത്തിന്റെ വിജയമെന്ന നിലയിലാണ് താന്‍ സംസാരിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
അതിനിടെ, ബി ജെ പി മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗാഡ്കരി അടക്കമുള്ളവര്‍ സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശവുമായി രംഗത്ത് വന്നു. ശരിയായി ഔദ്യോഗിക ചുമതല നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ പ്രതികാരബുദ്ധിയോടെ പെരുമാറുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബി എസ് പിയും വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള പുറപ്പാടിലാണ്. 2009 ബാച്ചിലെ ഐ എ എസ് ഉദ്യോഗസ്ഥയാണ് ദുര്‍ഗ. എസ് ഡി എം ആയി നിയോഗിക്കപ്പെട്ട ശേഷം മണല്‍ മാഫിയക്കെതിരെ അവര്‍ കൈക്കൊണ്ട നടപടികള്‍ക്ക് വന്‍ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരുന്നു. വന്‍കിട ലോബി സര്‍ക്കാര്‍ തലത്തില്‍ നടത്തിയ ഇടപെടലാണ് അവരുടെ സസ്‌പെന്‍ഷനില്‍ കലാശിച്ചതെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. 10 മാസത്തേക്കാണ് സസ്‌പെന്‍ഷന്‍.
എന്നാല്‍, മുന്നറിയിപ്പില്ലാതെ മുസ്‌ലിം പള്ളിയുടെ മതില്‍ പൊളിച്ച നടപടിയിലാണ് സസ്‌പെന്‍ഷനെന്നും മണല്‍ മാഫിയക്കനുകൂലമാണ് സംസ്ഥാന സര്‍ക്കാറെന്ന പ്രചാരണം രാഷ്ട്രീയപ്രേരിതമാണെന്നും മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു.